Special

ജോസേട്ടൻസ് ബിരിയാണി ഹട്ട് ..

ജിനു തോമസ്


ഹാ ജോസേട്ടാ

എടാ നീ വീണ്ടും വന്നോ…

ഇത് കൊള്ളാല്ലോ.. ബിര്യാണിടെ പണിയൊക്കെ തുടങ്ങിയോ. ? എപ്പോൾ.. ഞാനറിഞ്ഞില്ലല്ലോ..

ഇത് കഴിഞ്ഞ ഏപ്രിലിൽ തൊടങ്ങീതാ.. ടൂറിസ്റ്റുകളൊക്കെ വന്നു തുടങ്ങീപ്പോ നമ്മടെ ഫ്രൂട്സ് കടയോട് ചേർന്ന് ചെറിയ ഒരു ഹോട്ടൽ കൂടി തുടങ്ങി..

എങ്ങനുണ്ട്. കച്ചോടം…

കുഴപ്പമില്ല..

എന്തായാലും ഒരു ബിര്യാണി കഴിച്ചു കളയാം.

കൊച്ചുമോനെ ഈ കാന്താരിക്ക് ഒരു ചിക്കൻ ബിര്യാണി എടുത്തേ…

(ബിര്യാണി കഴിക്കുന്നു)

സംഗതി അടിപൊളിയാണ് കേട്ടോ.. നിങ്ങൾ ഇത്രയും വലിയ കുക്കർ ആരുന്നു എന്ന് ആരറിഞ്ഞു മനുഷ്യാ..

പോടാ പോടാ ചെക്കാ.. ജീവിച്ചു പോട്ടെ..

എത്രയാണ് ജോസേട്ടാ..

ഹൺഡ്രഡ് സിംഗപ്പൂർ ഡോളേഴ്‌സ്.. ..

കോമഡിയൊക്കെ പറഞ്ഞു തുടങ്ങിയോ..

സായിപ്പന്മാരോട് പിടിച്ചു നിക്കണ്ടേടാ കൊച്ചനെ..

അല്ല, അപ്പൊ ജി എസ് ടി ഒക്കെ വന്നിട്ട് നിങ്ങള് വെല കൂട്ടിയില്ലേ.. ജോസേട്ടാ ?

ജി എസ് ടി വന്നു എന്ന് കരുതി ഞാനെന്തിനാ വെലകൂട്ടുന്നെ ദാസപ്പൻ കുട്ടീ..?

പിന്നെ ഈ ലോകത്തുള്ള ഹോട്ടല് കടക്കാരെല്ലാം ജി എസ് ടി ജി എസ് ടി എന്ന് പറഞ്ഞു വെല കൂട്ടിയതോ..?

ആ അതെനിക്കറിയില്ല. നമ്മൾ ചെറിയ കടയല്ലേ, 75 ലക്ഷത്തിൽ താഴെ വാർഷിക ടേൺ ഓവറുള്ള നമ്മൾ എന്തിനാ ജി എസ് ടി അടയ്ക്കുന്നെ..? ഇപ്പൊ അത് ഒരു കോടി ആക്കി എന്നൊക്കെ പറയുന്ന കേട്ട്. ആകെ ടേൺ ഓവറിന്റെ 5 % അടച്ചാൽ മതിയല്ലോ. അതിനെയല്ലേ കോമ്പോസിഷൻ സ്‌കീം എന്ന് പറയുന്നേ. അത് ഞാൻ കയ്യീന്നടയ്ക്കും. ലാഭത്തിൽ കുറഞ്ഞു. സാരമില്ല. 20 ലക്ഷത്തിൽ താഴെയാണ് ടേൺ ഓവറെങ്കിൽ രെജിസ്ട്രേഷൻ പോലും വേണ്ടല്ലോ.

അപ്പോൾ കോമ്പോസിഷൻ സ്കീമിലുള്ള ഹോട്ടലുകൾക്കു 18 % ജി എസ് ടി എന്ന് ബില്ല് അടിക്കാൻ പറ്റില്ലേ ?

ഇല്ല അവർക്ക് 12 % , എ സി ഉണ്ടെങ്കിൽ 18 % എന്നൊക്കെ ബില്ല് അടിക്കാൻ എങ്ങനെ പറ്റും..? അതൊക്കെ പക്കാ തട്ടിപ്പല്ലേ.. അവർക്ക് ടാക്സ് കാണിച്ചു ബില്ലടിക്കാൻ പോലും നിയമമില്ല . അങ്ങനെ ബില്ലടിക്കുന്നവർ വെട്ടിപ്പാണ്‌ കാണിക്കുന്നത്. അവർ ആളുകളോട് പൈസ വാങ്ങും, പക്ഷെ സർക്കാരിൽ അടക്കില്ല. നേരെ സ്വന്തം പോക്കറ്റിൽ ഇടും.

