MovieEntertainment

കണ്ണെടുക്കരുത് ഒരു നിമിഷം പോലും

സൂരജ് ഇലന്തൂർ


ഒരു സിനിമ ചരിത്രവിജയമാകുന്നതിന്റെ പത്തിരട്ടി പണിയാണ് അതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്ന പ്രേക്ഷകരുടെ ഹിമാലയൻ പ്രതീക്ഷകൾക്ക് ലവലേശം കോട്ടം തട്ടാതെ രണ്ടാംഭാഗം നിർമ്മിക്കുക എന്നത്. ലോകമെമ്പാടും അമിതപ്രതീക്ഷകൾ ആയതുകൊണ്ട് തന്നെ ഏതൊരു ചെറിയ പാളിച്ചയും സംവിധായകന്റെ നെഞ്ചത്ത് തറക്കാൻ പോകുന്ന വിമർശനകൂരമ്പുകളായിരിക്കും എന്ന ഉത്തമബോധ്യം രാജമൗലി എന്ന പ്രതിഭക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷകൾക്കും ഒരുപാട് ഉയരത്തിലാണ് മൗലി ബാഹുബലി-2 നെ നെയ്‌തെടുത്തത്.

ഒന്നാം ഭാഗം എവിടെ തീർന്നോ, അവിടെനിന്നു തന്നെ ആരംഭിക്കുന്നു ബാഹുബലി ടു ദ കൺക്ളൂഷൻ.. “പരമേശ്വരാ” എന്ന ശിവകാമിയുടെ ഗർജ്ജന രൂപത്തിലുള്ള ശിവഭഗവാനോടുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന സിനിമ ഒടുവിൽ ബാഹുബലി വെള്ളച്ചാട്ടത്തിനു കീഴെ പ്രതിഷ്ഠിച്ച ശിവലിംഗത്തിനു മുൻപിൽ അവസാനിക്കുമ്പോൾ ഇടയ്ക്കുള്ള രണ്ടു മണിക്കൂർ അമ്പതു മിനിറ്റ് രാജമൗലിയും സംഘവും പ്രേക്ഷകരെ കൊണ്ടുപോകുന്നത് നാളിതേ വരെ ഇന്ത്യൻ സിനിമാലോകം ആലോചിക്കാൻ പോലും ധൈര്യം കാണിച്ചിട്ടില്ലാത്ത സിനിമാ പരീക്ഷണങ്ങളുടെ ലോകത്തിലേക്കാണ്.

baahubali-stills-7

ഒരൊറ്റ നിമിഷം നിങ്ങൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കരുത്. എടുത്താൽ ലോകക്‌ളാസ്സിക് സിനിമാഗണത്തിലേക്ക് നമ്മുടെ ഭാരതം സംഭാവന ചെയ്ത ഒരേയൊരു ചലച്ചിത്ര കാവ്യത്തിലെ വിലപ്പെട്ട ഒരു രംഗം നിങ്ങൾക്ക് നഷ്ടമാകും.അതിസങ്കീർണ്ണമായ ഒരു പ്രമേയം, അത്യുജ്ജ്വല തീവ്ര ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കാഴ്ചയുടെ വിസ്ഫോടനങ്ങൾ തീർത്തു കൊണ്ട് ആഴ്ന്നിറങ്ങുന്ന അപൂർവ രംഗങ്ങൾ. സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് ആ വികാരം നേരിൽ കാണാം.

