NewsEntertainment

പട്ടിയെ കടിക്കുന്ന മനുഷ്യരും വാർക്കപണിക്ക് പോകുന്ന ചെമ്പൻ വിനോദും

രഞ്ജിത്ത് രവീന്ദ്രൻ


പത്രപ്രവർത്തനത്തെ പറ്റിയുള്ള പഴയൊരു ചൊല്ല് അന്വർത്ഥമാക്കി 2007 ഡിസംബറിൽ റോയിട്ടർ ഒരുവാർത്ത നൽകി. സ്വന്തം പറമ്പിൽ കയറി താറാവിനെ പിടിച്ച പട്ടിയെ പിന്നാലെ പാഞ്ഞു ചെന്ന് കഴുത്തിൽ കടിച്ച് ഒരു മനുഷ്യൻകൊന്നു. അതിനു മുൻപും പിൻപും മനുഷ്യരെ കടിച്ചു കൊന്ന അസംഖ്യം പട്ടികളും അവർ കൊന്ന മനുഷ്യരും ചരമകോളത്തിൽ പോലും സ്ഥാനം പിടിക്കാതിരുന്ന അവസരത്തിലാണ് പട്ടിയെ കടിച്ച മനുഷ്യൻ വാർത്തയായത്.

പട്ടിയെ കടിച്ച മനുഷ്യനിലേക്ക് കുറച്ചു കഴിഞ്ഞു തിരിച്ചുവരാം. അതിനു മുൻപ് ലിജോ ജോസ് പെല്ലിശേരിയെ പറ്റി ചിലതു പറയാം. സിറ്റി ഓഫ് ഗോഡ്സ് ആണ് ആദ്യം കണ്ടത്. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അമ്പരപ്പിക്കുന്ന കഥ പറച്ചിൽ ശൈലി. പിന്നീട് കണ്ണുടക്കുന്നത് “സോളമനും ശോശന്നയും” എന്ന ഗാനത്തിലാണ്. യുട്യൂബിൽ കണ്ട ആ പാട്ടുസീൻ മാത്രം മതിയായിരുന്നു ആമേൻ കാണാൻ തീയേറ്ററിലേക്ക് പോകാൻ. പിന്നീട് ഡബിൾ ബാരൽ, അത് വിചിത്രമായ ഒരു ചലച്ചിത്ര സുഖമാണ് തന്നത്. ഈ ചിത്രങ്ങളിൽ ഒന്നുപോലും വ്യവസ്ഥാപിത മലയാള സിനിമ രീതികളോട് ചേർന്ന് നിൽക്കുന്നവയായിരുന്നില്ല. തികച്ചും സംവിധായകന്റെ കയ്യൊപ്പുള്ള സംവിധായകന്റെ സിനിമകൾ. കഥാപാത്രങ്ങളാകട്ടെ നിരൂപകർക്കും വിമര്ശകർക്കും ഒരുപാട് ചിന്തിക്കാൻ അവസരം ബാക്കി വച്ചതും. അതിനൊരുദാഹരണമാണ് ആമേനിൽ തെങ്ങിന്റെ മുകളിലിരുന്ന് സംഭവങ്ങൾ നോക്കിക്കാണുന്ന “ദൈവം”. അതുകൊണ്ട് തന്നെ “അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിൽ നിന്നും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവം തന്നെയാണ് പ്രതീക്ഷിച്ചത്. ലഭിച്ചതും അത് തന്നെ ടാഗ് ലൈൻ പോലെ “ഒരു കട്ട ലോക്കൽ” പടം.

പട്ടിയെ കടിക്കുന്ന മനുഷ്യനിലേക്ക് ഇനിയും എത്താറായിട്ടില്ല. അതിനു മുൻപ് വാർക്കപണിക്ക് പോകേണ്ട തിരക്കഥാകൃത്തിലേക്ക് വരാം. ചെമ്പൻ വിനോദ് ജോസ് എന്ന നടൻ/തിരക്കഥാകൃത്ത് അങ്കമാലി ഡയറീസ് പോലൊരു ചിത്രം എടുത്തതിന്റെ പേരിൽ വാർക്കപണിക്ക് പോകേണ്ടി വന്നാലും അത് നിരാശയോടെയായിരിക്കില്ല. ആ ഒരു ചിത്രം നൽകുന്ന ആത്മനിർവൃതി മതിയാകും ആ കലാകാരന് കാലങ്ങളിൽ തന്റെ ഉള്ളിലെ അഗ്നി കെടാതെ സൂക്ഷിക്കാൻ. ശ്രീ രഞ്ജിത്ത് കാഞ്ഞിരത്തിൽ എഴുതിയ റിവ്യൂവിനെ അതിവായനയെന്നോ അമിതവായനയെന്നോ മറ്റോ രണ്ടു വാക്കിൽ എഴുതി തീർക്കാംഎന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കേവലം ഒരു ദിവസം കൊണ്ടുതന്നെ അതിനു അതിനൊക്കെ അപ്പുറം പല മാനങ്ങളും വന്നുകഴിഞ്ഞു.

