MovieEntertainment

ശരിയാണ് , അങ്കമാലി ഡയറീസ് കട്ട ലോക്കൽ തന്നെയാണ്

ഹരിത എസ് സുന്ദർ


.

പണ്ടൊരു സിനിമയിൽ, പേരോർമ്മയില്ല. സ്കൂൾ പെൺകുട്ടികൾ റേപ്പിന് ഇരയാവുന്നതിനെതിരെ പ്രതികരിക്കണമെന്നതായിരുന്നു പശ്ചാത്തലം.ഒരു സ്കൂൾ കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്ന “മനോഹരമായ ” ചിത്രീകരണം ആയിരുന്നു സിനിമയിലുണ്ടായിരുന്നത് .

ഇത്തരത്തിലൊരു സിനിമ മാത്രമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്ന അങ്കമാലി ഡയറീസും. രണ്ടേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ ത്രെഡ് എന്താണെന്ന് ചോദിച്ചാൽ, അത് പോലും പറയാനില്ലാത്ത സിനിമ. സിനിമകൾ നന്മയുള്ളതാവണം, സാമൂഹിക പ്രതിബദ്ധത ഉള്ളതാവണം എന്ന നിർബന്ധമൊന്നും ഇല്ല.

പക്ഷെ, സാമൂഹിക തിന്മകളെ അങ്ങേയറ്റത്തെ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമയെ ഒരു കൂട്ടം ആളുകൾ ആഘോഷിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ശരാശരിയിലും താഴെയാണ് ഈ ചിത്രം. അങ്ങനെ മാത്രമേ അങ്കമാലി ഡയറീസ് എന്ന സിനിമയെ വിലയിരുത്താൻ കഴിയുകയുള്ളൂ..

ഒരു ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അക്രമം കാണിക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് ഇനിയും തുടരുമോ, തുടരാതിരിക്കുകയോ ചെയ്യാം എന്ന ആശയ കുഴപ്പത്തിൽ ചിത്രീകരിച്ച അവസാനം. ഇതിലൂടെ സംവിധായകൻ പറഞ്ഞു വെച്ചത് എന്താണെന്ന് ഇനിയും മനസ്സിലായില്ല.

കാലങ്ങളിലൂടെ മലയാള സിനിമ സമൂഹത്തിൽ സ്ഥാപിച്ചെടുത്ത ഹീറോയിസം ആണ് വിൻസെന്റ് പെപ്പയുടെ കുട്ടിക്കാലത്തിലൂടെ കാണിക്കുന്നത്. നാട്ടിലെ പ്രധാന ഗ്യാങ്ങിനെ അതിശയത്തോടെ നോക്കി കാണുക. അതിലെ നേതാവിനെ ആരാധന പുരുഷനായി കൊണ്ട് നടക്കുക.

ഹീറോ കഥാപാത്രങ്ങൾ എല്ലായ്പ്പോഴും ജയിക്കണം, അക്രമ സ്വാഭാവം കാണിക്കണം എന്ന ക്ളീഷേ ഐഡിയ അതിഭീകരമായി സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഇവിടെ കാണാൻ കഴിയും. ബാബുജിയുടെ ഗ്യാങ്ങിൽ പ്രചോദനം കൊണ്ടുണ്ടായ വിൻസെന്റ് പെപ്പയുടെ “പഴയങ്ങാടി ഗ്യാങ് ” തുടങ്ങുന്നത് തന്നെ “നിന്റെ അമ്മയ്ക്ക് ഊഞ്ഞാലാടാനുള്ളതാണോടാ സ്റ്റീയറിങ്” എന്ന ‘പഞ്ച് ‘ ഡയലോഗ് പറഞ്ഞിട്ടാണ്.

പിന്നീട് റോഡിലിട്ട് ബാബുജിയെ യുക്ലാമ്പ് രാജനും, അപ്പാനി രവിയും ചേർന്ന് കൊലപ്പെടുത്തുന്ന രംഗവും അനീസിനെ തോട്ടയെറിഞ്ഞു കൊല്ലുന്ന പെപ്പയുമൊക്കെ അക്രമത്തിന്റെ വിവിധ മുഖങ്ങളാണ്. കൊണ്ടും, കൊടുത്തും ശീലിക്കേണ്ടവനാണ് ആണ് എന്ന പുരുഷ കേന്ദ്രീകൃത ചിന്ത കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. കള്ള് ഷാപ്പിലെ അവസാനത്തെ പ്ലേറ്റ് മുയലിറച്ചിക്ക് വേണ്ടിയുള്ള വഴക്കാണ് തികഞ്ഞ വയലൻസിലൂടെ ദാരുണമായ കൊലപാതകങ്ങളിൽ എത്തിക്കുന്നത്.

ഒരു ജീവനെ തോട്ടയെറിഞ്ഞു ഇല്ലാതാക്കിയിട്ട് ആർക്കും ഭീതിയോ ഞെട്ടലോ ഇല്ല. കുടുംബക്കാർക്ക് പരാതിയില്ല, സാമൂഹികമായ സമ്മർദ്ദങ്ങളൊന്നും തന്നെയില്ല. ഒരു കൊലയ്ക്ക് ശേഷം സാധാരണ പോലെ റോഡിലിറങ്ങി നടക്കുകയും, ദൈനം ദിനം പരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്ന നായക കഥാപാത്രത്തിൽ നിന്നും കൊല ഒരു സാധാരണ സംഭവിക്കേണ്ടുന്ന പ്രതിഭാസമാണെന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത്?