ബ്രഹ്മാണ്ഡ ചിത്രം എന്ന് വെറുതെ വിശേഷിപ്പിക്കുന്നതിൽ എന്തർത്ഥം ? എന്ത് കൊണ്ടാണ് അത് ബ്രഹ്‌മാണ്ഡമാകുന്നത് എന്നതല്ലേ പ്രധാനം ??
ഹോളിവുഡിനോട് കിടപിടിക്കുകയല്ല പലപ്പോഴും ഹോളിവുഡ് സിനിമകളെ കവച്ചു വെക്കുന്നു ഈ “മേക്ക് ഇൻ ഇന്ത്യ” സിനിമ. താരതമ്യം ചെയ്യാൻ ഇന്നേവരെ ഇന്ത്യയിൽ സിനിമകൾ ഉണ്ടാകാത്തത് കൊണ്ട് ഹോളിവുഡിലേക്ക് കണ്ണോടിച്ചാൽ ഒരുപിടി ചിത്രങ്ങൾ നമുക്ക് കിട്ടും. ട്രോയ്, ഗ്ളേഡിയേറ്റർ , പ്ളാനറ്റ് ഓദ് ദി ഏപ്പ്സ് അവതാർ, ലോർഡ് ഓഫ് ദ റിംഗ്സ്, 300, കിംഗ്ഡം ഓഫ് ഹെവൻ, ബ്രേവ് ഹാർട്ട്, ഇമ്മോർട്ടൽസ്, ദ ലാസ്റ്റ് സമുറായ്, ക്ളാഷ് ഓഫ് ടൈറ്റാൻസ് , തുടങ്ങിയ ഹോളിവുഡ് ക്ലാസിക്ക് -ചരിത്ര-യുദ്ധ-മിത്ത് സിനിമകളുടെ ഗണത്തിലാണ് ബാഹുബലിയുടെ സ്ഥാനം.

baahubali-stills-4

ജൈനമത വിശ്വാസപ്രകാരം ഋഷഭന്റെ പുത്രനാണ് ബാഹുബലി. ആദ്യ തീർത്ഥങ്കരൻ എന്ന ഖ്യാതി കേട്ട ഋഷഭന്റെ പുത്രൻ ബാഹുബലിയും, മഗിഴ്‌മതിയുടെ ബാഹുബലിയും തമ്മിൽ ഒരു ബന്ധവുമില്ല. ബലിഷ്ഠമായ ബാഹുക്കളോടു കൂടിയവനാണ് ബാഹുബലിയെന്നത് കൊണ്ടു തന്നെ പേരിലെ പ്രത്യേകത ബാഹുബലിയുടെ ആകാരത്തിനും കഴിവുകൾക്കും ഉണ്ട്. ഇത് നാം ഒന്നാം ഭാഗത്തിൽ കണ്ടതാണ്..

2015ൽ വന്ന് ഭാരതമാകെ അശ്വമേധം നടത്തിയ ആദ്യ ബാഹുബലിയുടെ ന്റെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നത് പോലെ വേറെയൊന്നിന് വേണ്ടിയും കാത്തിരുന്നിട്ടില്ല എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. ലോകോത്തര നിലവാരമുള്ള ആക്ഷൻ രംഗങ്ങളും, സാങ്കേതിക തികവും, ഇന്ത്യക്കാർക്ക് ആദ്യാനുഭവമായ ചരിത്രയുദ്ധ രംഗങ്ങളുടെ കലർപ്പില്ലാത്ത ചിത്രീകരണവും, പ്രഭാസ്, രമ്യാകൃഷ്ണൻ, റാണാ ദഗ്ഗു, സത്യരാജ്, അനുഷ്ക, തമന്ന, തുടങ്ങിയവരുടെ ഗംഭീര പ്രകടനങ്ങളും, ത്രസിപ്പിക്കുന്ന സംഗീതവും, ഇതിനെയെല്ലാം ഒരൊറ്റ ചരടിൽ നിയന്ത്രിച്ച രാജമൗലി എന്ന ശില്പിയുടെ ചാതുര്യവും ഒക്കെയാണ് ബാഹുബലിയുടെ ആദ്യഭാഗത്തെ ജനകീയമാക്കിയതെങ്കിൽ, ഇതിനെയെല്ലാം കവച്ചുവെച്ച് എക്സലന്റ് എന്ന വാക്കിന്റെ പരമോന്നതമായ ഉദാഹരണമാവുകയാണ് ബാഹുബലി-2.

