കൊൽക്കത്ത: ട്വന്‍റി-20 ലോകകപ്പ് കിരീടം വെസ്‍റ്റ് ഇന്‍റീസിന്. കൊൽക്കത്തയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. വിൻഡീസിന്‍റെ മർലോൺ സാമുവൽസ് കളിയിലേയും, ഇന്ത്യൻ ഉപനായകൻ വിരാട് കോഹ് ലി പരന്പരയുടേയും താരമായി.
കൈയെത്തും ദൂരത്തു നിന്നാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ട്വന്‍റി-20 ലോകകപ്പ് കൈവിട്ടത്. അവസാന ഓവറിൽ വെസ്റ്റ് ഇന്‍റീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. പക്ഷേ അവാസാന ഓവർ ബോൾ ചെയ്യാനെത്തിയ ഇംഗ്ലണ്ട് പേസർ ബെൻ സ്റ്റോക്സിന്‍റെ കണക്കുക്കൂട്ടലുകൾ, ബ്രാത്ത്‍വെറ്റ് തെറ്റിച്ചു. തുടർച്ചയായി നാലു തവണ സ്റ്റോക്സിനെ സിക്സർ പറത്തി ബ്രാത്ത്‍വെറ്റ് കരീബിയൻസിന് രണ്ടാം ട്വന്‍റി-20 കിരീടം നേടിക്കൊടുത്തു.
ഇംഗ്ലണ്ട് ഉയർത്തിയ 156 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ മർലോൺ സാമുവൽസ് ക്രീസിലെത്തിയതോടെ കളി മാറി. സാമുവൽസ് 66 പന്തിൽ 85 റൺസ് നേടി.
നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വലിയ കൂട്ടുക്കെട്ടുകൾ ഉയർത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ട്ടമായ ഇംഗ്ലണ്ടിനായി ജോ റൂട്ടും, ജോസ് ബട്‍ലറും നടത്തിയ പോരാട്ടമാണ് 150 കടത്തിയത്.
വനിതകൾക്കൊപ്പം, പുരുഷൻമാരും ട്വന്‍റി-20 ലോകകപ്പ് ഉയർത്തിയതോടെ, അപൂർവ്വ നേട്ടമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് സ്വന്തമാക്കിയത്.