പക്ഷെ നാട്ടുകാർ ഈ ഹോട്ടൽ ഈ കോമ്പോസിഷൻ സ്കീമിലുള്ളതാണോ എന്ന് എങ്ങിനെ അറിയും? സുഖമായി പറ്റിച്ചു മേടിക്കാമല്ലോ..

ബില്ലിലെ ജി എസ് ടി നമ്പർ https://services.gst.gov.in/services/searchtp ൽ ഏതെങ്കിലുമൊരുത്തൻ ഇട്ടു നോക്കിയാൽ പണി തീർന്നില്ലേ, കുഞ്ഞേ..? ഈ ഫേസ്ബുക്കും വട്സാപ്പും ഒക്കെ ഉള്ള കാലത്ത് ആരേലും ഒരു ഫോട്ടോയുമെടുത്തു പോസ്റ്റ് ചെയ്‌താൽ പിന്നെ നമ്മൾ ഇതിന്റെ പുറകെ നടക്കണം. ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം രൂപ കൈക്കൂലി എങ്കിലും കൊടുക്കേണ്ടി വരും. ചീത്തപേര് വേറെയും.

അപ്പൊ ടേൺ ഓവർ കൂടുതലുള്ള ശെരിക്കും ജി എസ് ടി രെജിസ്ട്രേഷൻ ഉള്ളവർ നിരക്ക് കൂട്ടിയതോ? കഴിഞ്ഞ ദിവസം ഞാൻ എറണാകുളത്തു നിന്നും ബിര്യാണി കഴിച്ചപ്പോ നേരത്തെ 150 രൂപ ഉണ്ടായിരുന്നിടത്തു 18 % ജി എസ് ടി കൂട്ടി 177 രൂപ വാങ്ങി. ബില്ലും അടിച്ചു തന്നു.

അതെങ്ങനെ ശെരിയാവും. ഈ 18 % രൂപയും നേരെ എങ്ങനെ കൂട്ടും. അവർക്കു ഇന്പുട് ക്രെഡിറ്റു കിട്ടില്ലേ..? അത് എവിടെ അഡ്ജസ്റ്റ് ചെയ്യും. ?

ഇന്പുട് ക്രെഡിറ്റോ അതെന്താ ജോസേട്ടാ..?

അതായത്.. ഇവർ ബിരിയാണി ഉണ്ടാക്കാൻ വാങ്ങിയ അരി, എണ്ണ, മസാല തുടങ്ങിയ സാധനങ്ങൾ, അവരുടെ ഫോൺ ബില്ല്, പിന്നെ ആ കടയിലെ സോപ്പ് ചീപ് കണ്ണാടി സകല വിധ ബില്ലുകളിലും ജി എസ് ടി ഉണ്ടാവുമല്ലോ. ആ ജി എസ്ടി അവർ അടച്ചതല്ലേ? അതവർക്ക് തിരിച്ചു ക്ലെയിം ചെയ്യാം? പിന്നെ ചിക്കൻ ബിര്യാണിയിലെ ചിക്കന് ജി എസ് ടി ഇല്ല എന്ന് കൂടി ഓർത്തോ..

ഉദാഹരണത്തിന് ഒരു ബിര്യാണി ഉണ്ടാകാൻ 70 രൂപയുടെ സാധനം വാങ്ങി എന്ന് കരുതുക. ആ 70 രൂപയുടെ നികുതി ആൾറെഡി വാങ്ങിയപ്പോൾ അടച്ചതാണല്ലോ. ബിരിയാണി ഉണ്ടാക്കിക്കഴിഞ്ഞു 30 രൂപ ലാഭം ഇട്ടു 100 രൂപയ്ക്കു വിൽക്കുന്നു. 100 രൂപയ്ക്കു 18 % ജി എസ് ടി ഇടുമ്പോൾ 118 രൂപ ബില്ല് അടിക്കുന്നു. ഇതിൽ 18 രൂപ സർക്കാരിലേക്ക് അടയ്ക്കും എന്ന് പറഞ്ഞാണ് വാങ്ങുന്നത്.

പക്ഷെ

അതിൽ സാധനം വാങ്ങിയപ്പോൾ കൊടുത്ത 70 രൂപയുടെ ജി എസ് ടി സപ്പോസ് 5 % കണക്കാക്കിയാൽ പോലും 3 രൂപ 50 പൈസ ഇന്പുട് ക്രെഡിറ്റു കിട്ടുന്നുണ്ട്. അതായത് അവർ 18 രൂപ നികുതി വാങ്ങുമ്പോൾ, 18 – 3.5 = 14 .5 രൂപയാണ് സർക്കാരിലേക്ക് അടയ്ക്കുന്നത്. അപ്പോൾ 30 രൂപ ലാഭം ഇടണമെങ്കിൽ ബിരിയാണിയുടെ വില നൂറു രൂപ ആകേണ്ട, 96 .50 പൈസ ആയാൽ പോരെ? എന്ന് വച്ചാൽ ബിരിയാണിയുടെ വില വീണ്ടും 3 രൂപ 50 പൈസ കുറഞ്ഞില്ല..?

