മലപ്പുറം: കേരള സംസ്ഥാനം രൂപം കൊണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ദളിത് വിഭാഗങ്ങളുടെ സ്ഥിതി ഇന്നും പഴയതിനേക്കാള്‍ കഷ്ടമാണ്. മലപ്പുറം നിലമ്പൂരിലെ ചെമ്പ്ര കോളനിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ദയനീയ അവസ്ഥ കേരളത്തില്‍ സൊമാലിയയെക്കാള്‍ കഷ്ടതയനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുണ്ടെന്നതിന്റെ ഉദാഹരണമാണ്.
ചെറിയ പ്രായത്തില്‍ വന്ന രോഗവും പോഷകാഹാരക്കുറവുമാണ് മന്തന്റെയും മാതയുടെയും മകനായ ചെറിയ ചെല്ലനെ തളര്‍ത്തിക്കളഞ്ഞത്. ഇരുപത്തഞ്ച് വയസ് പ്രായമുള്ള ചെറിയ ചെല്ലന് വെറും അഞ്ച് വയസ്കാരന്റെ വളര്‍ച്ച മാത്രമെ ഉള്ളു. പ്രായമായ മാതാപിതാക്കളാകട്ടെ അസുഖങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമുള്ളതിനാല് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ആഹാരത്തിന് പോലും കഷ്ടതയനുഭവിക്കുകയാണിവര്.
സുഖമില്ലാത്ത മകനെയും കൊണ്ട് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ലാത്തതിനാല് മഴക്കാലം ഇവരെ പേടിപ്പെടുത്തുകയും ചെയ്യുന്നു. മാറിമാറി വന്ന സര്‍ക്കാരുകളുടെ അവഗണനയാണ് ഇവരുടെ ദയനീയവസ്ഥക്ക് കാരണം. കേരളത്തിലെ ദളിതുകളുടെ അവസ്ഥ സൊമാലിയേക്കാള് ദയനീയമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ശരിവെക്കുന്നതാണ് ഈ കാഴ്ച.