KeralaSpecial

ജനരക്ഷാ യാത്ര വിജയമോ ?

കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ നേതാക്കന്മാരെല്ലാം ഓരോദിവസവും പങ്കെടുത്ത ഒരു യാത്ര ഈ അടുത്ത കാലത്തെങ്ങും നടന്നിട്ടുണ്ടാവില്ല . കേന്ദ്രമന്ത്രിമാർ ദേശീയ ചുമതലയുള്ള നേതാക്കൾ , മുഖ്യമന്ത്രിമാർ , എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തകർ അങ്ങനെ ചുരുക്കത്തിൽ ഒരു മിനി ഇന്ത്യ തന്നെയായിരുന്നു ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്ര.

കണ്ണൂരിൽ തുടക്കത്തിൽ തന്നെ അണികളോടൊപ്പം നടന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി . തുടർന്ന് ഓരോ ജില്ലയിലും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും . സംസ്ഥാനങ്ങളിൽ സിപിഎം ഓഫീസുകളിലേക്ക് ജനരക്ഷാ മാർച്ച് . യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനും ദേവേന്ദ്ര ഫഡ്നാവിസും സ്മൃതി ഇറാനിയും മനോഹർ പരീക്കറും നിതിൻ ഗഡ്കരിയുമടങ്ങുന്ന ദേശീയ നിരയിലെ കരുത്തുറ്റ സാന്നിദ്ധ്യങ്ങൾ .

ചുവപ്പ് – ജിഹാദി ഭീകരതക്കെതിരെ എന്നതായിരുന്നു ജനരക്ഷായാത്രയുടെ മുദ്രാവാക്യം . ഒരു തരത്തിൽ പറഞ്ഞാൽ ഈ മുദ്രാവാക്യം രണ്ടു തരത്തിൽ ഉദ്ദേശിച്ചുള്ളവയായിരുന്നു . കേരളത്തിൽ ജിഹാദി ഭീകരത ഇല്ലെന്ന് പറഞ്ഞ് പുകമറ തീർത്തിരുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ കള്ളത്തരം മനസ്സിലാക്കിക്കൊടുക്കുക . ഡൽഹിയിലും മറ്റും ഫാസിസത്തെ എതിർക്കുന്ന മാനവികരെന്ന് അവകാശപ്പെടുന്ന , അസഹിഷ്ണുത ബ്രിഗേഡിന്റെ അപ്പോസ്തലരായ ഇടത് പാർട്ടികളുടെ ഇരട്ടത്താപ്പ് ദേശീയ തലത്തിൽ എത്തിക്കുക എന്നതായിരുന്നു യാത്ര ലക്ഷ്യമിട്ടത് .

മുദ്രാവാക്യങ്ങളെ സംബന്ധിച്ചിടത്തോളം യാത്ര അതിന്റെ ലക്ഷ്യം സാധിച്ചു എന്നുവേണം പറയാൻ . അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ഡൽഹിയിൽ ഇരുന്നു വാചാടോപം നടത്തുന്ന സിപിഎമ്മിന്റെ യഥാർത്ഥ മുഖം എതിർ രാഷ്ട്രീയക്കാരുടെ ചോര പുരണ്ടതാണെന്ന് ദേശീയതലത്തിൽ എത്തിക്കാൻ യാത്രക്ക് കഴിഞ്ഞു . അതോടൊപ്പം കേരളത്തിൽ ജിഹാദി ഭീകരത ഉണ്ടെന്ന് വ്യക്തമായി ജന സമൂഹത്തിൽ എത്തിക്കാനും യാത്രക്ക് കഴിഞ്ഞിട്ടുണ്ട് .

വേങ്ങര തെരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് എന്നതിൽ സംശയമില്ല  . ബിജെപിക്ക് ഏറ്റവും ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ ഒന്നായ വേങ്ങരയിൽ തെരഞ്ഞെടുപ്പിനെ അത്രയും ഗൗരവമായി എടുക്കാത്തതോ ,  ഉപതെരഞ്ഞെടുപ്പ് ആയിരുന്നു എന്നുള്ളതോ ആകാം കാരണമെന്നല്ലാതെ അതിൽ ഒരു പരിധിയിൽ കൂടുതൽ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്ന് തന്നെയാണ്  നിരീക്ഷണം.

