Special

അമേരിക്കയിലെ നിലയ്ക്കാത്ത വെടിയൊച്ചകൾ : കാരണമെന്ത് ?

ലാസ്‌വേഗാസിൽ വെടിയൊച്ച നിലച്ചപ്പോൾ കൊല്ലപ്പെട്ടത് 58 പേർ . കഴിഞ്ഞ വർഷം ഒർലാൻഡോയിൽ 49 പേർ , 2007 ൽ ബ്ളാക്സ്ബർഗിൽ 32 ,2012 ൽ ന്യൂട്ടണിൽ കൊല്ലപ്പെട്ടത് 27 പേരാണെങ്കിൽ 91 ൽ കില്ലീനിൽ 23 പേരുടെ ജീവനാണ് വെടിവെപ്പിനെ തുടർന്ന് പൊലിഞ്ഞത്.

അമേരിക്കയിലേ ഏറ്റവും കൂടുതൽ പേർ മരിച്ച വെടിവെപ്പുകളിൽ ആദ്യ അഞ്ച് സംഭവങ്ങളാണ് മുകളിൽ വിവരിച്ചത് . ഇതിലും കുറച്ചാൾക്കാർ മരിച്ചിട്ടുള്ള നിരവധി വെടിവെപ്പുകൾ വേറെയും അമേരിക്കയിൽ നടന്നിട്ടുണ്ട് . ഈവർഷം മാത്രം 273 വെടിവെപ്പുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുമ്പോഴാണ് അമേരിക്കയിലെ തോക്ക് സംസ്കാരത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് .

എന്തുകൊണ്ടാണ് ഇത്തരം വെടിവെപ്പുകൾ അമേരിക്കയിൽ നടക്കുന്നത് ? ചോദ്യം നിസ്സാരമല്ല . ഉത്തരവും അതുപോലെ ഒട്ടും നിസ്സാരമല്ല .

അമേരിക്കയിൽ സ്‍കൂൾ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ അരിശം തീർക്കാൻ ഉപയോഗിക്കുന്നത് തോക്കുകൾ ആണെന്നത് അതിശയോക്തിപ്പുറം ആശങ്ക ഉളവാക്കുന്നതാണ്. വാഹനം ഓടിക്കാൻ ലൈസൻസ് നിർബ്ബന്ധമുളള യുഎസിൽ തോക്ക് വാങ്ങാനോ ഉപയോഗിക്കാനോ പക്ഷെ പൗരൻമാർക്ക് നിയന്ത്രണമില്ല.

സ്വയരക്ഷയ്ക്കായി ആർക്കും തോക്ക് സൂക്ഷിക്കാം. കൈത്തോക്ക് മുതൽ മാരകശേഷിയുളള ബോംബുകൾ വരെ വാങ്ങുകയും കൈവശം വെയ്ക്കുകയും ചെയ്യാം. എന്നാൽ, സ്കൂൾ കുട്ടികൾ തമ്മിലെ വൈരം പോലും അവസാനിക്കുന്നത് തോക്കിൻ കുഴലിലൂടെ എന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയിലുളളത്.

1871ൽ രൂപം കൊണ്ട നാഷണൽ റൈഫിൾസ് അസോസിയേഷൻ എന്ന സംഘടനയെ പിണക്കാൻ ഇതുവരെ ഒരു ഭരണാധികാരിയും ധൈര്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറ്‍റ് രാജ്യങ്ങളിലേക്ക് തോക്കുകളും വെടിക്കോപ്പുകളും കയറ്‍റി അയച്ച് ദശലക്ഷം ഡോളറാണ് അമേരിക്കയിലെ ആയുധ നിർമാതാക്കൾ ഓരോ വർഷവും നേടുന്നത്.

അമേരിക്കയിൽ ഉണ്ടാകുന്ന ഓരോ വെടിവെപ്പ് സംഭവത്തിനും പിന്നാലെ തോക്ക് നിയന്ത്രണത്തിനായി മുറവിളി ഉയരും. എന്നാൽ അതിന് അനുകൂലമായ തീരുമാനം ഒരിക്കലും ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പലചരക്ക് കടകൾ പോലെ വ്യാപകമാണ് അമേരിക്കയിൽ ആയുധ വിൽപന കേന്ദ്രങ്ങൾ.

ഇന്ന് പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ 30 ലക്ഷം പേർ ദിവസവും നിറതോക്ക് കൊണ്ടു നടക്കുന്നവരാണ് . 90 ലക്ഷം പേർ മാസത്തിൽ ഒരു ദിവസമെങ്കിലും തോക്ക് കൊണ്ട് നടക്കുന്നുണ്ട് .

പണം നൽകി എത്ര മാരകമായ ആയുധവും വാങ്ങാം. ഇതിനു പുറമെ ഓൺലാനായും ആയുധങ്ങൾ വാരിക്കൂട്ടാം. രഹസ്യാന്വേഷണ ഏജൻസികൾ ഇവ നിരീക്ഷിക്കുമെങ്കിലും തടയാൻ ഇവർക്ക് അധികാരമില്ല. കൈത്തോക്ക് മുതൽ റോക്കറ്‍റ് ലോഞ്ചർ വരെ, പിൻ ബോംബ് മുതൽ സി-14 എന്ന സ്ഫോടകവസ്തു വരെ എന്തും പണം നൽകി നേടാൻ കഴിയുന്ന അവസ്ഥയാണ് അമേരിക്കയിൽ.

മാൻ-ഗൺ അനുപാതം ഏറ്റവും കൂടുതൽ ഉള്ളത് അമേരിക്കയിലാണ് . 100 പേർക്ക് 112 തോക്കാണ് അമേരിക്കയിൽ ഉള്ളത് . വെടിയൊച്ചകൾ നിലയ്ക്കാത്തതും അതുകൊണ്ട് തന്നെ.

392 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close