IndiaSpecial

ബംഗാൾ : മോന്തായത്തിനൊപ്പം അടിത്തറയും തകർന്ന് സിപിഎം

34 വർഷത്തെ തുടർച്ചയായ ഭരണം . കൊട്ടിഘോഷിക്കപ്പെട്ട ഇടത് നയങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ തുടർച്ചയായി തന്നെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ബംഗാൾ ഭരിച്ചത് . 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിലാണ് ബംഗാളിൽ ഇടതു മുന്നണി അധികാരത്തിലേറിയതും .

സിംഗൂരും നന്ദിഗ്രാമും ഇടതുമുന്നണിയ്ക്ക് തിരിച്ചടിയായതോടെ ബംഗാളിൽ തൃണമൂൽ കൊടി പാറി . 2016 ഓടെ തകർച്ച പൂർണമായി . ഒരുകാലത്ത് സംസ്ഥാനത്തെ വലിയ കക്ഷിയായിരുന്ന കോൺഗ്രസിനോടൊപ്പം, ചേർന്ന് മത്സരിച്ചിട്ടും ദയനീയ തകർച്ചയായിരുന്നു ഫലം . എന്നുമാത്രമല്ല സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു .

പുതുതായി നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആ മുറിവുകളിൽ ഉപ്പു തേയ്ക്കുന്നതാണെന്ന് പറയാതെ വയ്യ . എല്ലാ മുനിസിപ്പാലിറ്റികളിലും മത്സരിച്ചിട്ടും കോൺഗ്രസിനോട് സഖ്യം ഉണ്ടായിരുന്നിട്ടും ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സിപിഎമ്മിനായില്ല . ഫോർവേഡ് ബ്ളോക്കിന്റെ ഒരു സീറ്റു മാത്രമാണ് ആകെയുള്ള അപവാദം .

അതേ സമയം ബിജെപി പതുക്കെ പതുക്കെ നില മെച്ചപ്പെടുത്തുന്നുമുണ്ട് . ബുനിയാദ്പൂർ , കൂപ്പേഴ്സ് ക്യാമ്പ് , ദുർഗാപൂർ, ധുപ്ഗുരി , ഹൽദിയ, നൽഹട്ടി,പൻസ്കുര എന്നെ നഗരസഭകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . ആകെയുള്ള 148 സീറ്റുകളിൽ 140 ഉം തൃണമൂൽ നേടിയപ്പോൾ 6 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു . ഒരു സ്വതന്ത്രനും ഒരു ഫോർവേഡ് ബ്ളോക്ക് അംഗവുമാണ് മറ്റുള്ള രണ്ട് സീറ്റുകൾ നേടിയത് .

സീറ്റുകൾ ലഭിക്കാത്തതല്ല സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത് . ഏഴ് മുനിസിപ്പാലിറ്റികളിലും കൂടി മുന്നണിക്ക് ലഭിച്ചത് അറുപത്താറായിരം വോട്ടുകൾ മാത്രമാണ് . അതും കോൺഗ്രസുമായി ചേർന്നാണ് ഇത്രയും വോട്ടുകൾ ലഭിച്ചത് . അതേ സമയം ബിജെപി ഒറ്റയ്ക്ക് നേടിയത് എൺപത്തിയാറായിരം വോട്ടുകളാണ് . കഴിഞ്ഞവട്ടം ബിജെപിക്ക് ലഭിച്ചത് വെറും ഇരുപതിനായിരം വോട്ടുകളായിരുന്നു.

ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ചിലയിടങ്ങളിൽ തൃണമൂലുമായി നല്ല മത്സരവും കാഴ്ചവച്ചു . എന്നാൽ മൂന്നക്കത്തിലെത്താൻ തന്നെ പാടുപെടുന്ന അവസ്ഥയിലാണ് സിപിഎം . ഒരു വാർഡിൽ വെറും 7 വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചതെന്നറിയുമ്പോഴാണ് തകർച്ചയുടെ ആഴം മനസ്സിലാവുക .

കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ളവയിലെ ഒന്നൊഴിച്ചുള്ള മുനിസിപ്പാലിറ്റികളിൽ നിന്ന് കോൺഗ്രസില്ലാതെ രണ്ട് ലക്ഷത്തോളം വോട്ടുകളാണ് ഇടത് മുന്നണി നേടിയത് .എല്ലായിടത്തും ബിജെപിയെക്കാൾ മുന്നിലും .

എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന എലാ മുനിസിപ്പാലിറ്റികളിലും ആകെ ലഭിച്ച വോട്ടുകളിൽ ബിജെപിക്ക് പിന്നിലാണ് സിപിഎം . കോൺഗ്രസിന്റെ വോട്ടു കൂടി കൂട്ടിയാൽ പോലും നൽഹട്ടിയിൽ മാത്രമാണ് മുന്നിലെത്താൻ കഴിയുക .ശക്തി കേന്ദ്രമെന്നറിയപ്പെട്ട ദുർഗാപൂരിലും ഹൽദിയയിലും പാർട്ടി തിരിച്ചടി നേരിട്ടു  .  ദുർഗാപൂരിൽ ബിജെപി ഒപ്പത്തിനൊപ്പം കയറി .

ദുർഗാപൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തോളം വോട്ട് നേടിയ ബിജെപി ഇപ്പോൾ അത് നാൽപ്പത്തയ്യായിരത്തിനു മുകളിലെത്തിച്ചു . അതേ സമയം ഒരു ലക്ഷത്തിൽപരം വോട്ടു നേടിയ സിപിഎമ്മിനാകട്ടെ ഇപ്പോൾ പകുതി പോലും നേടാനായതുമില്ല .

നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും പോലെയല്ല പഞ്ചായത്ത് നഗര സഭ തെരഞ്ഞെടുപ്പുകൾ . ഒരു സംഘടനയുടെ അടിസ്ഥാനം നിർണയിക്കുന്നത് അത്തരം തെരഞ്ഞെടുപ്പുകളാണ് . അങ്ങനെ നോക്കുമ്പോൾ സിപിഎം തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് . കോൺഗ്രസിനോടൊട്ടി നിന്നിട്ട് പോലും രക്ഷയില്ല എന്നതാണവസ്ഥ .

സെൽഭരണവും സ്വജന പക്ഷപാതവും ഫാസിസ്റ്റ് സമീപനങ്ങളും തിരിച്ചടി വാങ്ങിത്തുടങ്ങിയപ്പോൾ കൂട്ടത്തോടെയായതാണ് സിപിഎമ്മിനെ തകർക്കുന്നത് . ഒപ്പം രക്ഷിക്കാൻ തലയെടുപ്പുള്ള ജനകീയ നേതാക്കളുമില്ല എന്ന അവസ്ഥ .

ചുരുക്കത്തിൽ മോന്തായത്തിനൊപ്പം അടിത്തറയും ഇളകിക്കഴിഞ്ഞെന്നർത്ഥം .

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close