Special

ആറാട്ടു കഴിഞ്ഞു : ഉത്സവം കൊടിയിറങ്ങി

ശ്യാം ശ്രീകുമാർ മേനോൻ


പണ്ട്, വളരെ പണ്ട്… ഞായറാഴ്ച ഉച്ചകൾക്ക് നൂർജഹാൻ ഹോട്ടലിലെ ബിരിയാണിയുടെ മണമായിരുന്നു, അരോമാ തിയറ്ററിലെ എസിയുടെ തണുപ്പും. ആ തണുപ്പിലാണ് ആ പേര് ആദ്യം കാണുന്നത് –

ഐ.വി.ശശി

ഭരതൻ, പത്മരാജൻ എന്ന പേരുകൾ അവരുടെ സിനിമകൾ ടിവിയിൽ മാത്രം കണ്ട മലയാളി ആഘോഷിക്കുമ്പോൾ, ചെയ്ത ഓരോ സിനിമകളും ആഘോഷമാക്കിയിരുന്ന, ഓരോ റിലീസും ഉത്സവമാക്കിയിരുന്ന, ഓരോ തീയറ്ററും പൂരപ്പറമ്പാക്കിയിരുന്ന ഒരാൾ ജീവിതത്തിന്റെ പാതയോരങ്ങളിലൂടെ നടന്നു പോയിരുന്നു- ഇരുപ്പംവീട് ശശിധരൻ എന്ന ഐ.വി.ശശി!

വൈകുന്നേരം വരെ ഹൈദരാബാദ് ഷൂട്ട് ചെയ്ത്, വൈകിട്ടത്തെ ഫ്ലൈറ്റിൽ മദ്രാസിന് പറന്ന്, അന്ന് തൊട്ടു മുമ്പ് ഷൂട്ട് ചെയ്ത സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ചെയ്തിരുന്ന ശശിസാറിനെക്കുറിച്ച് പറഞ്ഞു തന്നത് സംവിധായകൻ ജോമോനായിരുന്നു. പക്ഷേ അതിനും എത്രയോ കാലം മുമ്പേ തുടങ്ങിയതായിരുന്നു ആ പേരിനോടുള്ള ആരാധന.

1968ൽ എ.ബി.രാജ് സംവിധാനം ചെയ്ത ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായി തുടങ്ങിയ ഐ.വി.ശശി മദ്രാസ് സ്കൂൾ ഓഫ് ഫാൻ ആർട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയതിന് ശേഷമാണ് സിനിമയിലെത്തിയത്. ഇരുപത്തേഴാം വയസിൽ ‘കവിത’, ‘കാറ്റു വിതച്ചവൻ’ എന്ന സിനിമകൾ സംവിധാനം ചെയ്തെങ്കിലും, ടൈറ്റിൽ കാർഡിൽ പേര് വന്നത് അന്നത്തെ പ്രശസ്ത നടി വിജയനിർമേമലയുടേതായിരുന്നു.

പിന്നെയും രണ്ടു വർഷം കഴിഞ്ഞു, ‘ഉത്സവം’ പുറത്തിറങ്ങാൻ. അത് സത്യത്തിൽ ഐ.വി.ശശി എന്ന പ്രതിഭയുടെ ചലചിത്രോത്സവങ്ങളുടെ കൊടിയേറ്റമായിരുന്നു തൊട്ടടുത്ത് വന്ന ‘അവളുടെ രാവുകളിൽ’ ഐ.വി.ശശിയും, മുട്ടിന് മുകളിൽ വരെയെത്തുന്ന ഷർട്ട് മാത്രം ധരിച്ച സീമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്ററും കുരുവികളെയും, ഉരുമ്മുന്ന പൂക്കളെയും, വെള്ളച്ചാട്ടവും കാണിച്ചിരുന്ന സംവിധായകരെയും നോക്കി പരിഹസിച്ചു ചിരിച്ചു!

