ദുബായ്: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം പ്രവാസി സമൂഹവും വിപുലമായി ആഘോഷിച്ചു. ഗള്‍ഫ് നാടുകളിലെങ്ങും ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും നടന്ന ആഘോഷപരിപാടികളില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.
അബുദബിയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ എട്ട് മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ എട്ട് മണിക്ക് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശഭക്തിഗാനങ്ങളും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
4000 വര്‍ഷം പഴക്കമുള്ള ഭാരത സംസ്കാരത്തെയും, സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നതായി സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നതിനിടെ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8 മണിക്ക് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന് ദേശീയപതാക ഉയര്‍ത്തി. ഭാരതം ഗുരുവായി ലോകത്തെ നയിക്കാന്‍ പോവുന്ന ശ്രേഷ്ഠമായ നാളുകള്‍ക്കായി എല്ലാവരും അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. വിവിധ അസോസിയേഷന് പ്രതിനിധികള്‍, വ്യവസായപ്രമുഖര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനങ്ങളും, കലാസാംസ്കാരിക പാടിയും എംബസിയില്‍ അവതരിപ്പിച്ചു.
അജ്മാന് ഇന്ത്യന്‍ അസോസിയേഷനിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അജ്മാനില്‍ പുതുതായി പണിതീര്‍ത്ത ഇന്ത്യന്‍ അസോസിയേഷന് കെട്ടിടത്തില്‍ ആയിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ കോണ്‍സുലര്‍ സന്ദീപ് ചൗധരി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പരിപാടിയില്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോസഫ് തോമസ്, അജ്മാന് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡണ്ട് ഷാജഹാന് തുടങ്ങിയവരും പ്രസംഗിച്ചു.
ഷാര്‍ജ, റാസ് അല്‍ ഖൈമ എമിറേറ്റുകളിലും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈസ് കോണ്‍സുല്‍ ലേബര്‍ സന്ദീപ് ചൗധരി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. റാസ് അല്‍ ഖൈമയില്‍ നടന്ന ആഘോഷങ്ങളില്‍ കോണ്‍സുല്‍ ലേബര്‍ രാജു ബാലകൃഷ്ണന് പതാക ഉയര്‍ത്തി. ചടങ്ങിനില്‍ ഇന്ത്യന്‍ റീലിഫ് കമ്മിറ്റ അംഗങ്ങളും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.