മൊഹാലി: ലോകകപ്പ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഇന്നു നടക്കുന്ന ഇന്ത്യ, ഓസ്ട്രേലിയ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ സെമി ഫൈനലില്‍ എത്തും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം.
ഓസ്ട്രേലിയയ്ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും മൊഹാലിയില്‍ ഇറങ്ങുന്നത്. തോല്‍വിയോ, സമനിലയോ ആയാല്‍ പോലും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അവസാനമാകും. അതിനാല്‍ തന്നെ കൈയും മെയും മറന്നുളള പോരാട്ടത്തിനായാകും ടീം ഇന്ത്യ പാഡണിയുക.
സമാന അവസ്ഥയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് ഘട്ടത്തിലെ കലാശക്കളിയ്ക്ക് ഇറങ്ങുക. ന്യൂസിലാന്‍ഡിനെതിരെ ഇരുവരും പരാജയപ്പെട്ടപ്പോള്‍, പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരെ ജയം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും ഫോമിലേക്കുയര്ന്നിട്ടില്ലെങ്കും, ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കിയേക്കും. ഇന്ത്യന്‍ ബാറ്റിംഗ് പ്രതീക്ഷകളെല്ലാം വിരാട് കോഹ് ലിയിലാണ്. മധ്യനിരയില്‍ ക്യാപ്റ്റനൊപ്പം, ഫോമിലേക്കുയര്‍ന്നാല്‍ റെയ്നയും, യുവരാജും കരുത്താകും.
ബോളിംഗില്‍ അശ്വിന്റേയും, ജഡേജയുടേയും സ്പിന്‍ കുരുക്കില്‍ കങ്കാരുക്കളെ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് ധോണി. കൂടാതെ ബൂമ്ര, നെഹ് റ എന്നിവരും ഫോമിലാണ്.
മറുവശത്ത് ഇന്ത്യയുടെ അതേ അവസ്ഥയില്‍ തന്നെയാണ് ഓസ്ട്രേലിയയും. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. അതിനാല്‍ സന്ദര്‍ശകര്‍ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്തും. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുന്നില്‍ നിന്നും നയിക്കുമ്പോള്‍, ബോളിംഗില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റെടുത്ത ജയിംസ് ഫോക്്നറിലാണ് പ്രതീക്ഷ.
സെമി ഫൈനലിലേക്ക് ശേഷിക്കുന്ന ഒരു ടിക്കറ്റിനായി ഇന്ത്യയും, ഓസ്ട്രേലിയയും ഇറങ്ങുമ്പോള്‍ മൊഹാലിയില്‍ തീപാറും.