Special

അവരെന്റെ ശരീരത്തെ തകർത്തു . ഇപ്പോൾ ആത്മാവിനേയും തകർക്കാൻ ശ്രമിക്കുന്നു.

ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുന്നു : ഭാഗം -3

“അവരെന്റെ ശരീരത്തെ തകർത്തു . ഇപ്പോൾ ആത്മാവിനേയും തകർക്കാൻ ശ്രമിക്കുന്നു “ഇറാക്കിലെ ഐ എസ് ഭീകരവാദികളുടെ പിടിയിൽ കഴിയുന്ന യസീദി ബാലിക താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെപ്പറ്റി ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയോട് കണ്ണീരോടെ വിവരിച്ചത് ഇങ്ങനെയാണ് . ഇസ്ളാമിക് സ്റ്റേറ്റിന്റെ അധീനതയിലായ പ്രദേശങ്ങളിലെ സ്ത്രീകളുടെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവസ്ഥയായിരുന്നു ഇത്.

ഇരുളടഞ്ഞ തടവറകൾ മാത്രം . സ്ത്രീകളെ മൃഗങ്ങളെപ്പോലെ കഴുത്തിൽ പ്രൈസ് ടാഗുകൾ കെട്ടി വിൽക്കുന്ന മനുഷ്യ ചന്തകൾ .ഐഎസ് കൊലപാതക പരമ്പരകൾ കൊണ്ട് മാത്രമല്ല അതി ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ കൊണ്ടും ലോകത്തെ ഞെട്ടിച്ചു.

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച യസീദി പെൺകൊടികളെ അവർ ഇരുമ്പു കൂട്ടിലടച്ച് പരസ്യമായി ചുട്ടുകൊന്നു. മൊസൂളിലെ നഗരമദ്ധ്യത്തിൽ വച്ചായിരുന്നു ഈ ക്രൂരത. സിൻജാറിൽ നിന്ന് മൂവായിരത്തിലധികം പെൺകുട്ടികളെയായിരുന്നു ഇസ്ളാമിക് സ്റ്റേറ്റ് തടവിലാക്കിയത് .

പതിനായിരത്തോളം യസീദികളാണ് കൊലചെയ്യപ്പെട്ടതെന്ന് കണക്കുകൾ പറയുന്നു . കണക്കിൽ പെടാത്തത് എത്രയുണ്ടെന്ന് ആർക്കും പറയാൻ കഴിയില്ല . പകുതിയോളം പേരെ വെടിവെച്ചും കഴുത്തറുത്തും തീവച്ചും കൊലപ്പെടുത്തിയപ്പോൾ ബാക്കിയുള്ളവർ പട്ടിണി കിടന്ന് മരിച്ചു.

കുട്ടികളെ ബലം പ്രയോഗിച്ച് മതം മാറ്റി . എതിർത്തവരെ പീഡിപ്പിച്ചു കൊലപ്പെടുത്തി . മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതകളുടെ അനുഭവങ്ങളായിരുന്നു ഇസ്ളാമിക് സ്റ്റേറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദികൾക്ക് പറയാനുണ്ടായിരുന്നത്.അവിശ്വാസികളും ചെകുത്താനെ ആരാധിക്കുന്നവരുമാണെന്ന് മുദ്രകുത്തിയാണ് ഇസ്ളാമിക് സ്റ്റേറ്റ് യസീദികളെ വംശഹത്യ ചെയ്തത് .

2014 ആഗസ്റ്റ് 3 നായിരുന്നു യസീദികളെ നരകത്തിലേക്ക് തള്ളിവിട്ട ആ അധിനിവേശം . സിൻജാറിലേക്ക് ആർത്തിരമ്പി വന്ന ജിഹാദി ഭീകരരെ ആവുന്നിടത്തോളം പ്രതിരോധിക്കാൻ കയ്യിൽ കിട്ടിയ ആയുധങ്ങളെടുത്ത് അവർ തയ്യാറായെങ്കിലും ജിഹാദികളുടെ അതിശക്തമായ ആക്രമണത്തിൽ അവർ പരാജയപ്പെടുകയായിരുന്നു. പിന്നീട് 2015 ഡിസംബറോടെയാണ് കുർദിഷ് സേനയ്ക്ക് സിൻജാറിൽ കാലു കുത്താനായത് .

അമേരിക്കൻ ബോംബർ വിമാനങ്ങളുടെ പിന്തുണയോടെയായിരുന്നു മുന്നേറ്റം . സിൻജാർ മലനിരകളിൽ അഭയം തേടിയിരുന്ന യസീദികളെ അതിനു മുൻപ് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുത്താൻ കുർദിഷ് സേനയ്ക് കഴിഞ്ഞിരുന്നു

നിരപരാധികളായ യസീദികളുടെ കണ്ണീരിന് ഒടുവിൽ ഫലം ഉണ്ടായി. ക്രൂരമായി അവരെ പീഡിപ്പിച്ച , ബലാത്സംഗം ചെയ്ത , ലൈംഗിക അടിമകളാക്കിയ , ചുട്ടുകൊന്ന , മതം‌മാറ്റിയ ജിഹാദി ഭീകര സംഘടന പരാജയപ്പെട്ടിരിക്കുന്നു . വംശോന്മൂലനത്തിൽ നിന്ന് അവർ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു.

ഐഎസിന്റെ പിടിയിൽ നിന്ന് സിൻജാർ മോചിതമായിട്ടും യസീദികളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല . ആകെ തകർന്ന് നാമാവശേഷമായ സിൻജാറിലേക്ക് പോയിട്ട് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല .സിൻജാർ വാസയോഗ്യമാകുന്നത് വരെ അഭയാർത്ഥികളായി കഴിയുക എന്നത് മാത്രമാണ് അവർക്ക് മുന്നിലുള്ള പോംവഴി. തങ്ങളുടെ നഷ്ടമായ ജീവിതം കരുപ്പിടിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ കരുണ കാത്തു അഭയാർത്ഥി ക്യാമ്പ്യുകളിൽ പ്രതീക്ഷയോടെ കഴിയുകയാണവർ..

( അടുത്തത് – ഐഎസിനെതിരെ ചങ്കുറപ്പോടെ നിന്ന പെൺപുലികൾ )

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close