IconsSpecial

ചിത്രമെഴുത്തിന്റെ കുലപതി

‘ചിത്രമെഴുത്തു കോയിത്തമ്പുരാൻ’ എന്നു ഖ്യാതി കേട്ട രാജാ രവിവർമ്മയുടെ ജന്മദിനമാണ് ഏപ്രിൽ 29. ഭാരതീയചിത്രകലാപാരമ്പര്യത്തിന്റെ ദീപ്തമായ മുഖം എന്നതിലുപരി, വിശ്വോത്തരമായ രചനാസങ്കേതങ്ങളെല്ലാം സമന്വയിപ്പിച്ച അത്ഭുതാവഹങ്ങളായ അനേകം ചിത്രങ്ങളിലൂടെ ഇന്നും ലോക ചിത്രകലാസ്വാദകരുടെ മനസ്സിൽ പകരം വയ്ക്കാനില്ലാത്ത സ്ഥാനം തന്നെയാണ് രാജാ രവിവർമ്മയ്ക്കുളളത്. ജീവസ്സുറ്റ ചിത്രങ്ങൾ; അവയുടെ ശരീരഘടനയിലും, ഭാവസംവേദനത്തിലും വേറിട്ട ഒരു തലം തന്നെ ആസ്വാദകർക്കു സമ്മാനിക്കുന്നു.

ഭാരതീയമായ വേഷവിധാനങ്ങളെയും, സാംസ്കാരിക വൈവിദ്ധ്യങ്ങളെയും തന്റെ ചിത്രങ്ങളിലൂടെ ലോകാന്തരങ്ങളിലെത്തിച്ച പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. രാജാക്കന്മാരിലെ ചിത്രകാരനെന്നും, ചിത്രകാരന്മാർക്കിടയിലെ രാജാവെന്നും വിശേഷിപ്പിക്കാറുണ്ട് രാജാ രവിവർമ്മയെ.

എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും, ഉമാ അംബാഭായിത്തമ്പുരാട്ടിയുടെയും മകനായി, തിരുവനന്തപുരത്തിനു സമീപത്തുളള,  കിളിമാനൂർ കൊട്ടാരത്തിൽ 1848 ഏപ്രിൽ 29നാണ് രാജാ രവിവർമ്മ ജനിക്കുന്നത്. കേവലം മൂന്നു വയസ്സായപ്പോൾ തന്നെ കൊട്ടാരച്ചുവരുകളെ ചിത്രങ്ങൾ കൊണ്ടു നിറച്ചു കൊച്ചു തമ്പുരാൻ. കരിക്കട്ട കൊണ്ടു കോറിയിട്ട ആ ചിത്രങ്ങളിലെ സർഗ്ഗസാന്നിദ്ധ്യം തിരിച്ചറിഞ്ഞ അമ്മാവനും, സ്വതിതിരുനാൾ മഹാരാജാവിന്റെ സദസ്സിലെ ആസ്ഥാന ചിത്രകാരനുമായിരുന്ന രാജരാജവർമ്മ അദ്ദേഹത്തെ ചിത്രകല പഠിപ്പിക്കാൻ ആരംഭിച്ചു. പ്രകൃതിയും, ജീവിതവും അങ്ങനെ കണ്ണിൽ പെടുന്നതെല്ലാം കാൻവാസിൽ പകർത്താനുളള   അപാരമായ സർഗ്ഗവിശേഷം പ്രകടമാക്കിയ രവിവർമ്മ കഥകളിയിലും, കഥകളിയുടെ ചുട്ടി കുത്തൽ തുടങ്ങിയ അനുബന്ധ കലാരൂപങ്ങളിലുമെല്ലാം ആകൃഷ്ടനായിരുന്നു.

