Special

ദാ മോനെ ആ പുല്ലാഞ്ഞിക്കാട് കണ്ടോ അത് തളിര്‍ത്ത് നില്‍ക്കുന്നത് കണ്ടോ ?എന്‍റെ മോന്‍റെ ചോര മൊത്തം അതിന്‍റെ കീഴെയാ..

അശോകൻ തില്ലങ്കേരി


*കുറേ കാലത്തിന് ശേഷം രമിത്തിന്‍റെ വീട്ടിലെത്തി…*

ഏട്ടാ പിണറായി എത്തുമ്പോള്‍ വിളിക്ക് എവിടെയായാലും ഞാന്‍ കൂട്ടാന്‍ വരാം എന്നുപറഞ്ഞ് കൈപിടിച്ച് വീട്ടിലേക്ക് വരുവാന്‍ നിര്‍ബന്ധിക്കാറുള്ള രമിത്ത് ഈ ലോകത്തില്ലെന്നത് സത്യം എനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാനാകുന്നില്ല. രമിത്തിന്‍റെ വെട്ടേറ്റ മുഖം എങ്ങിനെയോ മനസ്സിലോടി…

*കയ്യറപ്പില്ലാതെ കാട്ടാളന്‍മാര്‍ പെങ്ങളുടെയും അമ്മയുടെയും കണ്‍വെട്ടത്ത് വെട്ടിക്കീറിയ മുഖം….*

ഒരു കാലത്ത് രമിത്തിനൊപ്പം ഞാന്‍ കയറിപ്പോയ രമിത്തിന്‍റെ വീട്ടിലേക്ക് ഇന്ന് രമിത്തില്ലാതെ പോകുകയാണ്…

പിണറായി ടൗണില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള വീട്, റോഡില്‍ നിന്നും വീട്ടിലേക്കുള്ള പാതയിലേക്ക് ഞാന്‍ കയറി,ഗ്രില്‍സ് അകത്തുനിന്നും പൂട്ടിയിട്ടുണ്ട്.. ഞാന്‍ മെല്ലെ കോളിംഗ് ബെല്‍ അടിച്ചു അല്‍പം കഴിഞ്ഞപ്പോള്‍ ജാലകത്തിന്‍റെ കര്‍ട്ടൻ ഒന്നനങ്ങി…

*പിന്നെ വാതില്‍ തുറക്കപ്പെട്ടു രമിത്തിന്‍റെ അമ്മ…*

ആ മുഖത്ത് ഒന്നേ നോക്കിയുള്ളൂ പിന്നെ ഒന്ന് താഴേക്ക് നോക്കി തൊണ്ടയിലെ ഉമിനീരിറക്കി ഒന്ന് ചിരി വരുത്തി വീണ്ടും അമ്മയുടെ മുഖത്ത് നോക്കിയപ്പോള്‍ വിളറിയ ചിരിയോടെ ആ അമ്മ ഗ്രില്‍സ് തുറന്നു തന്നു…

അകത്തേക്ക് കയറി സെന്‍ട്രല്‍ ഹാളില്‍ കസേരയിട്ട് ഒന്നും പറയാനാകാതെ ഞാന്‍ ഇരുന്നു..മോനെപ്പോഴാ വന്നത്.?

*അമ്മ ചോദിച്ചു…*

”വനവാസിയായിഅലയുകയായിരുന്നു അതായിരുന്നു ഉത്തരവാദിത്വം ” ”ഉം ഞാന്‍ ചായയെടുക്കാം… ”അമ്മ ചായയിടാന്‍ പോയി ഞാന്‍ മുറി ഒന്ന് കണ്ണോടിച്ചു…

മുറിയില്‍ ഉത്തമേട്ടന്‍റെയും രമിത്തിന്‍റെയും വലിയ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നു…മുന്നേ രമിത്തിനൊപ്പം വരാറുള്ളപ്പോള്‍ ഉത്തമേട്ടന്‍റെ ഫോട്ടോ ഞാന്‍ നോക്കിയപ്പോള്‍ അവന്‍ അച്ഛനെക്കുറിച്ച് പലതും പറഞ്ഞിരുന്നു അമ്മയെ നോക്കണമെന്നും അമ്മയെ ഒറ്റയ്ക്കാക്കി പോകാന്‍ പറ്റാത്തതിനാലാണ് ഗള്‍ഫ് ജോലി വേണ്ടെന്ന് വച്ചതെന്നും…

*അമ്മ ഒറ്റയ്ക്കായാല്‍ അമ്മക്ക് ഭ്രാന്ത് പിടിക്കുമെന്നും അവന്‍ പറഞ്ഞിരുന്നു …*

ഈ മുറിയില്‍ അവന്‍റെ ഓര്‍മ്മകള്‍ വല്ലാതെ തികട്ടിവരുന്നത് പോലെ എനിക്ക് തോന്നി..

