KeralaSpecial

കറുപ്പു പടരുന്ന കണ്ണൂർ

‘ആർ.എസ്.എസ് ഫാസിസത്തിനെ പ്രതിരോധിക്കുന്ന ചുവപ്പുമണ്ണ് ‘

കണ്ണൂരിനെപ്പറ്റി സിപിഎം അവകാശപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് . കള്ളുഷാപ്പിൽ വച്ചുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട കുഞ്ഞിരാമൻ സഖാവിനെ കിലോമീറ്ററുൾക്കിപ്പുറമുള്ള മെരുവമ്പായി പള്ളി സംരക്ഷിക്കാൻ വേണ്ടി കൊല്ലപ്പെട്ട രക്തസാക്ഷിയാക്കി അവതരിപ്പിക്കുമ്പോൾ സിപിഎം മുന്നോട്ടുവച്ചത് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ വേണ്ടിക്കൂടിയാണ് തങ്ങൾ ആയുധമെടുക്കുന്നത് എന്ന പ്രചാരണമായിരുന്നു .

ഭരണത്തിന്റെ തണലിൽ ആരെയും അത് ഏത് പാർട്ടിക്കാരനായാലും വെട്ടിക്കൊലപ്പെടുത്തുമ്പോഴും സിപിഎം മുന്നോട്ട് വച്ചതും ഒറ്റ ന്യായമായിരുന്നു .

ഫാസിസത്തിനെതിരെയുള്ള പ്രതിരോധം .

ചോര മരവിപ്പിക്കുന്ന കൊലപാതകങ്ങൾക്കൊപ്പം പെരും നുണകളും പ്രചരിപ്പിച്ച് കണ്ണൂരിന്റെ ചുവപ്പൻ മണ്ണിനെ കൂടുതൽ ചുവപ്പിക്കാൻ നോക്കിയവർ ആ മണ്ണിൽ കറുപ്പ് പടരുന്നത് അറിഞ്ഞില്ല എന്നതിന്റെ നേർ സാക്ഷ്യങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ തന്നെ എറ്റവും കൂടുതൽ പേർ ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി യുദ്ധം ചെയ്യാൻ പോയ സംസ്ഥാനം നമ്മുടെ കൊച്ചു കേരളമാണ് .കേരളത്തിൽ തന്നെ എറ്റവും കൂടുതൽ പേർ പോയതാകട്ടെ ഫാസിസത്തിനെതിരെ സഖാക്കൾ സർവ ശക്തിയെടുത്തു പോരാടിയ കണ്ണൂരിൽ നിന്നും.

ഔദ്യോഗികമായി പുറത്തുവന്ന വിവരമനുസരിച്ച് കണ്ണൂരിൽ നിന്നുള്ള പതിനഞ്ചു പേർ ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട് . ഇതിൽ അഞ്ചുപേർ കൊല്ലപ്പെട്ടു . അഞ്ചുപേർ ഇപ്പോഴും ഐഎസിലുണ്ട് . അഞ്ചുപേർ കണ്ണൂരിൽ അറസ്റ്റിലായിക്കഴിഞ്ഞു . ഇനിയും കേരളത്തിൽ നിന്ന് നിരവധിപേർ ഐഎസിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട് . ഇതിൽ നല്ലൊരു ശതമാനവും കണ്ണൂരിൽ നിന്നാണെന്നാണ് റിപ്പോർട്ട്.

ചുവപ്പൻ മണ്ണിൽ ഇസ്ളാമിക് സ്റ്റേറ്റിന്റെ കറുപ്പ് കലർന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് ? ഫാസിസത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയിൽ ഭീകരവാദികളും രാജ്യവിരുദ്ധ ശക്തികളും കണ്ണൂരിന്റെ മണ്ണ് താവളമാക്കിയത് എന്തുകൊണ്ടാണ് .?

ഈ ചോദ്യങ്ങൾക്ക് മുന്നിൽ സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല .

1969 ൽ വാടിക്കൽ രാമകൃഷ്ണനെ നേരിട്ട് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് സഖാവ് പിണറായി വിജയൻ തുടക്കം കുറിച്ച കണ്ണൂരിലെ കമ്യൂണിസ്റ്റ് കൊലക്കത്തി രാഷ്ട്രീയം ഒടുവിൽ പയ്യന്നൂരിലെ ബിജുവിലാണെത്തി നിൽക്കുന്നത് . കൈകാലുകൾ അറ്റ് ശരീരം മുഴുവൻ വെട്ടു കൊണ്ട പാടുകളുമായി ജീവച്ഛവങ്ങളായി ജീവിക്കുന്നവർ നിരവധി പേർ വേറെയും.

