കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആദ്യ ദിനങ്ങളില്‍ ബാറ്റിംഗിന് അനുകൂലമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടെങ്കിലും പിച്ചിലെ ആനുകൂല്യം മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ സാന്റ്നെര്ക്കാണ് വിക്കറ്റ്. മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. ആറ് ബാറ്റ്സ്മാന്മാരും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ന്യൂസിലന്‍ഡും മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ അഞ്ഞൂറാമത്തെ ടെസ്റ്റ് കൂടിയാണ്. അതുകൊണ്ടു തന്നെ ഈ ടെസ്റ്റില്‍ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ രണ്ടാം റാങ്കിലാണ് ഇന്ത്യ. ഒന്നാം റാങ്കിലേക്ക് എത്താനുളള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും ഈ ടെസ്റ്റിലെ മികച്ച പ്രകടനം സഹായിക്കും.
കഴിഞ്ഞ 14 ടെസ്റ്റുകളില്‍ ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡിന് വിജയം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച അവസാന 10 ടെസ്റ്റുകളില്‍ ഒന്‍പതിലും ഇന്ത്യയാണ് വിജയിച്ചത്. ഈ റെക്കോഡുകളും ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.