അപ്പോഴാണ് ടിവി സ്റ്റാന്‍ഡില്‍ അവന്‍റെ പുഞ്ചിരിക്കുന്ന ഫോട്ടോ ഫ്രയിം ചെയ്ത് വച്ചത് കണ്ടത്…
ഞാന്‍ എഴുന്നേറ്റ് ആ ഫോട്ടോ കൈയ്യിലെടുത്തു…

അപ്പോഴാണ് അവന്‍റെ അമ്മ ചായയുമെടുത്ത് വന്നത്… എന്‍റെ കയ്യിലുള്ള ഫോട്ടോയും എന്‍റെ കണ്ണിലും ആ ഹതഭാഗ്യയായ അമ്മ മാറി മാറിനോക്കി….

*ആ അമ്മയുടെ മനസ്സില്‍ ദുഃഖം അണപൊട്ടിയൊഴുകി…*
എന്തിനാ മോനേ അവര്‍ എന്‍റെ മോനേ കൊന്നത്…? അവന്‍ വല്ലതിനും പോകുന്നത് കൊണ്ടാണോ…? അങ്ങിനെ പോകുന്നവനാണെങ്കില്‍ ഈ പ്രശ്നമൊക്കെ നടക്കുമ്പോള്‍ അവനിവിടെ നില്‍ക്കുമോ..? അവനൊരു പാവമെന്ന് മോനും അറിഞ്ഞൂടെ…എന്നിട്ടും എന്‍റെ കുട്ടിയെ…? അമ്മയുടെ വാക്കുകള്‍ കണ്ണീരിലലിഞ്ഞു… ഞാനും വല്ലാതായി….

” ദാ മോനെ ആ പുല്ലാഞ്ഞിക്കാട് കണ്ടോ അത് തളിര്‍ത്ത് നില്‍ക്കുന്നത് കണ്ടോ…?

*കഴിഞ്ഞ വേനലിലും അത് ഉണങ്ങിയിട്ടില്ല എന്തെന്നോ എന്‍റെ മോന്‍റെ ചോര മൊത്തം അതിന്‍റെ കീഴെയാ ….*

(വീണ്ടും വിതുമ്പി…) മോന് അറിയൂലെ ഞങ്ങള് ഈടെ നില്‍ക്കാറില്ല മോളുടെ വീട്ടിലാ… നവമിയുടെ മൂന്ന് ദിവസത്തെ ലീവിന് ഇവിടത്തെ പൊടിയൊക്കെ തുടച്ച് വൃത്തിയാക്കാമെന്ന് കരുതി വന്നതാ…വരണ്ടായിരുന്നെന്ന് ഇപ്പോ തോന്നിപ്പോകുകയാ അന്ന് വന്നില്ലെങ്കില്‍ എന്‍റെ മോനിപ്പോളും….. ആ അമ്മ ആര്‍ത്തു കരയുകയാണ്… സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് എന്‍റെ കൈ പിടിച്ച് രമിത്തിന്‍റെ റൂമിലേക്ക് കൊണ്ടുപോയി…

അവന്‍റെ ഷെല്‍ഫ് തുറന്നു ഭദ്രമായി മടക്കിവച്ച രണ്ട് ജോഡി ഡ്രസ്സ് എടുത്ത് എന്നെ കാണിച്ചു… ” നോക്ക് മോനേ അവന്‍റെ അച്ഛന്‍റെ അനിയന്‍റെ മോളുടെ കല്യാണം കൂടാന്‍ അവന്‍ എടുത്തതാണ്…

മൂന്ന് ജോഡി ഡ്രസ്സ് ഒന്ന് കല്യാണത്തലേന്നും മറ്റേത് കല്യാണത്തിനും മൂന്നാമത്തെ സല്‍ക്കാരത്തിനും ഇടാമെന്ന് പറഞ്ഞെടുത്ത തുണിയാ മോനെ,പക്ഷേ എന്‍റെ കുട്ടിക്ക് കല്യാണം കൂടാന്‍ യോഗം ഉണ്ടായില്ല…അതിലൊരു ഡ്രസ്സിടീപ്പിച്ചാ എന്‍റെ കുട്ടിയെ ഞാന്‍ പറഞ്ഞയച്ചത്…” കയ്യിലെ ഡ്രസ്സെടുത്ത് മുഖത്തോട് ചേര്‍ത്തുകൊണ്ട് അമ്മ കണ്ണീര്‍ തുടക്കുകയാണ് ഒന്നും പറയാനാകാതെ ഞാനും…

