ദുബായ് : ദുബായിലെ സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ടാകുന്നത് ടൈപ്പിംഗ് സെന്ററുകള്‍ക്ക് തിരിച്ചടിയാകുന്നു. നവംബര്‍ മുതല്‍ റസിഡന്‍സ് വിസ അപേക്ഷകള്‍ കൂടി ഓണ്‍ലൈനാകുന്നതോടെ ടെപ്ഫിംഗ് സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലായി.
ദുബായിയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമായി മാറ്റാനുളള ലക്ഷ്യത്തോടെ, അതിവേഗ മാറ്റങ്ങളാണ് അധികാരികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പല മേഖലകളിലും ജീവനക്കാരുടെ ആവശ്യമില്ലാത്ത തരത്തില്‍ ഓണ്‍ലൈനാക്കി കഴിഞ്ഞു സര്‍ക്കാര്‍ സേവനങ്ങള്‍.എന്നാല്‍ ഈ മാറ്റങ്ങള്‍ ചില മേഖലകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നവംബര്‍ ഒന്നു മുതല്‍ വിസ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ ടൈപ്പിംഗ് സെന്ററുകള്‍ മുഖേന ചെയ്യാന്‍ സാധിക്കില്ല എന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചതോടെ എമിറേറ്റിലെ 600 ഓളം ചെറിയ ടൈപ്പിംഗ് സെന്ററുകളുടെ നിലനില്‍പ്പാണ് പ്രശ്നത്തിലായിരിക്കുന്നത്.
നേരത്തേ തന്നെ എമിറേറ്റസ് ഐഡി, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ അപേക്ഷകള്‍ വലിയ ടൈപ്പിംഗ് സെന്ററുകളിലേക്ക് മാറ്റിയിരുന്നു. കുറഞ്ഞത് 1500 ചതുരശ്ര അടി വിസ്തീര്‍ണമെങ്കിലും വേണമെന്നതാണ് വിലിയ ടൈപ്പിംഗ് സെന്ററുകളുടെ മാനദണ്ഡം.
കൂടാതെ തൊഴില്‍വിസ അപേക്ഷ ഓണ്‍ലൈനാക്കുകയും ചെയ്തു. നിലവില്‍ കുടുംബ വിസ അപേക്ഷകള്‍ മാത്രമാണ് ചെറിയ ടൈപ്പിംഗ് സെന്ററുകള്‍ മുഖേന ചെയ്യാന്‍ കഴിയുന്നത്. നവംബര്‍ ഒന്നിന് അതും അവസാനിക്കുകയാണ്.