Movie

കാബിൽ : പഴകും തോറും വീര്യമുളള വീഞ്ഞ്

ശ്യാം മേനോൻ“Revenge is a dish best served cold”

എത്ര പഴകിയാലും പുതുമ നഷ്ടപ്പെടാത്ത വിഭവം തന്നെയാണ് പ്രതികാരം! ശ്രീനിവാസൻ പറഞ്ഞതു പോലെ എത്രയൊക്കെ വില്ലത്തരം കാണിച്ചാലും അവസാനം താൻ കൊല്ലപ്പെടും എന്ന് വില്ലന് മാത്രമേ അറിയാത്തതായി ഉള്ളുവെങ്കിലും റിവഞ്ച് പ്ലോട്ടുള്ള ഓരോ സിനിമയും നമ്മൾ രസിച്ചു തന്നെ കാണും. അതുകൊണ്ട് തന്നെയാണ് നൂറുവട്ടം കണ്ട സിനിമകളാണെങ്കിലും ഇന്നും കിൽ ബില്ലും, ചാണക്യനും, ഗജിനിയും വീണ്ടും വീണ്ടും കാണുന്നത്. ആ നിരയിലെ ഏറ്റവും പുതിയ എൻട്രിയാണ് “കാബിൽ”

kaabil6

അംഗവൈകല്യമുള്ളവരുടെ പ്രതികാരകഥകൾക്ക് ഒരു പ്രത്യേകമധുരമുണ്ട്.  അങ്ങനത്തെ കഥകളിൽ നായകന്മാർ ഒരേ സമയം രണ്ട് പേരോടാണ് പൊരുതുന്നത്.വില്ലനോടും, സ്വന്തം വൈകല്യത്തിനോടും.അന്ധയായ സുപ്രിയ അഗർവാളിനെ (യാമി ഗൗതം) പല തവണ റേപ്പ് ചെയ്ത് ഒടുവിൽ ആത്മഹത്യയിലെത്തിക്കുകയും, ആ കുറ്റകൃത്യങ്ങളുടെ തെളിവുകൾ പണത്തിന്റെയും, സ്വാധീനത്തിന്റെയും ബലത്തിൽ മായ്ച്ചു കളയപ്പെടുമ്പോൾ സുപ്രിയയുടെ അന്ധനായ ഭർത്താവ് രോഹൻ അഗർവാൾ (ഋതിക് റോഷൻ) നിയമം കയ്യിലെടുക്കുകയും ചെയ്യുന്നതാണ് കാബിലിലെ കഥാതന്തു.

kaabil7

വില്ലന്മാരായ മാധവ് റാവു ഷെല്ലാർ(റോണിത് റോയ്), അമിത് ഷെല്ലാർ(രോഹിത് റോയ്), സഫർ(സുരേഷ് മേനോൻ) എന്നിവർ സഞ്ചരിച്ച വഴികളിലൂടെ തന്നെ സഞ്ചരിച്ച്, ഒരു തെളിവും ബാക്കി വെയ്ക്കാതെ രോഹൻ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് കാബിൽ. രോഹൻ എന്ന വോയ്സ് ആർട്ടിസ്റ്റിന്റെ ആയുധം അവന്റെ ശബ്ദമാണ് .

പൊതുവേ സഞ്ജയ് ഗുപ്തയുടെ സിനിമകളിലെ ഡയലോഗുകളൊക്കെ മികച്ചവയായിരിക്കും. കാബിലും ആ പതിവ് തെറ്റിച്ചിട്ടില്ല…
പോലീസ് ഓഫീസർ ചൗബേയോട് റോഹൻ പറയുന്ന “ആപ്കി ആംഖേൻ തോ ഖുലി രഹേംഗി, പർ ആപ് കുച്ഛ് ദേഖ് നഹി പായേംഗേ… ആപ്കേ കാൻ ഖുലേ രഹേംഗേ,പർ ആപ് കുച്ഛ് സുൻ നഹി പായേംഗേ… ഔർ സബ്സേ ബജ് ബാത്ത്… ആപ് സബ് കുച്ഛ് സമഝ് ജാവോഗേ, പർ കിസികോ സംഝാ നഹി പായേംഗേ

