Special

ചാടിയൊഴിഞ്ഞ് മറിഞ്ഞ് തിരിഞ്ഞ് ഒടുവിൽ മൂക്കും കുത്തി

ഒടുവിൽ തനി കോൺഗ്രസുകാരൻ തന്നെയെന്ന് വിടി ബലറാം തെളിയിച്ചിരിക്കുകയാണ് . ചാടിയുമൊഴിഞ്ഞും മറിഞ്ഞും തിരിഞ്ഞുമൊക്കെയുള്ള പുതിയ അഭിമുഖം പുറത്തു വന്നപ്പോൾ ബലറാം സ്വയം കാണുന്നത് പുലിമുരുകനിലെ മോഹൻലാൽ പോസാണെങ്കിൽ ജനങ്ങൾ കാണുന്നത് യോദ്ധയിലെ ജഗതിയുടെ മൂക്കും കുത്തി കിടക്കുന്ന പോസാണ്

ഫേസ്ബുക്കിൽ കിട്ടുന്ന കീ ജെയ് വിളികൾ രാഷ്ട്രീയക്കാരെ പറ്റിക്കുന്നതിന്റെ എറ്റവും വലിയ ഉദാഹരണമാണ് നമ്മളീ കാണുന്നത് . സാമൂഹ്യ മാദ്ധ്യമത്തിൽ വന്ന് വലിയ പൊളിറ്റിക്കൽ കറക്റ്റനസും സത്യവാൻ സാവിത്രി മോഡലും ചമയുന്ന രാഷ്ട്രീയക്കാർക്ക് സ്വന്തം പാർട്ടി നന്നല്ലെങ്കിൽ പണികിട്ടുന്ന മനോഹരമായ അവസ്ഥയാണത് .

സാധാരണ സിപിഎമ്മുകാർക്കാണ് ഇങ്ങനെയുള്ള അക്കിടി പറ്റിക്കണ്ടിട്ടുള്ളത് . മാനവികതയും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ ഫേസ്ബുക്കിൽ പറഞ്ഞ് നാക്ക് വായിലിടുന്നതിനു തൊട്ടു പിറകെ ഏതെങ്കിലുമൊരു സ്ഥലത്ത് പാർട്ടിക്കാർ ആരെയെങ്കിലും തീർത്തുകളയും . പിന്നെ വെള്ളാരം കല്ല് തീയിലിട്ട് ചുട്ട് വായിലിട്ടതു പോലെയാകും സിപിഎമ്മുകാരുടെ അവസ്ഥ.

കടുത്ത ഇടതു സൈബർ ചിന്തകരാകട്ടെ ആനയെ ഐസ് ഹോക്കി കളിപ്പിക്കാൻ പറ്റുമോ കരടിയെ ചതുരംഗം പഠിപ്പിക്കാൻ പറ്റുമോ എന്ന ഗവേഷണത്തിലേക്ക് തിരിയും. ആന അലറലോടലറൽ , സൈക്കിൾ റാലി പോലൊരു ലോറി റാലി  എന്നൊക്കെ സ്പീഡിൽ പറയാൻ പറ്റുമോ തുടങ്ങിയ നിഷ്കു ചോദ്യങ്ങളുമായി ഒന്ന് രണ്ടു ദിവസം ബാക്കിയുള്ളവരും പിടിച്ചു നിൽക്കും . പിന്നെ പിറ്റേന്ന് മുതൽ വീണ്ടും ഫാസിസത്തിനെതിരെയും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെപ്പറ്റിയും വാചാലരാകും.

ഇതു തന്നെയാണ് ബലറാമിനും പറ്റിയത് . സാമൂഹ്യമാദ്ധ്യമത്തിലെ കണ്ണിലുണ്ണി . അഴിമതിക്കെതിരെ പട നയിക്കുന്നയാൾ . സർവോപരി പച്ച എം.എൽ.എയും . പിന്നെ ആർ.എസ്.എസിനും മോദിക്കും ബിജെപിക്കുമെതിരെ വിശ്രമമില്ലാത്ത യുദ്ധവും പോരേ . ആനന്ദ ലബ്ദ്ധിക്കിനിയെന്തു വേണം ?

ഇങ്ങനത്തെ ഇമേജ് സൂക്ഷിക്കുമ്പോൾ ബലറാം ഓർത്തു കാണില്ല തന്റെ പാർട്ടി കോൺഗ്രസാണെന്നും കൊലപാതകം അപൂർവമാണെങ്കിലും സ്ത്രീവിഷയവും അഴിമതിയുമായി എല്ലാ ആഴ്ചയിലും പാർട്ടിയിലെ ആരെങ്കിലുമൊക്കെ രംഗത്തെത്തുമെന്നുള്ള കാര്യം . അതോർക്കാതെയാണ് സരിത കേസിനെ മറികടക്കാൻ ഫാൻസിന്റെ മുന്നിൽ മുട്ടൻ ഡയലോഗൊരെണ്ണം ഇഷ്ടൻ കാച്ചിയത് .

