ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് സെക്ടറില്‍ ഇന്നുച്ചയ്ക്കും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവെയ്പുണ്ടായി. സോജിയാന്‍, മാന്‍ഡി സെക്ടറുകളിലാണ് വെടിവെയ്പുണ്ടായത്. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
ബാരാമുളളയിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് തീവ്രവാദികള്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഉണ്ടാകുന്നത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചിട്ടുണ്ട്.
രാവിലെ പൂഞ്ചിലെ ഷഹാപൂര്‍ സെക്ടറിലും പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും വെടിവെയ്പ് ഉണ്ടായിരുന്നു. അതിര്‍ത്തിയില്‍ വ്യാപക പ്രകോപനം സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. ഉറി ആക്രമണത്തിനും പാക് അധീന കശ്മീരിലെ സര്‍ജിക്കല്‍ സ്ട്രൈക്കിനും ശേഷം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.