അമ്മേ ഈ നാട്ടില്‍ ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കണോ നമുക്ക് ചാവശ്ശേരിലേക്ക് പോയാലോന്ന് ഞാന്‍ ചോദിച്ചു, അപ്പോള്‍ ആ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു…”

ഞങ്ങളിവിടെ വന്നത് ഇവിടെ തുടച്ച് വൃത്തിയാക്കാന്‍ മാത്രമല്ല മോളുടെ പ്രസവം കഴിഞ്ഞ് ഇവിടെ വന്ന് കൂടാനായിരുന്നു എപ്പോഴും നിലവിളക്ക് വയ്ക്കണമെന്നത് മോന്‍റെ നിര്‍ബന്ധമായിരുന്നു നിലവിളക്ക് വയ്ക്കാത്തത് ലക്ഷണക്കേടാണ് ഇനി എന്ത് ലക്ഷണക്കേടാണ് എനിക്ക് വരാനുള്ളത്…

*ഞാന്‍ എങ്ങോട്ടും ഇല്ല മോനേ ഈടത്തന്നെ മരിച്ചോളാം…*

(തുണി ഒന്നൂടെ മുഖത്തോട് ചേര്‍ത്ത്) എന്‍റെ മോനിട്ട് നോക്കിയ തുണിയാ ഓന്‍റെ മണം തന്നെയാ ഈ തുണിക്ക് എന്‍റെ ജീവിതാവസാനം വരെ ഞാനിത് സൂക്ഷിച്ച് വയ്ക്കും ഇനി ഈ വീടും അവര്‍ കത്തിക്കാന്‍ വന്നാല്‍ ഞാനതില്‍ കിടന്ന് മരിക്കും…”

മോനെ,മോന്‍ ഈടെയൊന്നും നിക്കണ്ട പഴയത് പോലെ എവിടെക്കെങ്കിലും പോയ്ക്കോ ഇങ്ങനെ എപ്പോളെങ്കിലുമൊക്കെ വന്നാല്‍ മതി…
അവര് അത്രയും ദുഷ്ടന്‍മാരാ…. മോനെയും എന്തേലും ചെയ്യും…
ഞാന്‍ ഒരു ചിരി വരുത്തി ഇങ്ങനെ പറഞ്ഞു ” അങ്ങിനെ ചെയ്യുന്നെങ്കില്‍ ചെയ്യട്ടമ്മേ… ഏതായാലും മരിക്കൂലേ….”അപ്പോഴേക്കും ചായ തണുത്തിരുന്നു . ഞാനത് ഒറ്റവലിക്ക് കുടിച്ചു… പിന്നെ അല്‍പം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങി…

*വരുമ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി ആ അമ്മ മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു പിറകില്‍ പുഞ്ചിരിച്ച് ടിവി സ്റ്റാന്‍റിന്‍റെ മുകളില്‍ രമിത്തിന്‍റെ ഫോട്ടോയും ഞാന്‍ മെല്ലെ മുറ്റത്തിറങ്ങി, റോഡിലേക്ക് നടന്നു…*

റോഡിനപ്പുറത്ത്‌ പുല്ലാഞ്ഞിക്കാടുകള്‍ അപ്പോള്‍ ഇളം കാറ്റില്‍ തലയാട്ടിക്കളിക്കുന്നുണ്ട്..നമ്മുടെ രമിത്തിന്‍റെ ചോര വളമാകിയത് കൊണ്ടാകണം അതിപ്പോഴും അവനെപ്പോലെ തന്നെ നീണ്ട് മെലിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ആ അമ്മയെതന്നെ നോക്കി തലയുയര്‍ത്തി നില്‍ക്കുന്നത്…


മാർക്സിസ്റ്റ് കാപാലികരാൽ അരും കൊല ചെയ്യപ്പെട്ടവരാണ് രമിതും അച്ഛൻ ഉത്തമനും . രമിതിന്റെ കുടുംബസുഹൃത്താണ് ലേഖകൻ

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close