ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന് പുറത്തുളള തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശത്തിന് ഇന്ത്യ തെരഞ്ഞെടുത്തതിന്റെ കാരണം വിശദമാക്കി ബ്രിട്ടീഷ് പ്രധനമന്ത്രി തെരേസ മെ. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുകെ സാങ്കേതിക ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു തെരേസ മെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുളള പ്രത്യേക ബന്ധം കണക്കിലെടുത്താണ് ഇന്ത്യയില്‍ തന്നെ ആദ്യം വരാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസ മെ ഡല്‍ഹിയില്‍ എത്തിയത്. ബ്രിട്ടന്റെ സ്വാഭാവിക പങ്കാളിയായി ഇന്ത്യയെ വിശേഷിപ്പിച്ച അവര്‍ ഇരുരാജ്യങ്ങളെയും സാംസ്കാരികമായി കൂട്ടിയിണക്കുന്ന പല കണ്ണികളും നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ജീവിതരീതിയില്‍ തന്നെ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതില്‍ ശാസ്ത്രത്തിനും സാങ്കേതിക രംഗത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുകെയിലെ ഏറ്റവും വലിയ മൂന്നാമത്തെ നിക്ഷേപകര്‍ ഇന്ത്യയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷമായി ഒരേ നിലയില്‍ തുടരുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്ര- സാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളുടെയും സഹകരണം ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെയുളള മാറ്റങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം വഴിയൊരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബന്ധം പുതിയ തലത്തില്‍ എത്തിക്കുന്നതിന് സാങ്കേതിക ഉച്ചകോടി സഹായിക്കുമെന്നും നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ശാസ്ത്ര -സാങ്കേതിക വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്.