മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കല്‍ ഒതുക്കുങ്ങലില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് ആക്രമിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഹനി അസീം എന്ന കുഞ്ഞിനാണ് ഗുരുതരമായി പരിക്കേറ്റത്.
പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സമീപത്തെത്തിയ തെരുവുനായ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന്റെ തല, മുഖം, ചെവി, കൈ എന്നിവിടങ്ങളില്‍ ഗുരുതരമായി കടിയേറ്റിട്ടുണ്ട്.
പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും കുഞ്ഞിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം പ്രദേശത്ത് വലിയ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയിരിക്കുകയാണ്.