മാത്രമല്ല. ഈ കടക്കാരൻ ഇപ്പോൾ അല്ലല്ലോ ടാക്സ് കൊടുക്കുന്നത്, ഇതിനു മുമ്പും നികുതി കൊടുത്തു കൊണ്ടിരുന്നതാണല്ലോ. എന്തായിരുന്നു മുമ്പത്തെ നികുതി..? ഏതാണ്ട് 20 % വരും. ജി എസ് ടി വന്നപ്പോൾ അത് 18 % ആയി കുറഞ്ഞു. അവിടെയും രണ്ടു ശതമാനം കുറവുണ്ട്. അപ്പോൾ ആകെ എത്ര കുറവ് വന്നു. ? അതായത് നേരത്തെ നികുതി അടക്കം 120 രൂപയ്ക്കു വിറ്റു കൊണ്ടിരുന്ന ബിരിയാണി ഇപ്പോൾ നികുതിയടക്കം 114 രൂപയ്ക്കു വിൽക്കാൻ പറ്റില്ലേ..?

നിങ്ങളിതെന്നാ വർത്തമാനമാ ജോസേട്ടാ ഈ പറയുന്നേ..? നിങ്ങള് പറയുന്നത് വെല കൊറഞ്ഞെന്നു..? പക്ഷെ നാടായ നാട് മുഴുവൻ വെല കൂടി.. അതെങ്ങനെ ശെരിയാകും?

അതായതുത്തമാ. ഒന്നുകിൽ ഈ കടക്കാരൊന്നും ഇത് വരെ നികുതി കൊടുക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ അവർ ഈ പേരും പറഞ്ഞു വെല കൂട്ടി. ജി എസ് ടി എന്ന സംഭവം കൊണ്ട് ഇവിടെ ഹോട്ടലിലൊന്നും വെല കൂടേണ്ട ഒരു കാര്യവുമില്ല. വല്ല തക്കാളിക്കും വെല കൂടിയെങ്കിൽ അതിന്റെ പേര് പറഞ്ഞു കൂട്ടിക്കോട്ടെ. ജി എസ് ടി യുടെ പേര് പറഞ്ഞു ആരും കൂട്ടേണ്ട കാര്യമൊന്നും ഇപ്പോൾ ഇല്ല. പിന്നെ , എന്റെ കടയിൽ ബിരിയാണിക്ക് 118 രൂപയാണ്, വേണമെങ്കിൽ കഴിച്ചിട്ട് പോടാ എന്ന പറയാം എന്ന് മാത്രം. അത് ആളെ പറ്റിക്കൽ ആണ്. വെറും തെണ്ടിത്തരം

അപ്പോൾ ഈ ഹോട്ടൽ അസോസിയേഷൻ കൂടി എല്ലാവരും വെല ഒരുപോലെ കൂട്ടിയാൽ?

ആ ബെസ്ററ്, ഈ രാജ്യത്തെന്താ നിയമം ഒന്നും ഇല്ലേ..? അങ്ങനെ സംഘടനക്കൊന്നും വില നിശ്ചയിക്കാൻ ഒക്കുകേല.. അതൊക്കെ നിയമ വിരുദ്ധമാണ്. കോമ്പറ്റിഷൻ കമ്മീഷൻ എന്ന് പറയുന്ന സംഗതിയൊക്കെ ഉണ്ട്.

ഈ കൂടിയ വിലയൊക്കെ ഇനി എന്ന് കുറയും?

ആളുകൾ കാര്യം മനസിലാക്കി നാല് ഹോട്ടലുകാരെ കയ്യോടു പിടി കൂടി ജനമധ്യത്തിൽ നാറ്റിച്ചു കഴിയുമ്പോ സത്യസന്ധരായ കച്ചവടക്കാർക്ക് കൂടുതൽ കച്ചവടം കിട്ടും. ഒന്ന് രണ്ടവന്മാരെ പിടിപ്പിച്ചു കൂടി കഴിയുമ്പോ അപ്പോൾ ബാക്കി ഉള്ളവർ നേർവഴി വരും. കൂടുതൽ കഷ്ടപ്പാടൊന്നുമില്ല. ഹോട്ടൽ ബില്ല് ഫോട്ടോ എടുക്കുക നേരെ [email protected] അയയ്ക്കുക. . ഇനി എങ്ങാനും വല്ല അന്വേഷണവും വന്നാലോ..? പറയാമ്പറ്റൂലാ.

570 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close