WorldSpecial

രഖയും കൈവിടുന്നു : ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ

ഒടുവിൽ ഐഎസിന്റെ ശക്തികേന്ദ്രമായ രഖയും അവരെ കൈവിടുകയാണ് . വിശുദ്ധ സ്വർഗം കൊതിച്ച് 2013 മുതൽ ആരംഭിച്ച ലോകത്തെ ഞെട്ടിച്ച രക്തക്കൊതിക്ക് ഒടുവിൽ അവസാനമാകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളാണ് ഭീകരതക്കിരയായത് .ന്യൂൻപക്ഷങ്ങളായ യസീദികൾ കൂട്ടക്കൊല നേരിടേണ്ടി വന്നപ്പോൾ ഇറാഖിലെയും സിറിയയിലെയും സാധാരണക്കാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല

അൽ ഖായ്ദൻ കുടക്കീഴിൽ ഇറാഖ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായിരുന്നു ഇസ്ളാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് അഥവാ ഐഎസ്ഐ .ഇസ്ളാമിക് ഖിലാഫത്ത് സൃഷ്ടിച്ച് ലോകം കറുത്ത കൊടിക്ക് കീഴിലാക്കുക എന്ന ലക്ഷ്യമായിരുന്നു ഐ‌എസ്‌ഐക്കുണ്ടായിരുന്നത് . അതേ സമയം ഇതേ ഉദ്ദേശ്യത്തോടെ തന്നെ അൽ ഖായ്ദൻ കുടയ്ക്ക് കീഴിൽ സിറിയയിൽ പ്രവർത്തിക്കുന്ന മറ്റൊരു വിഭാഗം ഭീകര സംഘടനയായിരുന്നു അൽനുസ്ര ഫ്രണ്ട് . ബാഷർ അൽ അസദിനെതിരെ ആഭ്യന്തര യുദ്ധം നടത്തുകയായിരുന്നു ഈ ഭീകര സംഘടനയുടെ ലക്ഷ്യം.

2010 ഏപ്രിലിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇസ്ളാ‍ാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ തലവന്മാരായ അബു അയൂബ് അൽ മസ്നിയും അബു ഉമർ ബാഗ്ദാദിയും കൊല്ലപ്പെട്ടതോടെയാണ് ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനയുടെ ബീജാവാപം നടക്കുന്നത് . അത് അബൂബക്കർ അൽ ബാഗ്ദാദി നേതാവായതോടെയാണ്. ബാഗ്ദാദി ഇറാഖിലെ ഷീയാ സ്വാധീനമുള്ള സർക്കാരിനു നേരേ യുദ്ധം ആരംഭിച്ചതോടെ സുന്നി ഭീകരർ ബാഗ്ദാദിക്കൊപ്പം ചേർന്നു തുടങ്ങി .

ബാഷർ അസദിനെതിരെയുള്ള ആഭ്യന്തര യുദ്ധ കാലത്ത് അൽ ബാഗ്ദാദി സിറിയയിലേക്ക് നോട്ടമിട്ടു . അന്ത്യ ദിനമെത്തുമ്പോൾ നടക്കേണ്ട അവസാന പോരാട്ടത്തിന്റെ യുദ്ധഭൂമിയായി കരുതപ്പെടുന്ന ഖുറാസനി ലുൾപ്പെട്ട പ്രദേശങ്ങളാണിവ. സിറിയയും ലെബനനും ജോർദ്ദാനുമെല്ലാമുൾപ്പെടുന്ന ഷാം (LEVENT ) എന്ന പ്രദേശത്തെ അൽ നുസ്ര ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയെക്കൂടി കൂട്ടി ചേർത്തു കൊണ്ട് ഒരു വിശാല മുന്നണിക്ക് രൂപം കൊടുത്തു ബാഗ്ദാദി . അതാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് അഥവാ ISIL. . എന്നാൽ ഈ കൂട്ടിച്ചേർക്കൽ അൽ നുസ്ര തലവൻ അബു മൊഹമ്മദ് അൽ ഹ്ജുലാനി അംഗീകരിച്ചില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.

