NewsIcons

വിമോചന നായകൻ -ജ്യോതിറാവു ഫൂലെ

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടി പോരാടുകയും അവരെ അറിവിന്റെ ലോകത്തേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്ത വിപ്ലവകാരി ജോതിറാവു ഗോവിന്ദറാവു ഫൂലെയുടെ 189-)0 ജന്മവാർഷിക ദിനമാണിന്ന് . സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, തത്ത്വജ്ഞാനി എന്നീ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഭാരതത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുകയും, ജാതിവ്യവസ്ഥക്കെതിരെ പോരാടാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു ഫൂലെ.

ഗോവിന്ദറാവുവിന്റെയും ചിന്മനാഭായിയുടെയും മകനായി പൂനായിലെ ഖാൻവാഡി വില്ലേജിൽ 1827 ഏപ്രിൽ 11-നാണ് ജ്യോതിറാവുവിന്റെ ജനനം .. ജ്യോതിയ്ക്ക് ഒരുവയസ്സാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മാതാവ് നിര്യാതയായി.മാലിസ് എന്ന പിന്നാക്ക ജാതിയിൽപ്പെട്ട കല്പി വിഭാഗക്കാരായിരുന്നു ഫൂലെയുടെ കുടുംബം. .മറ്റുള്ളവർ അവരെ ശൂദ്രവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പേഷ്വാമാരുടെ വീടുകളിൽ പൂക്കളെത്തിച്ചു കൊടുക്കേണ്ട ചുമതലയും ജ്യോതിറാവുവിന്റെ കുടുംബത്തിനായിരുന്നു .ജ്യോതിയുടെ പിതാവ് അവനെ കൃഷിപ്പണിയിലേക്കു തിരിച്ചു വിടാനാണ് ആഗ്രഹിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിമൂന്നാം വയസ്സിൽ ആചാരപ്രകാരം ജ്യോതിയുടെ വിവാഹവും നടന്നു. പക്ഷെ പലരിൽ നിന്നും ജ്യോതിറാവുവിന്റെ കഴിവുകളെ കുറിച്ചറിഞ്ഞ പിതാവ് അവനെ വീണ്ടും പഠനത്തിനയച്ചു.അങ്ങനെ പൂനെയിലെ ഒരു സ്കോട്ടിഷ് ക്രൈസ്തവ മിഷൻ ഹൈസ്ക്കൂളിൽ ജ്യോതിറാവു തുടർപഠനത്തിനു ചേർന്നു. 1847-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിതാവിന്റെ കൂടെ കൃഷിപ്പണിയിൽ ഏർപ്പെട്ടു.

സമൂഹത്തിനുവേണ്ടി ജീവിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു . ഒരിക്കൽ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കവേ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകേണ്ടി വന്നു. അവരുടെ അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാവർക്കും അക്ഷരാഭ്യാസം വേണമെന്ന് ശഠിച്ചു. സ്വന്തം ഭാര്യക്കുതന്നെ വിദ്യ അഭ്യസിപ്പിച്ചുകൊണ്ട് ജ്യോതിറാവു അക്ഷരനിഷേധത്തിനെതിരെ സമരം കുറിച്ചു. ബ്രാഹ്മണസമൂഹത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല .സ്ത്രീകൾക്കെന്തിനാണ് വിദ്യാഭ്യാസം എന്നായിരുന്നു അവരുടെ ചോദ്യം. അതിനെതിരെയായിരുന്നു ജ്യോതിറാവുവിന്റെ സമരം.

ഭാരതത്തിന്റെ നവോത്ഥാനത്തിനായി നിലവിൽ വന്ന എല്ലാ സംഘടനകളും അന്ന് സവർണ്ണർക്കു വേണ്ടി മാത്രമാണ് നിലകൊണ്ടത്. അത്തരം സംഘടനകളോടൊക്കെ ജ്യോതിറാവുവിന് എതിർപ്പ് മാത്രമാണ് ഉണ്ടായിരുന്നത് . വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങനെ 1848-ൽ അവർണ്ണർക്കും സവർണ്ണർക്കും ഒരുപോലെ പ്രവേശനം നൽകി കൊണ്ട് പെണ്‍കുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാലയത്തിനു തുടക്കം കുറിച്ചു .പലരും ഇതിനെ എതിർക്കുകയും പല പ്രതിസന്ധികളും നേരിടേണ്ടിയും വന്നു. അതിനെയെല്ലാം മറികടന്നു ജ്യോതിറാവു 1851ൽ രാസ്താപെട്ടിലും, 1859-ൽ വിഠൽപേട്ടിലും സ്കൂളുകൾ സ്ഥാപിച്ചു.
അവിഹിതബന്ധത്താൽ ജനിക്കുന്ന കുട്ടികളെ കൊല്ലുകയോ തെരുവിലെറിയുകയോ ചെയ്തിരുന്ന കാലഘട്ടമായിരുന്നു അന്നത്തേത് . ഇതിനൊരു പരിഹാരമായി അദ്ദേഹം ഒരു അനാഥാലയത്തിനു രൂപം കൊടുത്തു . കീഴ്ജീവനക്കാരെ ചൂഷണംചെയ്യുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്

1876-ൽ ജ്യോതിറാവുവിനെ പൂനെ മുന്സിപ്പൽ കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് .പത്ര പ്രവർത്തക രംഗത്തും കഴിവു തെളിയിച്ച അദ്ദേഹം 1879-ൽ കൃഷ്ണറാവുബാലേക്കർ ദീനബന്ധു എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. പത്രങ്ങൾക്ക് എതിരെ നിയമംകൊണ്ടുവന്ന ലിറ്റണ്‍ പ്രഭുവിന്റെ പത്രനയത്തെ ജ്യോതിറാവു ഒരിക്കൽ വിമർശിക്കുകയും ചെയ്തു .ബാലവിവാഹത്തെ എതിർക്കുകയും വിവാഹാഘോഷങ്ങളിൽ ആർഭാടം ഒഴിവാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട് .സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരെ പുസ്തകങ്ങളും അദ്ദേഹം എഴുതി. ‘അടിമത്തം’ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട കൃതിയാണ് .

ഭാരതത്തിൽ ഒരു മഹാത്മാവുണ്ടെങ്കിൽ അത് മഹാത്മാജ്യോതിറാവു ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി. .ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചവർ കൂടിയാണ് .1890-നവംബർ 28-തിയതി മഹാത്മ ജ്യോതിറാവു ഫൂലെ 64-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.ഭാരതീയ ദളിത് സാഹിത്യ അക്കാദമി എന്ന പേരിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ നിലവിലുള്ളത്.രാഷ്ട്രീയ സ്വയം സേവക സംഘം ഭാരതത്തിലെ മഹാന്മാരെ സ്മരിച്ചു കൊണ്ട് ചൊല്ലുന്ന ഏകാത്മതാ സ്തോത്രത്തിlലും ജ്യോതിറാവു ഫൂലെയെ ഉൾപ്പെടുത്തിയിട്ടുണ്ട് .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close