ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടതോടെയാണ് ലോകകപ്പ് ട്വന്‍റി-20യിൽ നിന്നും ഇന്ത്യയ്‌ക്ക് പുറത്തേക്കുളള വഴി തുറന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യവാനായ ക്യാപ്റ്റൻ എന്നാണ് ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി അറിയപ്പെടുന്നത്. എന്നാൽ ഇന്നലെ ഈ ഭാഗ്യം ക്യാപ്റ്റനേയും, ഇന്ത്യയേയും തുണച്ചില്ല.
ടോസ് നിർണ്ണായകമായ മത്സരത്തിൽ ഭാഗ്യം വെസ്റ്റിന്‍റീസ് ക്യാപ്റ്റൻ ഡാരൻ സമിയ്‌ക്കൊപ്പമായിരുന്നു. ടോസ് ജയിച്ച സമി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റ്സ്മാൻമാർ പൊരുതാവുന്ന സ്കോർ സമ്മാനിച്ചെങ്കിലും ബൗളർമാർ കളി കൈവിട്ടു. വെസ്റ്റിന്‍റീസിന്‍റെ വിജയ ശില്പി ലെൺഡൽ സിമ്മൺസിന് ഇന്ത്യ നല്കിയത് മൂന്ന് അവസരങ്ങൾ. വ്യക്തിഗത സ്കോർ 18ൽ നിൽക്കെ മികച്ച ഒരു ക്യാച്ചിലൂടെ ബൂമ്ര സിമ്മൺസിനെ പുറത്താക്കിയെങ്കിലും, അന്പയർ നോബോൾ വിളിച്ചു.
തുടർന്ന് സിമ്മൺസ് കത്തിക്കയറുന്നതിനിടെ ഹർദിക് പാണ്ഡ്യ, വെസ്റ്റിന്‍റീസ് താരത്തെ എക്സ്ട്രാ കവറിൽ അശ്വിന്‍റെ കൈകളിലെത്തിച്ചു. പക്ഷേ വിധി വീണ്ടും ഇന്ത്യയ്‌ക്കതിരെ. ഒടുവിൽ അസാധ്യമെന്നു തോന്നിച്ച ഒരു ക്യാച്ചിലൂടെ കോഹ് ലി, ജഡേജ സഖ്യം സിമ്മൺസിനെ പിടികൂടിയെങ്കിലും, തേർഡ് അമ്പയറുടെ കനിവ് കിട്ടിയത് കരീബിയൻസിന്. നിരവധി തവണ എഡ്ജ് എടുത്ത പന്തുകൾ ഇന്ത്യൻ ഫീൽഡർമാരുടെ തലയ്‌ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായുന്നതും, ആരാധകർക്ക് നോക്കി നിൽക്കേണ്ടി വന്നു.