അൽ ഖായ്ദ പ്രശ്നത്തിൽ ഇടപെടുകയും പരസ്പരം കൊല്ലരുതെന്ന് അയ്മൻ അൽ സവാഹിരി താക്കീത് ചെയ്യുകയും ചെയ്തെങ്കിലും സംഘർഷം നിലച്ചില്ല . അബൂബക്കർ അൽബാഗ്ദാദിക്കും അൽ നുസ്ര ഫ്രണ്ടിന്റെ തലവനായ അബു മൊഹമ്മദ് അൽ ജുലാനിക്കും അയ്മൻ സവാഹിരി കത്തുകൾ അയച്ചെങ്കിലും സംഘർഷം അവസാനിച്ചില്ല . അൽ നുസ്രഫ്രണ്ടിന്റെ നല്ലൊരു വിഭാഗം അംഗങ്ങൾ അബുബക്കർ അൽ ബാഗ്ദാദിക്കൊപ്പം നിന്നപ്പോൾ അൽ നുസ്ര ഫ്രണ്ടിന്റെ ശക്തി നാലിലൊന്നായി കുറയുകയും ചെയ്തു. ഒടുവിൽ അൽ ഖായ്ദ ഐസിസുമായുള്ള ബന്ധം ഉപെക്ഷിച്ചു.

2014 ജൂൺ 9 നായിരുന്നു ഐസിസിന്റെ ലോക ശ്രദ്ധയാകർഷിച്ച മൊസൂൾ ആക്രമണം . കവചിത വാഹനങ്ങളും ചാവേർ ഭീകരരുമായി ആയിരത്തോളം വരുന്ന ഐസിസ് സംഘം ഇറാഖിലെ വലിയ നഗരങ്ങളിലൊന്നായ മൊസുൾ ആക്രമിച്ചു . അപ്രതീക്ഷിതവും ഭീകരവുമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ ഇറാഖി സൈന്യം പലായനം ചെയ്തു .

അതോടെ സൈന്യത്തിന്റെ ആയുധങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും ഐസിസിനു ലഭിച്ചു. സിറിയയിലെ രഖയും ഇറാഖിലെ തിക്രിതും ആക്രമിച്ചു കീഴടക്കിയതോടെ ജൂൺ 29 ന് റമദാൻ മാസം ഒന്നാം തീയതി ഇസ്ളാമിക് ഖിലാഫത്ത് യാഥാർത്ഥ്യമായതായി അബൂബക്കർ അൽ ബാഗ്ദാദി പ്രഖ്യാപിച്ചു . ബാഗ്ദാദി ആദ്യ സ്വയം പ്രഖ്യാപിത ഖലീഫയുമായി . ഭീകര സംഘടനയുടെ പേര് ‌ ഇസ്ളാമിക് സ്റ്റേറ്റ് എന്നുമാക്കി.

ലോകത്തെ ഞെട്ടിക്കുന്ന രീതിയിലാണ് പിന്നീട് ഐഎസ് വളർന്നത് . പലരാജ്യങ്ങളിൽ നിന്നും വിശുദ്ധ സ്വർഗം ആഗ്രഹിച്ച് ഇസ്ളാമിക ഭീകരവാദികൾ സിറിയയിലേക്കും ഇറാഖിലേക്കും ഒഴുകിയതോടെ ഐഎസ് ലോകത്തിനു തന്നെ ഭീഷണിയായി വളർന്നു . പത്രപ്രവർത്തകരും യസീദികളും യുദ്ധത്തിൽ പിടിക്കപ്പെട്ടവരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി കൊല്ലപ്പെട്ടു . ലോകം ഐഎസ് ഭീകരതയെ അത്ഭുതത്തോടെയും പേടിയോടെയും വീക്ഷിച്ചു തുടങ്ങി . ഇതെ തുടർന്ന് സഖ്യകക്ഷികളും റഷ്യയും ഇസ്ളാമിക് സ്റ്റേറ്റിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന അവസ്ഥയും ഉണ്ടായി ..

(ഇസ്ളാമിക് സ്റ്റേറ്റിന്റെ വളർച്ചയും ക്രൂരതയും യുദ്ധങ്ങളും – അടുത്ത ഭാഗത്തിൽ )

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close