ഭോപ്പാല്‍: വിഘടനവാദ കാഴ്ചപ്പാട് വെടിഞ്ഞ് ഇന്ത്യ വിഭാവനം ചെയ്യുന്ന അളവറ്റ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ കശ്മീരിലെ ജനതയും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കുമുളള സ്വാതന്ത്ര്യം കശ്മീരിലെ ജനങ്ങള്‍ക്കും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ ഭാരതീയരും കശ്മീരിനെ സ്നേഹിക്കുന്നുണ്ട്. സമാധാനമാണ് കശ്മീര്‍ ആഗ്രഹിക്കുന്നത്. ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. വികസന പദ്ധതികളിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെറ്റിദ്ധരിക്കപ്പെട്ട കുറച്ച് ആളുകള്‍ മാത്രമാണ് കശ്മീരില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ലാപ്ടോപ് പിടിക്കേണ്ട അവിടുത്തെ കുട്ടികളുടെ കൈകളില്‍ കല്ലുകളാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോഴുളളവരില് അധികവും സ്വതന്ത്ര ഇന്ത്യയിലാണ് ജനിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് വെടിഞ്ഞില്ലെങ്കിലും രാജ്യത്തിന് വേണ്ടി ജീവിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയെന്ന മാര്‍ഗമുണ്ട്. കശ്മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്പേയി സഞ്ചരിച്ച പാതയിലൂടെയാണ് ഈ സര്‍ക്കാരും നീങ്ങുന്നത്. മെഹബൂബ മുഫ്തി സര്‍ക്കാരാണെങ്കിലും കേന്ദ്രസര്‍ക്കാരാണെങ്കിലും കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങളിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീര്‍ സ്വതന്ത്ര ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അവിടുത്തെ യുവാക്കളുടെ ശോഭനമായ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.