ന്യൂഡൽഹി : ഇന്ത്യക്കാർക്ക് ഐ എസിൽ ചേരാൻ ധനസഹായം നൽകിയെന്ന കേസിൽ കുവൈത്ത് സ്വദേശി പിടിയിലായി . ഇന്ത്യക്കാരായ നാല് യുവാക്കൾക്ക് ഐ എസിൽ ചേരുന്നതിന് ആയിരം ഡോളർ സഹായമായി നൽകിയ അബ്ദുള്ള അഹാദി അബ്ദുൾ റഹ്മാൻ അൽ എനേസി എന്നയാളാണ് അറസ്റ്റിലായത്.
ദേശീയ അന്വേഷണ ഏജൻസി കുവൈത്ത് സർക്കാരിന് നൽകിയ സൂചനയെത്തുടർന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ വർഷം അറസ്റ്റിലായ പനവേൽ സ്വദേശി ആരിഫ് മജീദാണ് നിർണായക വിവരങ്ങൾ എൻ ഐ എ യ്ക്ക് നൽകിയത്. തുടർന്ന് എൻ ഐ എ കുവൈത്ത് സർക്കാരുമായി ബന്ധപ്പെടുകയായിരുന്നു.
കുവൈത്ത് സർക്കാർ നടത്തിയ അന്വേഷണത്തിൽ ഐ എസിന്റെ ശൃംഖലയിലെ കണ്ണിയാണ് അബ്ദുള്ള ഹാദിയെന്ന് തെളിഞ്ഞു . തുടർന്നാണ് അറസ്റ്റുണ്ടായത് . ഇയാളെ ചോദ്യം ചെയ്യാൻ എൻ ഐ എ സംഘം കുവൈത്തിലേക്ക് പോകും.