കോബെ(ജപ്പാന്): സ്വന്തം അമ്മയെ വൃദ്ധസദനത്തില്‍ തളളിയവര്‍ പോലും ഇപ്പോള്‍ അവരുടെ പേരില്‍ രണ്ടരലക്ഷം രൂപ നിക്ഷേപിക്കുകയാണെന്ന് പ്രധാനമന്ത്രി. ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം തമാശരൂപേണ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. രണ്ടരലക്ഷം രൂപയുടെ വരെ നിക്ഷേപങ്ങള്‍ക്ക് പരിശോധന ഉണ്ടാകില്ലെന്ന തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഗംഗയില്‍ ഇപ്പോള്‍ ഒഴുകി നടക്കുന്നത് നാണയങ്ങളല്ല 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇന്ത്യന്‍ സമൂഹം വരവേറ്റത്.
ഇത്തരമൊരു തീരുമാനമെടുത്തപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കണമെന്ന ഉദ്ദേശ്യമായിരുന്നു സര്‍ക്കാരിന് മുന്നില്‍ പ്രധാനമായും ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അതിനായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളിലാണ് രണ്ടരലക്ഷം വരെയുളള നിക്ഷേപങ്ങള്‍ക്ക് പരിശോധന വേണ്ടെന്നത് അടക്കമുളള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.
ആരെയും ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചല്ല സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതി മുക്ത ഇന്ത്യയ്ക്കായുളള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വികസനത്തിന്റെ ഫലം എല്ലാവരും എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.