ന്യൂഡൽഹി : ഇന്ത്യൻ വ്യോമയാന സേവന രംഗത്ത് കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഖത്തർ എയർവെയ്സ് ആഭ്യന്തര സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ അറിയിച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് എയർലൈനിന്റെ പുതിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.
കണിശമായ നിയമവ്യവസ്ഥകൾ പാലിച്ച് തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പനി എന്ന നിലക്ക് ഇന്ത്യൻ ഗവണ്മെന്റിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഖത്തർ എയർവെയ്സ് ഇന്ത്യൻ ആഭ്യന്തര വ്യോമയാന സർവീസ് ആരംഭിക്കുക. ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനിക്ക് ഇന്ത്യൻ പേരാണുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
തുടർച്ചയായി മികച്ച എയർലൈനിനുള്ള അംഗീകാരങ്ങളും പഞ്ചനക്ഷത്ര പദവിയുമുള്ള ഖത്തർ എയർവെയ്സ് കൂടുതൽ ആകർഷകങ്ങളായ സൗകര്യങ്ങളാണ് യാത്രക്കാർക്ക് ഒരുക്കുന്നത്. മേയ് മാസത്തോടെ വിമാനങ്ങളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നൽകുന്ന ആദ്യ കമ്പനി എന്ന സ്ഥാനവും ഖത്തർ എയർവെയ്സ് നേടും