ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ജയലളതയുടെ വിശ്വസ്തരും മന്ത്രിമാരുമായ ഒ. പനീര്‍ശെല്‍വവും എടപ്പാടി കെ. പളനിസ്വാമിയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി റാമ മോഹന്‍ റാവുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണകാര്യത്തിലെ അവ്യക്തത നീക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് എഐഎഡിഎംകെ വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി ഗവര്‍ണറെ ധരിപ്പിച്ചു. കാവേരി നദീജല പ്രശ്നം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ചയായതായും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആളെ നിയോഗിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യസ്ഥിതി നേരെയായി അമ്മ തിരിച്ചെത്തുമെന്നും എഐഎഡിഎംകെ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.