ജമ്മു കശ്മീർ: ഭാരതീയ കരസേനയുടെ നോർത്തേൺ കമാൻഡ് ചീഫ് ആയി ലഫ്റ്റനന്റ് ജനറൽ ദേവരാജ് അൻബു ചുമതലയേറ്റു. ഉധംപൂർ ബേസ്ഡ് നോർത്തേൺ കമാൻഡിന്റെ മേധാവിയായാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലെ ഏറെ തന്ത്രപ്രധാനമായ പ്രദേശത്തിന്റെ ചുമതലയാണ് അദ്ദേഹത്തിനുളളത്. ലഫ്റ്റനന്റ് ജനറൽ ഡി.എസ്.ഹൂഡ വിരമിച്ച ഒഴിവിലേക്കാണ് ദേവരാജ് അൻബു നിയമിതനായിരിക്കുന്നത്.
1980ലാണ് ദേവരാജ് അൻബു സിഖ് ലൈറ്റ് ഇൻഫാൻട്രി റെജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്നത്. കശ്മീർ താഴ്വരയിലെ മൗണ്ടൻ ബ്രിഗേഡിന്റെ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതു കൂടാതെ സിഖ് ലൈറ്റ് ഇൻഫാൻട്രി സെന്റർ, അസം റൈഫിൾസ് ട്രെയിനിംഗ് സെന്റർ ആൻഡ് സ്കൂൾ എന്നിവയുടെയും കമാൻഡിംഗ് ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചുമതലയേറ്റെടുത്ത ദേവരാജ് അൻബു കമാൻഡിലെ എല്ലാ റാങ്കിലും ഉളള സൈനികർക്കും തന്റെ അഭിവാദ്യം അർപ്പിച്ചു. രാജ്യത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയുടെ സുരക്ഷാതലവനായി നിയമിതനായ അദ്ദേഹം തന്റെ പ്രതിജ്ഞാബദ്ധതയും സേനയെ അറിയിച്ചു.