തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് വിഷയത്തില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരം ഇരുപത് ദിവസം പിന്നിട്ടിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലായിരുന്നു സുധീരന്റെ പ്രതികരണം. പദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവെയ്ക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
സിപിഎം രാഷ്ട്രീയ അടിസ്ഥാനത്തില്‍ നീങ്ങുന്നത് ശരിയല്ല. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം. സ്വാശയ മാനേജുമെന്റുകള്ക്കെതിരായി ഉയരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുധീരന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സമരത്തിന് കെപിസിസിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സുധീരന് പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി നിഷ്ക്രിയ നിലപാടാണ് സ്വീകരിക്കുന്നതെന്നും സുധീരന് കുറ്റപ്പെടുത്തി.