baahubali-stills-5

ആദ്യ പകുതിയിൽ കണ്ട മായകാഴ്ചകളുടെ ഇരട്ടി വരും രണ്ടാം പകുതിയിൽ. മഗിഴ്‌മതിയും, കുന്തളാ വംശവുമെല്ലാം പ്രേക്ഷകരെ പുതിയലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.ഭാരതീയ ചരിത്ര പച്ഛാത്തലത്തിൽ, ഐതീഹ്യങ്ങളും, മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീർണ്ണമായ കാലഘട്ടത്തിന്റെ വിശ്വസനീയത പ്രേക്ഷകരിലേക്ക് വിട്ടുവീഴ്ചയില്ലാതെ സന്നിവേശിപ്പിക്കാൻ രാജമൗലിയെ സഹായിച്ചത് ഇച്ഛാശക്തിയും പിന്നെ പ്രഗത്ഭരുടെ ഒരു നീണ്ട നിരയുമായിരിക്കാം….

ഛായാഗ്രഹണം ചെയ്ത സെന്തിൽകുമാർ, വസ്ത്രാലങ്കാരം ചെയ്ത രമാ രാജമൗലി, കലാസംവിധായകരായ സാഗർ കമാലി, സിലാസ് പൾസ്, മുഹമ്മദ്‌ യൂസഫി
വിഷ്വൽ ഇഫക്ട്സ് ചെയ്ത ആഞ്ചൽ ആഞ്ചലോസ് &ടീം.ആക്ഷൻ സംവിധായകരായ മോർഗൻ ബെനോയിറ്റ്, ഡാൻ ഡാർഗൻ കാർട്ടർ, വോൻസെൽ കാർട്ടർ, ഗ്ലെൻ ചോ, ജിമ്മി ലിയു.ആനിമേഷൻ കൈകാര്യം ചെയ്ത രഞ്ജിത് കുമാർ തുടങ്ങി സ്വദേശികളും, വിദേശികളുമായ നൂറുകണക്കിന് സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഇതിഹാസം രചിക്കാൻ മൗലിക്ക് താങ്ങായത്.

baahubali-the-conclusion-behind-the-scenes14

മൗര്യന്മാരും, ശതവാഹനന്മാരും, ഇഷ്വാകു വംശവും, ചോളവംശവും, പല്ലവവംശവും, ആനന്ദഗോത്രിക വംശവും, ചാലൂക്യ വംശവും, കാകതിയ രാജവംശവുമൊക്കെ മാറിമാറി ഭരിച്ച തെലുങ്ക് നാടിന്റെ വർണ്ണാഭമായ ചരിത്രപശ്ചാത്തലം സാങ്കൽപ്പിക രാജവംശങ്ങളായ മഗിഴ്‌മതിയിലൂടെയും,കുന്തള വംശത്തിലൂടെയും പകർന്നാടിയിരിക്കുന്നു . ആദ്യ പകുതിയിൽ ഉള്ളതിനേക്കാൾ ഏറെ രാജവംശത്തിന്റെ ആചാരങ്ങളും, അവകാശങ്ങളും, ഭരണരീതികളും രണ്ടാം ഭാഗത്തിലുണ്ട്.

ഇതൊരു ചരിത്രധാര സിനിമയാണെന്ന് അണിയറക്കാർ പറയാത്തിടത്തോളം കാലം മഗിഴ്മതിയുടെ ആധികാരികത തേടി വിമർശകർ ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.ദ്രവീഡിയ ശൈലിയിൽ നിർമ്മിക്കപ്പെട്ട കൊട്ടാരങ്ങളുടെയും, ദൃശ്യങ്ങളുടെയും പറുദീസയായതു കൊണ്ട് ബാഹുബലിയുടെ പശ്ചാത്തലം തെക്കേ ഇന്ത്യയിൽ, വിന്ധ്യപർവ്വതത്തിനു സമീപം എവിടെയോ ആണെന്ന് കരുതുന്നതിൽ തെറ്റുമില്ല.

