ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ വെസ്റ്റ് ചെസ്റ്ററിലെ അംഗത്വ പ്രചാരണ പരിപാടിക്ക് ഉജ്ജ്വല തുടക്കം. പ്രത്യേക ബൂത്ത് സജ്ജീകരിച്ചായിരുന്നു മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന് നടത്തിയത്.
സംഘടനയില്‍ ചേര്‍ന്ന് പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ഭാരതത്തിലെ വിവിധ വികസനോന്മുഖ പദ്ധതികളില്‍ പങ്കു ചേരാനും താല്പര്യം പ്രകടിപ്പിച്ചു വിവിധ തുറകളില്‍പെട്ട ആളുകള്‍ മുന്നോട്ടുവന്നതായി സംഘാടകര്‍ അറിയിച്ചു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വിവിധ കമ്മ്യൂണിറ്റി നേതാക്കളെ കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ റീവ ഗാംഗുലി ദാസ് തുടങ്ങിയവര്‍ ക്യാമ്പെയ്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ദേശീയ യൂത്ത് കണ്‍വീനര്‍ ഹാരി സേഥി, ദീപ് ഭട്ട്, ദേശീയ സോഷ്യല്‍ മീഡിയ കോ കണ്‍വീനര്‍ ഡോ. ജയശ്രീ നായര്‍, ന്യൂയോര്‍ക്കിലെ കാര്യകര്‍ത്താക്കളായ രഘുവരന് നായര്‍, അസീം തിവാരി, പ്രിയംവദ ത്രിവേദി എന്നിവരും ക്യാമ്പെയ്ന് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ന്യൂ യോര്‍ക്കിലെ വിവിധ മേഖലകളില്‍ സമാനമായ ക്യാമ്പെയ്നുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സെപ്റ്റംബര്‍ 10 ന് ക്വീന്‍സില്‍ നടക്കുന്ന ഹിന്ദു യൂണിറ്റി ഡേയില്‍ മെമ്പര്‍ഷിപ് ക്യാമ്പയിന് ബൂത്ത് സജ്ജീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.