ടിപി ചന്ദ്രശേഖരൻ വധക്കേസ് ഒത്തു തീർത്തപ്പോ ഓർക്കണമായിരുന്നെടാ മഹാപാപികളേ എന്ന രീതിയിലായിരുന്നു തച്ചോളി ബലരാമ ചേകവർ ഓതിരം വെട്ടിയത്. ഇടതിന്റെയും വലതിന്റെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെപ്പറ്റി നിലത്തമർന്ന് ചാടി രണ്ട് ചവിട്ട് കൂടീ കൊടുത്തു .

ഫാൻസ് ഹാപ്പിയായെങ്കിലും കോൺഗ്രസിലെ യുവ വൃദ്ധന്മാർ ക്ഷോഭിച്ചു . തന്റെ കാലത്ത് ഒരു ഒത്തു തീർപ്പും നടന്നില്ലെന്ന് തിരുവഞ്ചൂരദ്ദ്യേം കൈമലർത്തിക്കാണിച്ചതോടെ മുന പഴയ ഹിന്ദി വാദ്ധ്യാർക്ക് നേരേയായി.ഹെയർ സ്റ്റൈൽ മാറ്റിയതോടെ ഒരിത്തിരി ശക്തിയും ബുദ്ധിയും കൂടുതൽ കിട്ടിയെന്ന ആത്മവിശ്വാസത്തിൽ നിൽക്കുന്ന പഴയ കരുണാകര മാനസപുത്രൻ അതോടെ ബലറാമിനെ പിടിച്ചൊന്ന് കുടഞ്ഞു.

ശുഭം ! പറഞ്ഞതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഇപ്പോൾ വിദ്യാവാചസ്പതി പനോളിയെപ്പോലും അമ്പരപ്പിച്ച് കളഞ്ഞിരിക്കുകയാണിഷ്ടൻ. ഒത്തുതീർപ്പുണ്ടായെന്ന് ടിപിയുടെ ബന്ധുക്കൾ പറഞ്ഞത് ചുമ്മാ ആവർത്തിക്കുകയാണത്രെ താൻ ചെയ്തത് . അല്ലാതെ അഡ്ജസ്റ്റ്മെന്റ് നടത്തിയെന്ന് സ്വയം പറഞ്ഞിട്ടില്ലെന്നാണ് ബലരാമ പക്ഷം .ഒത്തുതീർപ്പെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പറഞ്ഞു വച്ചു.

എങ്കിൽ പിന്നെ ബലരാമൻ പറഞ്ഞതെന്തെന്ന് നോക്കണമല്ലോ .. നോക്കി . പറഞ്ഞതിങ്ങനെ .

“ കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി “

ഒത്തുതീർപ്പിന് ശ്രീകണ്ഠേശ്വരം പറയുന്നത് ഒറ്റ അർത്ഥമേ ഉള്ളെന്നാണ് . “ഒത്തുചേർന്നുള്ള നിർണയം“ അരിയാഹാരം കഴിക്കുന്നവർക്കും മലയാളമറിയുന്നവർക്കും ബലരാമൻ പറഞ്ഞതെന്താണെന്ന് മനസ്സിലാവും .അത് ടിപിയുടെ ബന്ധുക്കൾ പറഞ്ഞത് ആവർത്തിച്ചതല്ല . മറിച്ച് ടിപി കേസിൽ ഇടത് വലത് ഒത്തുതീർപ്പുണ്ടാക്കി എന്ന് തന്നെയാണ് പച്ച എം.എൽ.എ പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് എന്ന് .

നോക്കണേ സോഷ്യൽ മീഡിയ വരുത്തി വച്ച വിന . ഇപ്പോൾ ആ ഒത്തുതീർപ്പല്ല ശരിക്കുള്ള ഒത്തു തീർപ്പ് ഞാൻ പറഞ്ഞത് വേറേ ഒത്തുതീർപ്പെന്ന് വ്യാഖ്യാനിച്ച് ഉരുണ്ടുരുണ്ട് അങ്ങ് ഉഗാണ്ടയിലെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ യൂത്ത് ഐക്കൺ.

പഴയ പൂഴിക്കടകൻ വഴി കണ്ണിൽ വീണ മണ്ണ് ഊതിക്കളഞ്ഞ് ബലരാമൻ ഇപ്പോൾ അവസാന അടവെടുത്തിരിക്കുകയാണ് .

സിപിഎമ്മും ബിജെപിയും തമ്മിലാണത്രെ അഡ്ജസ്റ്റ്‌മെന്റ് .

അങ്ങകലെ ഡൽഹിയിൽ കോൺഗ്രസിനൊപ്പം ചേന്ന് സോ കോൾഡ് ഫാസിസ്റ്റുകളെ ചെറുക്കാൻ അവെയ്‌ലബിൾ പിബി ചർച്ച ചെയ്യുന്ന അവസരത്തിൽ തന്നെ വേണമാരുന്നോ ഇത് എന്ന് ഉള്ളിൽ ചിന്തിച്ചു കൊണ്ടാണെങ്കിലും ഫാൻസ് അസോസിയേഷൻ ബലരാമേട്ടന് കട്ടയ്ക്ക് സപ്പോർട്ടുമായി കൂടെയുണ്ട് .

മൊത്തത്തിൽ ദാരിദ്ര്യമാണെങ്കിലും പൊളിച്ചു കിടുക്കി തിമിർത്തു ബലരാമേട്ട … !

 

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close