MovieEntertainment

സീതാകല്യാണത്തിലെ രാഗരേണു

സംസ്ഥാന സ്കൂൾ യുവജനോത്സവം ഭാവിയുടെ താരങ്ങളെ സംഭാവന ചെയ്യുന്നുവെന്ന വാദം ഇന്നൊരു ക്ളീഷേയാണ് . എങ്കിലും സോളോയിലെ സീതാകല്യാണം എന്ന ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുമ്പോൾ ശ്രദ്ധിക്കപ്പെടുന്നതും ഒരു പഴയ കലോത്സവ താരം തന്നെ .

രേണുക അരുൺ

ബലേ ബലേ മഗേഡിവോയ് എന്ന തെലുങ്ക് ചിത്രത്തിലെ എന്തരോ മഹാനുഭാവുലു എന്ന ഗാനം സംഗീതാസ്വാദകരുടെ മനസ്സുകളിൽ പെയ്തിറങ്ങിയപ്പോഴാണ് രേണുകയുടെ സ്വരമാധുര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് .കർണാടക സംഗീതം അറിയുന്ന പുതിയ ഗായികയെ തേടിയ ഗോപീസുന്ദർ യാദൃശ്ചികമായാണ് രേണുകയെ കണ്ടെത്തിയതും സിനിമയിൽ പാടാൻ ക്ഷണിച്ചതും .

സിനിമയിലെ ആദ്യ ഗാനം തന്നെ അവാർഡും നേടിക്കൊടുത്തു രേണുകയ്ക്ക് . ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ഗൾഫ് ആന്ധ്ര മൂവി അവാർഡ് എന്തരോ മഹാനുഭാവുലുവിന് ലഭിച്ചു . ഈ ഗാനം കേട്ട യുവ സംഗീത സംവിധായകൻ സൂരജ് കുറുപ്പാണ് സോളോയിലെ തന്റെ സീതാകല്യാണം എന്ന പാട്ടു പാടാൻ രേണുകയ്ക്ക് അവസരം നൽകിയത് . ശബ്ദസൗകുമാര്യം കൊണ്ട് ഗാനത്തെ അവർ അവിസ്മരണീയമാക്കുകയും ചെയ്തു . സൂരജ് തന്നെയാണ് ഈ ഗാനത്തിൽ രേണുകയ്ക്കൊപ്പം പാടിയിരിക്കുന്നതും

ബിജോയ് നമ്പ്യാരുടെ വ്യത്യസ്തത നിറയുന്ന ചിത്രമായ സോളോയിൽ ദുൽഖർ സൽമാനാണ് നായകൻ . ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ സീതാകല്യാണം ഇതിനോടകം യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു. 1.7 മില്യണിലധികം പേർ ഇതുവരെ വീഡിയോ കണ്ടു.

ഗ്രീക്ക് സംഗീതജ്ഞനായ യാനിയെ ഏറെ ഇഷ്ടപ്പെടുന്ന രേണുക എം എസ് സുബ്ബലക്ഷ്മിയുടെ ആരാധിക കൂടിയാണ് . കർണാടിക് സംഗീതജ്ഞ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ടത് സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരിക്കാൻ കാരണമായെന്ന് തോന്നുമ്പോഴും കർണാടിക് സംഗീതം തന്നെയാണ് തന്റെ ശക്തിയെന്ന് പറയാൻ ഈ പെരുമ്പാവൂരുകാരിക്ക് മടിയില്ല

അറുനൂറിലധികം വേദികളിൽ കച്ചേരി അവതരിപ്പിച്ചിട്ടുള്ള രേണുക കൊച്ചിയിൽ ഇൻഫോ പാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് . നാല് വയസ്സിൽ തുടങ്ങിയ സംഗീത അഭ്യസനം ഇന്നും തുടരുന്നു . ആത്മ എന്ന പേരിൽ കാക്കനാട് സംഗീത വിദ്യാലയം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ . ഈ വിജയദശമിക്ക് സ്കൂൾ ആരംഭിക്കും .

122 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close