Sree Chithra Art Gallery

യൗവ്വനത്തിൽ, സ്വാതിതിരുനാൾ മഹാരാജാവ് നാടു നീങ്ങിയതിനു ശേഷം സ്ഥാനമേറ്റ ആയില്യം തിരുനാൾ മഹാരാജാവിന്റെ കൽപനപ്രകാരം തിരുവനന്തപുരത്തു താമസിച്ച് തന്റെ ചിത്രകലാ പഠനം തുടർന്നു. എണ്ണച്ചായം ഉപയോഗിക്കുന്നതിലും, പുതിയ സാങ്കേതികതകളിലും അദ്ദേഹം ഇക്കാലത്ത് പ്രാവീണ്യം നേടി. ഇക്കാലഘട്ടത്തിലാണ് തഞ്ചാവൂർ ചിത്രരചനാസങ്കേതങ്ങൾ അദ്ദേഹം പരിചയിക്കുന്നത്. ഒപ്പം, സ്വദേശത്തും, വിദേശത്തും ലഭ്യമായ ചിത്രരചനയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ പഠിക്കാനും അദ്ദേഹത്തിന് ഇക്കാലത്ത് അവസരമൊരുങ്ങി.

അക്കാലത്തെ ഏക എണ്ണച്ചായചിത്രകാരനായിരുന്ന മധുര സ്വദേശി രാമസ്വാമിനായ്ക്കർ, എണ്ണച്ചായം ഉപയോഗിച്ചുളള   ചിത്രരചനാസങ്കേതത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാൻ വിമുഖത കാട്ടിയത് രവിവർമ്മയിൽ മത്സരബുദ്ധിയുണ്ടാക്കുകയും, തുടർന്ന് ലഭ്യമായ എണ്ണച്ചായചിത്രങ്ങൾ നോക്കി, അദ്ദേഹം സ്വയം അത് അഭ്യസിക്കുകയും ചെയ്തു. ദർശനമാത്രയിൽ, ഏതൊരു ചിത്രത്തിന്റെയും ശൈലിയും സാങ്കേതികവശവും മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞിരുന്ന രാജാ രവിവർമ്മയ്ക്ക് സഹായവും പ്രോത്സാഹനവുമായി മറ്റൊരു ചിത്രകാരനായ അറുമുഖം പിളളയുമുണ്ടായിരുന്നു.

രാജാരവിവർമ്മയുടെ താമസസ്ഥലത്തിന്റെ പേരായിരുന്നു മൂടത്തു മഠം. “മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം“ എന്ന്, രവിവർമ്മ വരച്ചു സൂക്ഷിച്ചിരുന്ന ചിത്രങ്ങളെക്കുറിച്ച് സാമാന്യജനം അക്കാലത്ത് പറയുമായിരുന്നു.

raja_ravi_varma_oleograph_

സ്ത്രീസൗന്ദര്യത്തിന്റെ ആവിഷ്കരണത്തിൽ രവിവർമ്മ ചിത്രങ്ങൾ പുലർത്തിയ മിഴിവും, അഴകും, പ്രൗഢിയും സമാനതകളില്ലാത്തതാണ്. അച്ഛൻ വരുന്നു, ദർഭമുന കൊണ്ട ശകുന്തള, ഹംസത്തോട് നളനെപ്പറ്റി തിരക്കുന്ന ദമയന്തി, ശകുന്തള, ദത്താത്രേയൻ, പാൽക്കുടമേന്തിയ ഉത്തരേന്ത്യൻ കന്യക തുടങ്ങിയ ചിത്രങ്ങൾ വിശ്വപ്രസിദ്ധങ്ങളാണ്.

ഹൈന്ദവപുരാണങ്ങളിലെ പല കഥാപാത്രങ്ങൾക്കും, ദേവതാസങ്കൽപ്പങ്ങൾക്കും രൂപലാവണ്യം പകർന്നത് രവിവർമ്മയാണ്. ഇന്നും പല കൃസ്ത്യൻ പളളികളിലും കാണപ്പെടുന്ന പരുമല മാർ ഗ്രിഗോറിയോസിന്റെ പ്രശസ്ത ചിത്രവും ജീവസ്സുറ്റ രീതിയിൽ വരച്ച് അനശ്വരമാക്കിയത് രാജാ രവിവർമ്മയാണ്.

