പ്രമുഖ ചാറ്റിംഗ് ആപ്പ് ആയ വാട്ട്സ് ആപ്പ് പുതുതായി അവതരിപ്പിച്ച വീഡിയോ കോളിംഗ് സൗകര്യം കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്. വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ ഉപഭോക്തൃശൃംഖലയുളള ഇന്ത്യയിലാണ് ഇതാദ്യമായി അവതരിപ്പിച്ചത്.
അതേസമയം ഈ സൗകര്യം ലഭ്യമായിത്തുടങ്ങിയതു മുതൽ ഇതിനോടു ചേർന്ന് സ്പാം / വൈറസ് ലിങ്കുകളും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വാട്ട്സ് ആപ്പ് വീഡിയോ കോളിംഗ് ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നു കാണിച്ച് ഒരു ലിങ്ക് സഹിതമാണ് മെസ്സേജുകൾ നിങ്ങളുടെ ചാറ്റിൽ പ്രത്യക്ഷപ്പെടുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശ്വസനീയമെന്നു തോന്നിക്കാവുന്ന ഒരു വെബ് പേജിലേക്കോ, അതുമല്ലെങ്കിൽ ഒരു ഡിസ്പ്ലേയും വരാത്തെ ഒരു ബ്ലാങ്ക് പേജിലേക്കോ ആയിരിക്കാം നിങ്ങൾ റീഡയറക്ട് ചെയ്യപ്പെടുക. തുടർന്ന് ആക്ടിവേറ്റ് ചെയ്യുന്നതിനായി സബ്സ്ക്രൈബ് ചെയ്യാനോ, ലോഗിൻ ചെയ്യാനോ ആവശ്യപ്പെട്ടെന്നും വരാം. സ്പാം, വൈറസുകൾ പരത്തുന്ന വെബ്സൈറ്റുകളാണിത്.
ഹാക്കർമാർക്ക് സ്വയം വാതിൽ തുറന്നു കൊടുക്കുന്ന നടപടിയാകുമിതെന്ന് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി നിങ്ങളറിയാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇതേ സന്ദേശം ലഭിക്കുമെന്നും അവർ മുന്നറിയിപ്പി നൽകുന്നു.
വാട്ട്സ് ആപ്പ് വീഡിയോ കോളിംഗ് ലഭിക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ സ്റ്റോറിൽ നിന്നോ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുകയേ വേണ്ടൂ. ഇതിനായി ഒരാൾ ക്ഷണിക്കുകയോ, ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യേണ്ട ആവശ്യമേയില്ല. വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞയുടനേ വീഡിയോ കോളിംഗ് സൗകര്യം ലഭ്യമായില്ലെങ്കിലും, ഏതാനും മണിക്കൂറുകൾക്കുളളിൽ ഈ സൗകര്യം നിങ്ങളുടെ ആപ്പിൽ ലഭ്യമാകും.
സാധാരണ വാട്ട്സ് ആപ്പ് കോൾ ചെയ്യുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരേ കോളിലേയ്ക്കു പോകുന്നതിനു മുൻപായി വോയിസ് കോൾ ആണോ വീഡിയോ കോൾ ആണോ എന്നു തിരഞ്ഞെടുക്കുന്നതിനായി രണ്ട് ഓപ്ഷനുകൾ തെളിഞ്ഞു വരും. ഇതു വഴി ഇഷ്ടാനുസരണം കോൾ തിരഞ്ഞെടുക്കാവുന്നതാണ്.