ന്യൂഡല്‍ഹി: ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. സമീപകാലത്തെ മോശം ഫോമാണ് സൂര്യക്ക് തിരിച്ചടിയായത്. ഫോമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്‍ അവസാനം വരെ സെലക്ഷന്‍ കമ്മിറ്റി താരത്തിന് സമയം അനുവദിച്ചിരുന്നുവെങ്കിലും നിരാശാജനകമായ പ്രകടനം തുടര്‍ന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ നീങ്ങിയത്. ക്യാപ്റ്റന്‍സി നഷ്ടമായതിന് പുറമെ വരുംദിവസങ്ങളില്‍ സൂര്യക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെ നഷ്ടമായേക്കുമെന്നാണ് സൂചനകള്‍.
സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യര്‍, യുവതാരം തിലക് വര്‍മ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാനമായും സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്താണ് ശ്രേയസ് അയ്യര്‍ക്ക് തുണയാകുന്നത്. എന്നാല്‍, ഭാവി മുന്‍നിര്‍ത്തി ദീര്‍ഘകാലത്തേക്ക് ഒരു ക്യാപ്റ്റനെ കണ്ടെത്തണമെന്ന വാദവുമായി ഒരു വിഭാഗം സെലക്ടര്‍മാര്‍ തിലക് വര്‍മയ്‌ക്കായി രംഗത്തുണ്ട്. നായകനെന്ന നിലയിലുള്ള തിലകിന്റെ മികവ് വിലയിരുത്തുന്നതിനായി ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിലവില്‍ നിയോഗിച്ചിട്ടുമുണ്ട്.
അതേസമയം, ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള ശ്രേയസ് അയ്യരുടെ മുന്‍കാല വിയോജിപ്പുകള്‍ നായകസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വഴിയില്‍ ചര്‍ച്ചയായേക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീര്‍ മെന്ററായിരുന്ന സമയത്ത് തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയസ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാലം കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കുള്ള സംശയമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.