അച്ഛൻ വരുന്നു എന്ന ചിത്രത്തിൽ, അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കണ്ണിലെ കൃഷ്ണമണിയിൽ, പടി കടന്നെത്തുന്ന അച്ഛന്റെ രൂപം പ്രതിഫലിക്കുന്നതു കാണാം. ഇത്, ഒരു ചിത്രകാരന്റെ സസൂക്ഷ്മമായ നിരീക്ഷണത്തിന്റെയും, ഭാവനയുടെയും, ഒരു വസ്തുതയുടെ അഥവാ സംഭവത്തിന്റെ വിശദാംശങ്ങളെ ആവിഷ്കരിച്ച് അതിനു സമഗ്രത വരുത്താനുളള   അപാരമായ കഴിവിന്റെയും എടുത്തു പറയാൻ കഴിയുന്ന ഉദാഹരണമാണ്.

അക്കാലത്ത്, ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ, അതതു നാട്ടുരാജാക്കന്മാരുടെ ആതിഥ്യം സ്വീകരിച്ച് അവിടങ്ങളിലെല്ലാം താമസിച്ച് ചിത്രങ്ങൾ വരച്ചിരുന്നു രവിവർമ്മ. ഇതിൽ, ബറോഡ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ചിത്രകാരൻ എന്ന നിലയിൽ ലഭിച്ച പ്രത്യേക ആതിഥ്യം എടുത്തു പറയത്തക്കതാണ്. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഒരു ബഹുമതിയെന്നു തന്നെ ഇതിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. അക്കാലങ്ങളിൽ, രവിവർമ്മയ്ക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടി മാത്രം കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം ആരംഭിക്കേണ്ടതായി വന്നു എന്നു പറയുമ്പോൾ തന്നെ അദ്ദേഹം കൈവരിച്ചിരുന്ന ഖ്യാതി എത്ര വലുതാണെന്ന് ഊഹിക്കാം.

ചിക്കാഗോയിൽ ഭാരതം നേടിയ രണ്ടു വിജയങ്ങളിൽ ഒന്നായി രാജാ രവിവർമ്മയുടെ ചിത്രങ്ങളെ വിശേഷിപ്പിക്കാം. ആദ്യ വിജയം സ്വാമി വിവേകാനന്ദന്റെ വിശ്വവിഖ്യാതമായ വാഗ്ധോരണിയായിരുന്നെങ്കിൽ, രണ്ടാമത്തെ വിജയം അവിടത്തെ ആസ്വാദകഹൃദയങ്ങളിൽ പതിഞ്ഞ രാജാ രവിവർമ്മയുടെ ചിത്രങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അംഗീകാരങ്ങളും, ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

സൂക്ഷ്മമായ കാര്യങ്ങളിൽ പോലും, രചനാസങ്കേതത്തിന്റെ പരിമിതികളെ അതിജീവിച്ചു നിൽക്കുന്ന ഭാവനാവിലാസവും, സർഗ്ഗസാന്നിദ്ധ്യവും കൊണ്ട് തന്റെ കൈമുദ്ര പതിപ്പിച്ചിരുന്ന രവിവർമ്മ ചിത്രങ്ങളെക്കുറിച്ച്, ചലച്ചിത്രവും, ഡോക്യുമെന്ററികളും, പഠനങ്ങളും, ചലച്ചിത്ര ഗാനങ്ങൾ പോലുമുണ്ടായി.

1904ൽ അനുജൻ രാജരാജവർമ്മയുടെ അന്ത്യത്തോടു കൂടി മാനസികമായി അദ്ദേഹം ക്ഷീണാവസ്ഥയിലായി. 1906 സെപ്റ്റംബറിൽ പ്രമേഹബാധയെത്തുടർന്ന് രാജാ രവിവർമ്മ രോഗശയ്യയിലായ വാർത്ത ഭാരതത്തിലെയും, വിദേശങ്ങളിലെയും വർത്തമാനപ്പത്രങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആരാധകരും, സുഹൃത്തുക്കളും അദ്ദേഹത്തെ കാണുവാനെത്തി. 1906 ഒക്ടോബർ രണ്ടിന് അസംഖ്യം ജീവൻ തുടിക്കുന്ന അനശ്വര ചിത്രങ്ങളെ ഈ മണ്ണിലവശേഷിപ്പിച്ച് ആ അതുല്യ ചിത്രകാരൻ ഈ മണ്ണിനോടു വിട പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close