കലയെ എങ്ങനെ നോക്കിക്കാണണം എന്നുള്ളത് അതിനെ ആസ്വദിക്കുന്നവന്റെ ഇഷ്ടമാണ്. അതങ്ങനെ നിൽക്കെ തന്നെ കല എങ്ങനെ അവതരിപ്പിക്കപ്പെടണം എന്ന് അതിന്റെ സൃഷ്ടാവിനെ ഉപദേശിക്കാൻ ഒരു ആസ്വാദകനും വിമർശകനും അവകാശമില്ല. സിനിമയും അങ്ങനെ ഒരു കല തന്നെയാണ്, അവിടെ സംവിധായകനും തിരക്കഥാകൃത്തുമാണ് അവസാന വാക്ക്. അങ്കമാലി പോലൊരു ചെറു പട്ടണത്തിൽ നടക്കുന്ന കഥ മാത്രം ചിത്രീകരിച്ചാൽ അതെന്താ സിനിമയാകില്ലേ ? സിനിമയിൽ ആഗോള വിഷയങ്ങൾ ഉണ്ടാവണം നിർബന്ധം പിടിക്കാൻ നിരൂപകന് എന്ത് അവകാശം ? അടുത്ത ആരോപണം അങ്കമാലി ഡയറീസ് ഒരു “ക്രിസ്ത്യൻ സിനിമയാണ്” എന്നതാണ്. അതെ അങ്കമാലി ഡയറീസിൽ നിറയുന്നത് ക്രിസ്തീയ ബിംബങ്ങളാണ്. ആ ബിംബങ്ങൾ അതിന്റെ തിരക്കഥാകൃത്ത് അവിടുത്തെ ജീവിതങ്ങളിൽ നിന്ന് കണ്ടെടുത്തതാണ്, അല്ലെങ്കിൽ അത് അയാളുടെ കാഴ്ചകളാണ്. ആ കാഴ്ചകളിൽ ശ്രീ രഞ്ജിത്ത് കാഞ്ഞിരത്തിൽ കാണാൻ ആഗ്രഹിച്ചബിംബങ്ങൾ ഇല്ലെങ്കിൽ അത് ശ്രീ രഞ്ജിത്ത് കാഞ്ഞിരത്തിന്റെ പ്രശ്നമാണ്, ലിജോ ജോസ് പെല്ലിശേരിയുടെയോ ചെമ്പൻ വിനോദിന്റെയോ അല്ല.

ഇനി പട്ടിയെ കടിച്ച മനുഷ്യനിലേക്ക് വരാം, ആമുഖമായി രണ്ടു കഥാപാത്രങ്ങളെ പറ്റിയും പറയാം. ഒന്നാമത്ത് “മംഗലശേരി നീലകണ്ഠനാണ്”, രണ്ടാമത്തേത് “ആട് തോമയും” കഥാ ഗതിയിലോ പാത്ര നിർമ്മിതിയിലോ പറയത്തക്ക വ്യത്യാസമൊന്നും ഇല്ലാത്ത രണ്ടു കഥാപാത്രങ്ങൾ. ഒന്നിൽ മനയും കുളവും കൂത്തമ്പലവും മറ്റൊന്നിൽ കുരിശും കർത്താവും പള്ളിയും. എന്നാൽ മംഗലശ്ശേരി നീലകണ്ഠൻ സവർണ്ണ ഫാസിസ്റ്റും ആട് തോമ ഒരു സാധാരണ മലയാളി കഥാപാത്രവും എങ്ങനെയായി ? നീലകണ്ഠൻ മാത്രമോ ജഗന്നാഥനും മുരുകനും ഒക്കെ ഹിന്ദു ബിംബങ്ങളുടെ വാഹകരായി. ഒരു സീനിൽ കണ്ട കിണ്ടിയുടെ വാലും വേറൊന്നിൽ കണ്ട തുളസിത്തറയും ചൂണ്ടിക്കാട്ടി ഓൺ ലൈനിൽ നിരൂപണ തൊഴിലാളികൾ സിനിമയെ ഹിന്ദുത്വയുടെ വാഹകരാക്കി. ആരെങ്കിലും എതിർത്തോ ? ആരെങ്കിലും വാർത്തയാക്കിയോ ? ഇല്ല ! മനുഷ്യന്റെ കാൽ പട്ടിക്ക് കടിക്കാനുള്ളതാണ് എങ്കിൽ കിണ്ടിയും ആൽത്തറയും നാലുകെട്ടും വിമർശകർക്ക് വലിച്ചുകീറി ഒട്ടിക്കാനുള്ളതാണ്. ഓ, പറഞ്ഞുവന്നപ്പോൾ, മനുഷ്യനെ കടിച്ച പട്ടിയെ പറ്റിയായിപ്പോയല്ലേ ?