ഒരു ഒത്തു തീർപ്പിന് പോലും സമയം അനുവദിക്കാതെയുള്ള അടിയും, കുത്തും കൊലയുമാണ് സിനിമയിലുടനീളം. ശവത്തിന്റെ കയ്യും കാലും തല്ലിയൊടിക്കുന്ന സീൻ അക്രമത്തിന്റെ തീവ്രമായ അവസ്ഥയാണ്. അതിനെപ്പോലും ന്യായീകരിക്കുന്ന പോലീസ് ഓഫീസറെയാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ശുപാർശയും പണവും നൽകി എല്ലാം കേസും വളരെ മനോഹരമായി ഒത്തു തീർപ്പാക്കിയിരിക്കുന്നു.

മധ്യസ്ഥത വഹിക്കാനും, കേസിൽ നിന്ന് രക്ഷപ്പെടുത്താനും ആളുണ്ടെന്ന ബോദ്ധ്യത്തിൽ തൊട്ടതിനും മുട്ടിയതിനും അടിയുണ്ടാക്കുന്ന പഴയങ്ങാടി ഗ്യാങ് നാട്ടിലെ നിയമ വ്യവസ്ഥിതിക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ചതിന്റെ ഉദാഹരണം കൂടിയാണ് . കള്ളും പെണ്ണും കഞ്ചാവും ആണിന്റെ ബലഹീനതകൾ ആക്കി മാറ്റിയ മലയാള സിനിമ ചരിത്രം ഇവിടെയും ഒരു ചടങ്ങ് പോലെ ആവർത്തിച്ചു.

ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധത “ആ വഴിയിലൂടെ നടക്കുന്ന ‘പോക്ക് പെണ്ണിനെ ‘ മൂവായിരം രൂപയ്ക്ക് ” കിട്ടും എന്ന് പറയുമ്പോൾ തിയേറ്ററിൽ ഉണ്ടാകുന്ന പൊട്ടിച്ചിരിയിൽ അടങ്ങിയിട്ടുണ്ട്. മലയാളിയുടെ സ്ത്രീ വിരുദ്ധത തന്നെയാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.
അല്ലെങ്കിൽ, പെണ്ണിത്ര ഭക്ഷണം കഴിച്ചാൽ മതിയെന്ന് പറയുമ്പോഴും.ഇറച്ചിക്കടയിലെ മാംസത്തെ പെണ്ണുടലിനോട് താരതമ്യം ചെയ്യുമ്പോഴും.അങ്കമാലി പെണ്ണ് സ്ലീവ്‌ലെസ് ഇടേണ്ടെന്ന് ഒരാണ് പറയുമ്പോഴും. കൂട്ടം ചേർന്ന് പെണ്ണിന്റെ കുളി സീൻ കാണുമ്പോഴും. കെട്ട് കഴിഞ്ഞ പെണ്ണുങ്ങൾ ഇത്തിരി കൊഴുക്കണം എന്ന് പറയുമ്പോഴും.
നമ്മൾ മതി മറന്ന് ചിരിക്കുന്നത് എന്ത് കൊണ്ടാവും?

ചിലപ്പോൾ മദ്യപിച്ചു ഇരുട്ടത്ത് ആണിനൊപ്പം നടക്കുന്ന പെണ്ണിനെ.സ്ത്രീധനം വേണ്ടാത്തവൻ എന്നെ കെട്ടിയാൽ മതിയെന്ന് പറയുന്ന പെണ്ണിനെ.മകനെ രക്ഷിക്കാൻ കുടുംബ സ്വത്ത് വിൽക്കാം എന്ന് പറയുന്ന പെണ്ണിനെ. മകന്റെ മരണത്തിന്റെ പണം വേണ്ടെന്ന് പറയുന്ന പെണ്ണിനെ.അവന് മുൻപേ ആണിന്റെ കവിളിൽ ഒരു മുത്തം കൊടുക്കാൻ തയ്യാറാവുന്ന പെണ്ണിനെ, ഒക്കെ നമ്മൾ പുരോഗമന പെണ്ണുങ്ങൾ എന്ന് വിളിക്കുന്ന കാലഘട്ടത്തിൽ നിന്നും അധികമൊന്നും മുന്നോട്ട് പോകാത്തത് കൊണ്ടാകും.

ഈ സിനിമയിൽ സ്ത്രീ വിരുദ്ധതയും, അക്രമവും ഒന്നുമില്ല. ഇതൊരു റിയലിസ്റ്റിക് സിനിമ ആണെന്ന് പറയുന്ന വിഭാഗത്തോട്,നിങ്ങൾ പറയുന്നതും ശരിയായിരിക്കാം.നമ്മുടെ നാട്ടിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു ?സ്ത്രീകൾക്ക് നേരെ എത്ര അതിക്രമങ്ങൾ നടക്കുന്നു?എത്ര കേസുകൾ ഒത്തു തീർപ്പാക്കുന്നു?

നമ്മൾ മലയാളികളുടെ മനസ്സ് അങ്ങനെ പാകപ്പെട്ടു കഴിഞ്ഞു. ഇതെല്ലം നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്..

അങ്ങനെ വരുമ്പോൾ ശരിയാണ്..

അങ്കമാലി ഡയറീസ് ഒരു “കട്ട ലോക്കൽ പടം തന്നെയാണ് “

221 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close