മുംബൈ: മുംബൈ-ആഗ്ര ഹൈവേയിൽ നാസിക് ജില്ലയിലെ ചന്ദ്വാഡിന് സമീപം 45 ഓളം യാത്രക്കാരുമായി സഞ്ചരിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ബസ് ട്രക്കിൽ ഇടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മുംബൈ-ആഗ്ര ഹൈവേയിൽ ചാന്ദ്വാദിന് സമീപം രാഹുദ് ഘട്ടിൽ രാവിലെ 9 നും 9.30 നും ഇടയിലാണ് അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ ജില്ലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
അപകടത്തിന്റെ ദയനീയമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അപകടത്തിൽ ബസിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി വീഡിയോയിൽ കാണാം. ബസിന്റെ ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.