ശാലീനസുന്ദരിമാരായിരുന്ന, നായകന്റെ നിഴലായി അതു വരെ നിന്നിരുന്ന നായികമാരെ പടിയടച്ച് പിണ്ഡം വെച്ച്, സ്ലീവ്ലെസ്സും, ബെൽബോട്ടം പാന്റ്സുമിട്ട, ബുള്ളറ്റോടിക്കുന്ന നായികമാർ സ്ക്രീനിൽ നിറഞ്ഞു. വിഷയം കുടുംബമോ, രാഷ്ട്രീയമോ, പ്രതികാരമോ ആവട്ടെ, നായകനോളം പോന്ന, ചിലപ്പൊഴൊക്കെ അവന്റെ കരണത്തൊന്ന് പൊട്ടിക്കുക പോലും ചെയ്യുന്ന നായികമാരെ വരെ മലയാളി തിരശ്ശീലയിൽ കണ്ടു!

ആ ധൈര്യം ഐ.വി.ശശി പിന്നീട് പലപ്പോഴും കാണിച്ചു. ചെറുവേഷങ്ങളഭിനയിച്ചിരുന്ന പി.എ.മുഹമ്മദുകുട്ടി എന്ന ചെറുപ്പക്കാരനെ ‘തൃഷ്ണ’യിലെ നായകനാക്കി മമ്മൂട്ടി എന്ന മെഗാതാരമാക്കിയപ്പോൾ, അങ്ങേയറ്റം വെറുക്കപ്പടുന്ന സ്വഭാവത്തിനുടമയായ ജയരാജൻ എന്ന എസ്റ്റേറ്റ് മാനേജരായി മോഹൻലാൽ എന്ന വളർന്നു വരുന്ന നടനെ കാസ്റ്റ് ചെയ്തപ്പോൾ, ജയൻ എന്ന സൂപ്പർതാരത്തിന് പകരം രതീഷ് എന്ന പുതുമുഖത്തിനെ ക്യാപ്റ്റൻ രവീന്ദ്രൻ എന്ന കഥാപാത്രമാക്കിയപ്പോൾ, ഒരു പി.ടി മാസ്റ്ററായിരുന്ന ടി.ദാമോദരനെ മലയാളസിനിമ കണ്ട എണ്ണം പറഞ്ഞ തിരക്കഥാകൃത്താക്കിയപ്പോൾ… അപ്പൊഴൊക്കെ ഐ.വി.ശശിയുടെ ഒഴുക്കിനെതിരെയുള്ള നീന്തൽ മലയാളികൾ കണ്ടു.

ഫ്രെയിം മോണിറ്ററിലൂടെ മാത്രം കണ്ടു വിലയിരുത്തുന്ന ഇന്നത്തെ ന്യൂജെനറേഷൻ സംവിധായകർക്ക് ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു പല ഐ.വി.ശശി സിനിമകളുടെയും ക്ലൈമാക്സ് സീനുകൾ. ആയിരത്തോളം വരുന്ന ജൂനിയർ ആർടിസ്റ്റുകളെയും, പത്ത് മുപ്പത് താരങ്ങളെയും വെച്ച് പലപ്പോഴും വി.ജയറാം എന്ന ക്യാമറാമാന്റെ ജഡ്ജ്മെന്റിൽ ഷൂട്ട് ചെയ്ത അങ്ങാടിയും, വാർത്തയും, ഈ നാടും, ആവനാഴിയും, 1921ഉം ജനം അന്തംവിട്ടിരുന്ന് കണ്ടു.

ജീവിതത്തിൽ വീണു പോയിട്ടും ഒരു ഐ.വി.ശശി സിനിമയിലെ നായകനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് വരുന്നതും നമ്മൾ കണ്ടു… അദ്ദേഹം ജൂറിചെയർമാനായിരുന്ന സംസ്ഥാനസിനിമാ അവാർഡുകൾ വിവാദങ്ങളില്ലാതെ കടന്നു പോയി.

ആരവങ്ങളൊടുങ്ങി… ഉത്സവം കൊടിയിറങ്ങി… ഞായറാഴ്ചകളിലെ ബിരിയാണി മണവും, എ.സിയുടെ തണുപ്പും, ഐ.വി.ശശി എന്ന പേരും മാത്രം ബാക്കിയാണ്. ഓർമ്മകളുടെ ഗന്ധവും, സ്പർശവും, കാഴ്ചയുമായി!

 

 

897 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close