IconsSpecial

അനശ്വരനായ സുഭാഷ്

“ഞാൻ ത്രികക്ഷികളുടെ ഭിക്ഷാംദേഹിയായി വന്നവനല്ല . എന്റെ ജനങ്ങളോട് സംസാരിക്കാൻ എനിക്കാരുടേയും അനുമതിപ്പത്രം ആവശ്യമില്ല “എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത് 1942 മെയ് മാസത്തിലാണ് . പ്രഖ്യാപിച്ചതാകട്ടെ ലോകത്തെ കിടുകിടാ വിറപ്പിച്ച , എതിർശബ്ദങ്ങളെ അസഹനീയമായിക്കണ്ട ഏകാധിപതിയായ ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നും ..

കാലു പിടിച്ചായാലും കഴുത്തു വെട്ടിയായാലും ഭാരതം സ്വതന്ത്രമാകണം എന്ന് മാത്രമാണ് ആ ദേശസ്നേഹി ആഗ്രഹിച്ചത് . അതിനാരോടും സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നു . പക്ഷേ ആരുടേയും ആധിപത്യം അംഗീകരിച്ചതുമില്ല .

ജപ്പാൻ കാരോടൊപ്പം സഹകരിക്കുമ്പോഴും അവരുടെ സമഗ്രാധിപത്യ പ്രവണതകളെപ്പറ്റി അദ്ദേഹത്തിനറിയാമായിരുന്നു . ഒരിക്കൽ ജപ്പാൻ കാരുടെ ആത്മാർത്ഥതയെപ്പറ്റി ഒരു രഹസ്യ യോഗത്തിൽ സംശയം പ്രകടിപ്പിച്ചതിന് അന്ന് ഐ എൻ എ കേഡറും പിന്നീട് മലയാളത്തിലെ തന്നെ പ്രമുഖ എഴുത്തുകാരനും നടനുമായി മാറിയ എൻ എൻ പിള്ളയോട് സുഭാഷ് തറപ്പിച്ച് പറഞ്ഞത് ഇങ്ങനെയാണ്

ഒരു തോക്കുകൊണ്ട് മുന്നോട്ട് മാത്രമല്ല തിരിഞ്ഞു നിന്നും വെടിവെക്കാം.

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ അദ്ദേഹം തയ്യാറായിരുന്നു . അസാമാന്യമായ ചങ്കൂറ്റവും അസാധാരണമായ പ്രവർത്തന മികവും ഒപ്പം ഏത് അലസഹൃദയനേയും ഉടനടി സജ്ജമാക്കുന്ന പ്രസംഗശൈലിയും . സുഭാഷ് ബോസ് ഭാരത സ്വാതന്ത്ര്യ സമരത്തെ മാറ്റിമറിച്ചതിൽ അത്ഭുതമൊന്നുമില്ല .

1897 ൽ ഒഡിഷയിലെ കട്ടക്കിൽ പ്രശസ്തമായ കുടുംബത്തിൽ ജനനം . കുട്ടിക്കാലത്ത് താനത്ര വലിയ സംഭവമൊന്നുമായിരുന്നില്ലെന്ന് സുഭാഷ് ബോസ് അപൂർണമായ തന്റെ ആത്മകഥയിൽ പറയുന്നുണ്ട് . ചെറുപ്പകാലത്ത് ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി വായിച്ച സ്വാമി വിവേകാനന്ദനെ പുസ്തകങ്ങൾ സുഭാഷ് ബാബുവിനെ ശക്തമായി തന്നെ സ്വാധീനിച്ചു. തന്റെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും വിവേകാനന്ദനിൽ മറുപടി കണ്ടെത്തിയ സുഭാഷ് വിവേകാനന്ദ വാണിയുടെ കടുത്ത ആരാധകനായി മാറി .

വിവേകാനന്ദനിൽ നിന്ന് ശ്രീരാമകൃഷ്ണപരമഹസംസനിലേക്കും അന്വേഷണം ചെന്നെത്തി . ആത്മീയ ദാഹം ശമിപ്പിക്കാൻ ഗുരുവിനെ അന്വേഷിച്ച് നടന്ന അദ്ദേഹത്തിന് പക്ഷേ നിരാശയായിരുന്നു ഫലം . പടിഞ്ഞാറിന്റെ ചാരത്തിൽ നിന്ന് ഭാരതത്തിന്റെ പുനർജ്ജന്മം കാംക്ഷിച്ച് വിപ്ളവത്തിനിറങ്ങി പിന്നീട് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളിലേക്ക് ഉൾവലിഞ്ഞ അരവിന്ദ ഘോഷായിരുന്നു പിന്നീട് സുഭാഷിനെ സ്വാധീനിച്ചത് .

ഐ സി എസ് പരീക്ഷയിൽ ഉന്നത ബിരുദം നേടിയിട്ടും ഇംഗ്ളണ്ടിൽ വച്ച് തന്നെ അത് ഉപേക്ഷിച്ച് സമരപാതയിലേക്കിറങ്ങിയ സുഭാഷ് 1921 ൽ ഗാന്ധിജിയെ സന്ദർശിച്ചു . ആദ്യ സന്ദർശനം നിരാശാജനകമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത് . വിപ്ളവത്തിന്റെ തീച്ചൂളയിൽ ജ്വലിക്കാനാഗ്രഹിച്ച യുവാവിന് ഗാന്ധിജിയുടെ തണുപ്പൻ മട്ട് തീരെപിടിച്ചില്ല .

