Special

വിപ്ലവത്തിന്റെ പ്രചാരകൻ

ഭാരതചരിത്രത്തിൽ, ഒരു വിപ്ലവചരിത്രത്തിന്റെ ഏടുണ്ടെങ്കിൽ, അതിനു തുടക്കം കുറിച്ച ആദ്യത്തെ വിപ്ലവകാരി വീരസവർക്കർ മാത്രമാണ്. ദേശീയതയിലടിയുറച്ച, കൃത്യവും, വ്യക്തവുമായ ലക്ഷ്യബോധത്തോടെ, ധർമ്മച്യുതി നേരിടാതെ അനുശീലിക്കുകയും, തുടരുകയും ചെയ്ത വിപ്ലവബോധമായിരുന്നു സവർക്കറുടേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്, അഹിംസാവാദിയായ മഹാത്മാഗാന്ധി പോലും, വിപ്ലവകാരിയായ ദേശസ്നേഹിയെന്ന് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1857 ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, കൈയ്യെഴുത്തു പ്രതി തയ്യാറായപ്പോൾ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി. ഭഗത്‌സിംഗും, നേതാജിയുമടക്കമുള്ള അന്നത്തെ വിപ്ലവത്തിന്റെ തീക്ഷ്ണമുഖങ്ങൾ സംഘടനാപ്രവർത്തനങ്ങൾക്കും, പഠനാവശ്യങ്ങൾക്കും വരെ ഉപയോഗിച്ച ഈ ഗ്രന്ഥത്തിലാണ്, വീരസവർക്കർ, ബ്രിട്ടീഷ് സർക്കാർ ശിപായിലഹളയെന്നു വിളിച്ച് അവഹേളിച്ച സ്വാന്തന്ത്ര്യദാഹികളുടെ ആദ്യ ശബ്ദത്തെ, ഒന്നാം സ്വാതന്ത്ര്യസമരമെന്നു വിളിച്ചാദരിച്ചതും, ആ സംഘബോധത്തിനും, സ്വാതന്ത്ര്യവാഞ്ഛയ്ക്കും ആദ്യ അംഗീകാരം നൽകിയതും.

82 വയസ്സു വരെ ജീവിച്ച അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തിലെ നീണ്ട 27 വർഷങ്ങൾ പല കാലങ്ങളിലായി, ജയിലിലും, വീട്ടു തടങ്കലും എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള തടവിലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇത്ര ദീർഘകാലം ജയിൽവാസമനുഭവിച്ച മറ്റൊരു ദേശീയനേതാവ് ഇല്ലെന്നു തന്നെ പറയാം.

1921ൽ ജയിൽമോചിതനാവുന്നതിനു വേണ്ടി, ഇനി സ്വാതന്ത്ര്യസമരത്തിൽ ചേർന്നു പ്രവർത്തിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാരിന് എഴുതി നൽകിയതിനെ ഭീരുത്വമെന്ന് അധിക്ഷേപിക്കുന്നവരുണ്ടിന്ന്. എന്നാൽ ഇന്നിന്റെ – സ്വാതന്ത്ര്യം എന്ന വിശാലതയുടെ എല്ലാ സുഖവും, സുഗന്ധവും അനുഭൂതിയും ആസ്വദിച്ചു കൊണ്ട് സ്വാതന്ത്ര്യത്തെ ദുഃസ്വാതന്ത്ര്യമായിക്കൂടി കയ്യേറിയനുഭവിക്കുന്നവരുടെ ബാലിശവും, ഉപരിപ്ലവവും, ജുഗുപ്സാവഹവുമായ ഇത്തരം അവഹേളനങ്ങൾക്കു മുൻപിൽ, തടവറയ്ക്കുള്ളിൽ തന്റെ മഹോന്നതമായ ലക്ഷ്യത്തെ ബലി കഴിക്കാതെ, വീണ്ടും തന്റെ പ്രവർത്തിപഥത്തിൽ തുടരുന്നതിനായി ചെയ്ത ആ മഹാവിപ്ലവകാരിയുടെ യുദ്ധതന്ത്രം എത്ര ഔന്നത്യത്തിലാണു നില കൊള്ളുന്നതെന്നും നിഷ്പക്ഷമതികൾക്ക് അനുഭവിച്ചറിയാൻ സാധിക്കും.

വീരസവർക്കറെപ്പോലെയുള്ള മഹാരഥന്മാർ ശിലാന്യാസം ചെയ്ത ദേശീയബോധവും, അവരുടെ ഇച്ഛാശക്തിയിൽ ഉരുവം കൊണ്ട സ്വാതന്ത്ര്യവും കാലാതിവർത്തിയായ ഭാരതത്തിന്റെ വിജയക്കുതിപ്പുകൾക്ക് അടിസ്ഥാനവും ആവേഗവുമാണ്. ഇന്നും…എന്നും…

5 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close