കിണ്ടിയും വിളക്കും ആൽത്തറയും കേന്ദ്ര ബിന്ദുക്കളാകുന്ന സിനിമകൾ എണ്ണത്തിൽ കുറവാണ് എന്നതാണ് സത്യം. കോട്ടയം കുഞ്ഞച്ചനും ഈപ്പൻ ചാക്കോച്ചിയും ജോസഫലക്‌സും ഒക്കെയും നിർമിച്ച “മലയാളി അച്ചായൻ ആണത്ത” പൊതുബോധം എണ്ണം പറഞ്ഞ “സൊ കോൾഡ് നാലുകെട്ട്” സിനിമകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ഈ കഥാപാത്രങ്ങളുടെ ഫ്യുഡൽ ശരീരഭാഷയും വെറുപ്പിക്കുന്ന സ്ത്രീ വിരുദ്ധതയും ഒന്നും ഒരുകാലത്തും ചർച്ചയായില്ല. അതൊന്നും ഒരുകാലത്തും വിമര്ശിക്കപ്പെട്ടില്ല. പക്ഷെ ജഗൻ നാഥൻ ? അയാൾ ഫ്യുഡലാണ് , അയാൾ സ്ത്രീവിരുദ്ധനാണ്. അതവതരിപ്പിച്ച വ്യക്തിയെ വരെ അയാളുടെ വ്യക്തിജീവിതത്തിൽ ഒരിക്കൽ പോലും അയാൾ ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത ജാതിവാൽ കൂടി കൂട്ടിചേർത്ത് വിളിച്ചു തൃപ്തിയടയുന്ന അത്ര ക്രൂരത കൂടി ഈ പൊതുബോധം ഉണ്ടാക്കിയിട്ടുണ്ട്.

മതാധിഷ്‌ഠാനത്തിലുള്ള പൊതുബോധ നിർമ്മിതി എല്ലാ കാലത്തും മലയാള സിനിമയിൽ നടന്നുവരുന്നുണ്ട് എന്നത് സത്യമാണ്. കാവിയിട്ട എത്ര സന്യാസി കഥാപാത്രങ്ങൾ മലയാള സിനിമയിൽ നന്മയുള്ളവരായിട്ടുണ്ട് ? കള്ളന്മാർ, മണ്ടന്മാർ , മയക്കുമരുന്ന് കച്ചവടക്കാർ , ബലാത്സംഗ വീരർ അങ്ങനെ പോകുന്നു മലയാള സിനിമയുടെ മതാധിഷ്ടിത പൊതുബോധം ഹിന്ദു സന്യാസിമാരെ പ്രതിഷ്ഠിച്ച ഇടങ്ങൾ. അതെ സമയം ളോഹയിട്ട വികാരികളാകട്ടെ രണ്ടോ മൂന്നോ ചിത്രങ്ങളിലൊഴികെ നന്മ മരങ്ങൾ. ആരും ഒരിക്കലും ഇതിലൊന്നും പ്രശ്നം കണ്ടെത്തിയിട്ടില്ല. കഥാപാത്രം കടന്നുവരുന്ന ഫ്രയിമിലുള്ള നിഴലിനെ വരെ ഇറ കീഴി പരിശോധിച്ച് അതിനുള്ളിലെ കിണ്ടിവാലും തുളസിത്തറയും കണ്ടെത്തുന്ന ഒരൊറ്റ നിരൂപണ തൊഴിലാളിയും ഇതൊന്നും കണ്ടിട്ടില്ല. കാരണം ? അതങ്ങനെയാണ്, മനുഷ്യന്റെ കാലുകൾ പട്ടിക്ക് കടിക്കാനുള്ളതാണ്.