പിന്നീട് സി ആർ ദാസിനൊപ്പം സ്വരാജ് പാർട്ടിയിൽ . തുടർന്ന് ജയിലറകളിൽ മാസങ്ങളോളം . ബർമയിലെ മാൻഡലെ ജയിലിൽ വച്ച് ദുർഗ്ഗാപൂജ നടത്താനുള്ള അവകാശത്തിനു വേണ്ടി പതിനഞ്ച് ദിവസം നിരാഹരസമരം നടത്തി വിജയിച്ചതിനെപ്പറ്റി അദ്ദേഹം ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.

സമരങ്ങളാണ് .. ചർച്ചാ സമ്മേളനങ്ങളല്ല ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്ന് ബോസ് തറപ്പിച്ചു പറഞ്ഞു . സ്വാഭാവികമായിട്ടും ഗാന്ധിജിക്ക് അദ്ദേഹമൊരു എതിരാളിയായി . 1938 ലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷനായി . തൊട്ടടുത്ത വർഷം ഗാന്ധിജിയുടെ പിന്തുണയുണ്ടായിരുന്ന പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഉയർന്നുവന്ന ഉപജാപങ്ങളെ തുടർന്ന് അദ്ദേഹം 1939 ൽ അദ്ധ്യക്ഷസ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ളോക്ക് രൂപീകരിച്ചു . തുടർന്ന് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു . ഇതോടെ കോൺഗ്രസ് അദ്ദേഹത്തെ മൂന്ന് വർഷത്തേക്ക് പുറത്താക്കി .

ഐതിഹാസികമായ സായുധ പോരാട്ടത്തിനുള്ള തുടക്കമായിരുന്നു അത് . 1941 ജനുവരി 17 ന് കൊൽക്കത്തയിലെ വീട്ട് തടങ്കലിൽ നിന്ന് മൗലവി സിയാനുദ്ദീൻ എന്ന മുസ്ളിം പുരോഹിതനായി വേഷം മാറി സുഭാഷ് ബോസ് രാജ്യം വിട്ടു. പിന്നീടൊരിക്കലും തന്റെ മഹാനായ പുത്രനെ കാണാനുള്ള ഭാഗ്യം ഭാരതഭൂമിക്കുണ്ടായില്ല .

ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .“

കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു ശേഷം സുഭാഷ് ബോസ് ഭാര്യ എമിലി ഷെങ്കലിനയച്ച കത്തിലെ വരികളാണിവ . ഗാന്ധിയന്മാർക്ക് തന്നോട് നീരസം ഉണ്ടായിട്ടുണ്ടാകാമെങ്കിലും ജനങ്ങൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തതായി നേതാജി പറയുന്നുണ്ട് . രാഷ്ട്രീയ വിഷയങ്ങൾ കുറവാണെങ്കിലും ,  ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്രഗണ്യനായ പോരാളിയുടെ സ്നേഹോഷ്മള മുഖങ്ങൾ കത്തുകളിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

ഭാരതം സ്വതന്ത്രമാകുന്നത് വരെ താൻ നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കും എന്നായിരുന്നു സുഭാഷ് ബോസിന്റെ പ്രതിജ്ഞ . എന്നാൽ അത് നിറവേറ്റാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.

നേതാജിയുടെ തിരോധാനം ഇന്നുമൊരു കടങ്കഥയായി തുടരുന്നു . 1945 ആഗസ്റ്റ് 18 നു സെയ്ഗോണിൽ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്നതിനിടെ തായ്ഹോക്കു വിമാനത്താവളത്തിൽ തകർന്നു വീണ വിമാനത്തിൽ സുഭാഷ് ബോസ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. കൂടെയുണ്ടായിരുന്ന ഐ എൻ എ ചീഫ് ഓഫ് സ്റ്റാഫ് ഹബീബ് റഹ്മാൻ പൊള്ളലേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നത്രെ . തായ്ഹോക്ക് സൈനിക ആശുപത്രിയിൽ വച്ച് രാത്രി ഒൻപതരയോടെ അദ്ദേഹം മരിച്ചുവെന്നാണ് പറയപ്പെടുന്നത് .

ഹബീബ് ഞാൻ മരിക്കുകയാണ് .. എന്റെ നാട്ടുകാരോട് പറയണം അവസാന ശ്വാസം വരെ ഞാൻ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയെന്ന് .. അടുത്തു തന്നെ ഭാരതം സ്വതന്ത്രമാകും . എന്റെ രാജ്യം നീണാൾ വാഴട്ടെ

എന്നായിരുന്നുവത്രെ ഹബീബ് റഹ്മാനോട് അദ്ദേഹം പറഞ്ഞ അന്ത്യ സന്ദേശം ..

എന്തായാലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ ദുരൂഹതകൾ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല . നേതാജി രേഖകൾ നരേന്ദ്രമോദി സർക്കാർ പരസ്യമാക്കുന്നുണ്ടെങ്കിലും തിരോധാനത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

ഒരു കാര്യമുറപ്പാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കലും ഒളിവിൽ അടങ്ങിയിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല. മാതൃഭൂമിയോടുള്ള അടങ്ങാത്ത അഭിനിവേശത്തെ വർഷങ്ങളോളം തടഞ്ഞു നിർത്തി അങ്ങനെയിരിക്കാൻ സുഭാഷിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികൾ പോലും വിശ്വസിക്കില്ല ..

അപ്പോൾ പിന്നെ എന്തായിരിക്കും സത്യം ? .. കാലം തെളിയിക്കട്ടെ ..

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close