ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പൊലീസ് പോസ്റ്റിന് നേര്‍ക്ക് തീവ്രവാദി ആക്രമണം. തീവ്രവാദികളുടെ വെടിയേറ്റ് ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ജംനാഗരി മേഖലയിലുളള പൊലീസ് പോസ്റ്റിന് നേര്‍ക്കായിരുന്നു ആക്രമണം. വെടിവെയ്പില്‍ ഒരു പ്രദേശവാസി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കശ്മീരി പണ്ഡിറ്റുകള്‍ താമസിക്കുന്ന മേഖലയില്‍ കാവലിനായി സ്ഥാപിച്ച പൊലീസ് പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനില്‍ നിന്ന് തീവ്രവാദികള്‍ തോക്ക് കൈവശപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പ്രതികാരമായിട്ടാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ ശ്രമിക്കുന്നത്.
ഇന്നലെ ഹന്ദ്വാരയില് സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണവും ഉണ്ടായിരിക്കുന്നത്. അതിര്‍ത്തിയിലും പാകിസ്ഥാന്റെ പ്രകോപനപരമായ വെടിവെയ്പ് തുടരുകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇരുപത്തിയഞ്ചോളം തവണ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായി ബിഎസ്എഫ് ചൂണ്ടിക്കാട്ടുന്നു.