ഇവിടെയാണ് സിനിമാ നിരൂപണം എന്ന നിലയിൽ ശരാശരി മാത്രമായ രഞ്ജിത്ത് കാഞ്ഞിരത്തിലിന്റെ “അങ്കമാലിയിലെ പ്രധാനമന്ത്രിമാർ” അത് തുടങ്ങിവച്ച രാഷ്ട്രീയ മാനങ്ങളുടെ പേരിൽ ശ്രദ്ധേയമാകുന്നത്. താറാവിനെ പിടിച്ച പട്ടിയെ പിന്തുടർന്നു കടിച്ച മനുഷ്യൻ എങ്ങനെ വാർത്തയായോ അങ്ങനെ തന്നെ രഞ്ജിത്ത് കാഞ്ഞിരത്തിലിന്റെ നിരൂപണവും വാർത്തയായി. അങ്കമാലി ഡയറീസിലും ആമേനിലും ക്രിസ്ത്യൻ ബിംബങ്ങൾ തന്നെയാണ് ഉള്ളത്, അത് രഞ്ജിത്ത് വ്യാഖ്യാനിച്ച രീതിയോട് യാതൊരു യോജിപ്പുമില്ലെങ്കിൽ കൂടി അതുണ്ടാക്കിയ ചർച്ച പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇത്രകാലവും കലയിലെ മതവും പൊളിറ്റിക്‌സും വിഷയമായിരുന്നവർ പാടേ തിരിഞ്ഞിരിക്കുന്നു. കലയിൽ മതം തികയുന്ന നിലവാരം കുറഞ്ഞ ആസ്വാദകനെ വലിച്ചു കീറുന്നു. അതുകൊണ്ട് തന്നെ “അങ്കമാലിയിലെ പ്രധാനമന്ത്രിമാർ” ചർച്ച ചെയ്യപ്പെടണം.

എന്തുകൊണ്ടാണ് പുലി മുരുകനിലെ പുലി മുതൽ മുരുകന്റെ പേരും തോളിലെ വേലും വരെ “മതേതര ഓഡിറ്റിങ്ങിനു” വിധേയമാക്കിയവർ അതെ വ്യാഖ്യാനം തന്നെ തിരികെ കിട്ടിയപ്പോൾ പരിഭ്രാന്തരാകുന്നത് ? പരിഭ്രാന്തരാകാൻ മാത്രം അവർക്ക് അന്യമായിട്ടുള്ളതോന്നുമല്ല അവരുടെ മുന്നിൽ കിട്ടിയിരിക്കുന്നത്. അവർ കാലങ്ങളായി ഊതിക്കാച്ചിയെടുത്ത നിരൂപണത്തിന്റെ രസതന്ത്രങ്ങൾ തന്നെയാണ് രഞ്ജിത്ത് കാഞ്ഞിരത്തിലും പയറ്റിയിരിക്കുന്നത്. ആകെയുള്ള വ്യത്യാസം ഒന്നേയുള്ളു, പതിവുപോലെ മനുഷ്യന്റെ കാലിനല്ല കടി കിട്ടിയിരിക്കുന്നത്, പട്ടിയുടെ കഴുത്തിനാണ്.എന്നിരുന്നാലും ഒരൊറ്റ നിരൂപണത്തിൽ ഉരുകിപോകുന്നത്ര ദുർബലമായ ക്രാഫ്റ്റല്ല അങ്കമാലി ഡയറീസിന്റേതു. ലിജോയുടെ മുൻ ചിത്രങ്ങളെ പോലെ അതും സംവിധായകന്റെ കൈയ്യൊപ്പ് ചാർത്തിയതാണ്. മലയാള ചലച്ചിത്ര രംഗത്തെ മത ബിംബവത്കരണങ്ങളെചർച്ചയിലെത്തിക്കാനായി എന്ന നിലയിൽ രഞ്ജിത്തിന്റെ ശ്രമവും പാഴായിട്ടില്ല എന്നതും സത്യമാണ്.

430 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close