കട്ടപ്പയെന്തിന് ബാഹുബലിയെ വധിച്ചു എന്ന ഗിന്നസ് റെക്കോർഡ് ചോദ്യമാണ് ഈ സിനിമക്ക് ഇത്രയും ഹൈപ്പ് നല്കിയതെങ്കിലും, സിനിമ കാണുന്ന പ്രേക്ഷകർ സംവിധായകൻ ഒരുക്കിയ മായക്കാഴ്ചകളിൽ പെട്ട് മനം മയങ്ങിയിരിക്കുമ്പോൾ നാമറിയാതെ തന്നെ ആ ചോദ്യത്തിന് ഉത്തരം ലഭിക്കും.(ആ രഹസ്യം ഇന്നേ നിമിഷം വരെ പരസ്യമാക്കാതെ സോഷ്യൽ മീഡിയയും മാന്യത കാണിച്ചു )

429_bb6

ആദ്യ ഭാഗത്തേക്കാൾ കുറച്ചുകൂടി വികാരതീവ്രമാണ് രണ്ടാം ഭാഗത്തിലെ പല രംഗങ്ങളും.അനുഷ്ക ഷെട്ടി എന്ന നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ദേവസേനയെന്നു നിസംശയം പറയാം. രമ്യകൃഷ്‌ണന്‌ മാത്രം സാധിക്കുന്ന ശിവകാമിയും സത്യരാജിന്റെ കട്ടപ്പയും, നാസറിന്റെ  പിംഗളദേവനുമെല്ലാം തകർത്തു. ഒപ്പം മലയാളികളുടെ പൊന്നോമന ചിറക്കൽ കാളിദാസൻ എന്ന കരിവീരനും…

യത്ര നാര്യസ്തു പൂജ്യന്തേ.എന്ന ഭാരതീയ ധർമ്മത്തിന്റെ പ്രയോക്താവായി “പെണ്ണിന്റെ ദേഹത്ത് തൊടുന്നവന്റെ കൈയല്ല തലയാണ് വെട്ടേണ്ടത് ” എന്ന ബാഹുബലി ഗർജ്ജനത്തിനാണ് ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചത്.

baahubali-the-conclusion-behind-the-scenes1

അധികാരത്തിനും പെണ്ണിനും വേണ്ടി മാത്രമേ ലോകത്തെവിടെയും യുദ്ധം നടന്നിട്ടുള്ളൂ.അത് പുരാണകാലമായാലും ആധുനികകാലമായാലും.കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങളാൽ സമൃദ്ധമായ അവസാന ഒരു മണിക്കൂറിൽ പ്രേക്ഷകന് ശ്വാസം വിടാൻ പോലും സമയം കിട്ടില്ല. ലോകത്ത് ഇന്നേവരെ ഒരു യുദ്ധസിനിമയിലും കാണാത്ത യുദ്ധതന്ത്രങ്ങളും,നടപ്പിലാക്കുന്ന രീതികളും മഗിഴ്മതിയിൽ കാണാം.

ഭാരതീയ സംസ്കാര പ്രതീകങ്ങളെ യഥാവിധി ആദരിച്ചുകൊണ്ടും പ്രതിഷ്ഠിച്ചു കൊണ്ടും ബാഹുബലി അവസാനിക്കുമ്പോൾ നിറഞ്ഞ മനസ്സോടെ പ്രേക്ഷകർ പറയുന്നു.ഇത് ലോക ക്‌ളാസ്സിക് സിനിമകളുടെ ഗണത്തിലേക്ക് എന്റെ ഭാരതം സംഭാവന ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം.ഇത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം…

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close