കോട്ടയം: കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ എസ്എഫ്ഐ അക്രമങ്ങള്‍ക്കെതിരെ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ സമരവുമായി രംഗത്ത്. എസ്എഫ്ഐ നടത്തിവരുന്ന അക്രമരാഷ്ട്രീയത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ആരംഭിച്ച ദിവസമായ ഇന്നലെ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്ത എബിവിപി പ്രവര്‍ത്തകരെ പ്രകോപനമൊന്നും കൂടാതെ ക്രൂരമായി മര്‍ദ്ദിച്ചു. ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ത്ഥിനികളുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്.
അക്രമം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയം മറന്ന് കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും ഒന്നടങ്കം കുത്തിയിരുപ്പ് സമരം നടത്തി. ഉടന്‍ തന്നെ എസ്എഫ്ഐ നേതാക്കള്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനികള്‍ പിന്മാറിയില്ല.
സമരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചെന്ന മാദ്ധ്യമ പ്രവര്‍ത്തകരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
വര്‍ഷങ്ങളായി എസ്എഫ്ഐയുടെ കുത്തകയാണ് നാട്ടകം ഗവണ്മെന്റ് കോളേജ്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയാണ് എസ്എഫ്ഐ ചെയ്തുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെയുള്ള കോളേജുകളിലെ അവസ്ഥയും ഇതുതന്നെയാണ്. എന്നാല്‍ ഇതാദ്യമായാണ് എസ്എഫ്ഐയ്ക്കെതിരെ ഒരു കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും സമരവുമായി രംഗത്ത് വന്നത്.