മറ്റ് സംസ്ഥാനങ്ങളിൽ അനായാസ ജയം നേടുന്ന ബിജെപി പ്രവർത്തകർക്ക് തങ്ങളുടെ കേരളത്തിലെ സഹോദരങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കാനും യാത്ര സഹായിച്ചിട്ടുണ്ട് . പതിറ്റാണ്ടുകളായി പ്രതികൂല പരിതസ്ഥിതിയിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകർക്കും യാത്ര ഒരു വലിയ ഊർജ്ജം പ്രദാനം ചെയ്ത് കഴിഞ്ഞു . തങ്ങൾക്കൊപ്പം ഒരു വലിയ ദേശീയ ശക്തി ഉണ്ടെന്നുള്ള തിരിച്ചറിവ് അവരുടെ ഭാവി പ്രവർത്തനത്തിൽ നിർണായക ഘടകമാകുക തന്നെ ചെയ്യും.

കേരളത്തിലുടനീളം ബലിദാനികളാക്കപ്പെട്ടവരുടെ ഭവനങ്ങളിൽ യാത്രയുടെ നായകൻ എത്തുകയോ ആ കുടുംബങ്ങളെ പ്രവർത്തകർ സന്ദർശിക്കുകയോ ചെയ്തിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ് . ആദർശത്തിനു വെണ്ടി ജീവൻ ഹോമിച്ച അവരാണ് ഇന്നീക്കാണുന്ന മുന്നേറ്റത്തിന്റെ ഉപ്പും ചോറുമായത് എന്നത് നിരന്തരം ഓർമ്മിപ്പിക്കപ്പെടേണ്ടതാണ് .

യാത്രയിൽ കണ്ട മറ്റൊന്ന് ബിജെപിയുടെ ജനപിന്തുണയാണ് . ഏതെങ്കിലും ഒരു വിഭാഗത്തിലല്ലാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ള സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായ വർഗ വർണ മത വ്യത്യാസമില്ലാതെ യാത്രയിൽ വലിയ തോതിൽ പങ്കെടുത്തു . വർഷങ്ങളായി പാർട്ടിയോടും മറ്റ് പ്രസ്ഥാനങ്ങളോടും സഹകരിക്കാതിരുന്നവരും യാത്രയിൽ പങ്കു കൊണ്ടു . അവരെ സംബന്ധിച്ചിടത്തോളം വീണ്ടും പ്രവർത്തന പന്ഥാവിലേക്കിറങ്ങാൻ അത് സഹായിക്കുകയും ചെയ്യും .

കിലോമീറ്ററുകളോളം നടന്ന് യാത്രയെ നയിച്ച സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രവർത്തകർക്കും അണികൾക്കും ആവേശമായി . കുമ്മനത്തെ സംബന്ധിച്ചിടത്തോളം ജനകീയ പ്രവർത്തനം ജീവ വായു തന്നെ ആയതുകൊണ്ട് ഇതൊന്നും പുതുമയല്ലെങ്കിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും യാത്രയ്ക്ക് മിഴിവേകി എന്നതിൽ സംശയമില്ല .സംസ്ഥാനത്തെ മറ്റ് നേതാക്കളും  യാത്രയ്ക്കൊപ്പം ആവേശത്തോടെ തന്നെ പങ്കെടുത്തത്  സംസ്ഥാന ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് കോട്ടം തട്ടാതെ യാത്രയ്ക്കൊപ്പം സജ്ജീകരിച്ച ശുചിത്വ സേനയും മാതൃകയായി.

ചുരുക്കത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ജന രക്ഷായാത്ര ഐതിഹാസികം തന്നെയായിരുന്നു . അത് എത്രത്തോളം കേരളത്തിലെ ജന ഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിലാണ് യാത്രയുടെ പൂർണ വിജയം നില നിൽക്കുന്നത് . തീർച്ചയായും ബിജെപിയുടെ കേരളത്തിലെ ഭാവിയും അതിനനുസരിച്ചിരിക്കും.

 

 

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close