(“നിങ്ങളുടെ കണ്ണ് തുറന്നു തന്നെയിരിക്കും, പക്ഷേ ഒന്നും കാണാനാവില്ല… നിങ്ങളുടെ കാതുകളും തുറന്നിരിക്കും,പക്ഷേ ഒന്നും കേൾക്കാനാവില്ല… അതിലും പ്രധാനം, നിങ്ങൾക്കെല്ലാം മനസിലാവും, പക്ഷേ ആരെയും പറഞ്ഞു മനസിലാക്കാനാവില്ല) എന്ന ഡയലോഗ് അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല സിനിമാറ്റിക് ഭീഷണിയാണ്.

kaabil5

“യേ ഖേൽ തോ ഉസി നേ ഷുരൂ കിയാ ഥാ… തമാശ ആപ് ലോഗോംനേ ദേഖാ… കഥം മേം കരൂംഗാ” എന്നത് ത്രില്ലടിപ്പിക്കുന്ന പഞ്ച് ഡയലോഗും!
കേട്ടു പഴകിയ കഥ രസകരമാവുന്നത് അന്ധനായ നായകനെക്കൊണ്ട് വിശ്വസനീയമായി, ഒരു തവണ പോലും നമുക്ക് ഓവർ ദ ടോപ്പ് ആണെന്ന് തോന്നിക്കാതെ പ്രതികാരം ചെയ്യിപ്പിക്കുന്ന സഞ്ജയ് ഗുപ്തയുടെ സംവിധാന മികവ് കൊണ്ടാണ്.

നിരൂപകർ ചീമുട്ടകളെറിഞ്ഞ “മോഹൻജോ ദാരോ”യ്ക്കും, “ജസ്ബ”യക്കും ശേഷം ഋത്വിക്കിനും, സഞ്ജയ് ഗുപ്തയ്ക്കും ആശ്വസിക്കാം. കാബിൽ നീങ്ങുന്നത് ബോക്സോഫീസ് ഹിറ്റിലേക്ക് തന്നെയാണ്!
kaabil2

1974ൽ “കുൻവാരാ ബാപ്പിലും”, “ജൂലി”യിലും തുടങ്ങി, “മിസ്റ്റർ നട്‌വർലാലിലെയും”, “കാലാ പത്ഥറി”ലെയും ഗാനങ്ങളിലൂടെ നമ്മളെ പ്രണയിപ്പിച്ച, “കരൺ അർജ്ജുനി”ലെയും “കോയ്ല”യിലെയും, “കഹോനാ പ്യാർ ഹേ”യിലെയും പാട്ടുകളിലൂടെ നമ്മളെ ചുവടു വെയ്പ്പിച്ച രാജേഷ് റോഷന്റെ സംഗീതത്തിന് നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷവും തുരുമ്പ് പിടിച്ചിട്ടില്ല… പ്രത്യേകിച്ച് ‘കാബിൽ ഹൂം…’,‘കുച്ഛ് ദിൻ…’, ‘കിസി സേ പ്യാർ ഹോ ജായേ’ എന്ന പാട്ടുകൾ.

സഞ്ജയ് മാസൂമും, വിജയ്കുമാർ മിശ്രയും ചേർന്നെഴുതിയ തിരക്കഥ ബലമുള്ളതാണ്. സുദീപ് ചാറ്റർജിയുടെയും, അയനൻക ബോസിന്റെയും സിനിമോട്ടോഗ്രാഫി മനോഹരവും.

ശരിയാണ് കാബിൽ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെയാണ്… പഴകും തോറും വീര്യം കൂടുന്ന മധുരമുള്ള വീഞ്ഞ്!

649 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close