ഇസ്ളാമിക മതമൗലികവാദത്തെ എന്നും പിന്താങ്ങിയിട്ടുള്ള ചരിത്രമാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളത് . അത് സ്വാതന്ത്ര്യത്തിന് മുൻപായാലും ശേഷമായാലും . ഇസ്ളാമിക രാഷ്ട്രമെന്ന മുസ്ളിം ലീഗ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടെ നിന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലാകട്ടെ മോഡറേറ്റ് മുസ്ളിം രാഷ്ട്രീയത്തെക്കാളും താത്പര്യം മതമൗലികവാദ ശക്തികളോടായിരുന്നു .

കേരളത്തിൽ മുസ്ളിം ലീഗിന് തീവ്രത പോരെന്ന് പ്രഖ്യാപിച്ച് ഉണ്ടായ പുതിയ പാർട്ടി ഇന്ത്യൻ നാഷണൽ ലീഗിനെ കൂടെ കൂട്ടാൻ സിപിഎം ഒട്ടും മടിച്ചതേയില്ല . കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഐഎസ്‌എസ് സ്ഥാപകൻ അബ്ദുൾ നാസർ മദനി മഹാത്മാ മദനിയായി. മദനിയുടെ അപദാനങ്ങൾ വാഴ്ത്താൻ പാർട്ടി പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നീക്കിവച്ച സ്ഥലത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല.ഇതെല്ലാം പോരാഞ്ഞിട്ട് ചിന്തകന്മാരുടെ പ്രത്യയശാസ്ത്ര പിന്തുണ വേറെയും .

ദേശീയതയേയും ദേശീയ പ്രസ്ഥാനങ്ങളേയും സകല ശക്തിയുമെടുത്ത് എതിർത്ത സിപിഎം കണ്ണൂരിൽ അവർക്ക് സാദ്ധ്യമായ എല്ലാ മെഷീനറിയും അതിനുപയോഗിക്കുകയും ചെയ്തു . ഗുജറാത്ത് കലാപത്തിന്റെ സിഡികൾ തെരുവുകൾ തോറും കാണിച്ചു നടന്നു. മുസ്ളിം സമൂഹം ഇന്ത്യയിൽ അടിച്ചമർത്തൽ നേരിടുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന പ്രസംഗങ്ങൾ നാടൊട്ടുക്കും കേൾപ്പിച്ചു. എത്രത്തോളം അരക്ഷിതാവസ്ഥയും ഭയവും ഉണ്ടാക്കാമോ അത്രത്തോളം ഉണ്ടാക്കി . കെ ഇ എൻ കുഞ്ഞഹമ്മദുമാർ സാംസ്കാരിക ഹിന്ദുയിസത്തെ എതിർത്തു മതമൗലികവാദത്തിനു കുഴലൂതി.

എന്നാൽ സിപിഎം നട്ടത് അവസാനം കൊയ്തത് പോപ്പുലർ ഫ്രണ്ടും ജമ അത്തെ ഇസ്ളാമിയുമായിരുന്നു . അരക്ഷിതാവസ്ഥ കൊണ്ട് വെള്ളമൊഴിച്ച് സിപിഎം വളർത്തിയ മുസ്ളിം മതമൗലികവാദച്ചെടിയിൽ നിന്ന് ഫലം പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്രമുസ്ളിം സംഘടനകൾ കൊയ്തെടുത്തു . അങ്ങനെയാണ് സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിൽ നിന്ന് തീവ്രവാദപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഉണ്ടായത് .

കശ്മീർ റിക്രൂട്ട്മെന്റ് മുതൽ ഐഎസ് വരെ നീണ്ടുനിൽക്കുന്ന പ്രത്യക്ഷ ഭീകരവാദ കേസുകളും സ്ളീപ്പർ സെല്ലുകളുമായിരുന്നു ഇരവാദ പ്രചാരണത്തിന്റെ ദൂഷ്യഫലങ്ങൾ. അത് അവസാനം ഐസിലേക്കുള്ള റിക്രൂട്ടുമെന്റിൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ ഭീകരവാദത്തിന്റെ കറുപ്പ് പ്രത്യക്ഷമായിത്തന്നെ പടർന്ന് തുടങ്ങിയിരിക്കുന്നു. അതിന്റെ കേന്ദ്രമായി ചുവപ്പ് കോട്ടയെന്ന് അവകാശപ്പെടുന്ന കണ്ണൂരും മാറിയിരിക്കുകയാണ് .

രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ ദേശീയതയേയും സംസ്കൃതിയേയും അപമാനിക്കാൻ ശ്രമിച്ചവർ ഇന്ന് അതു കണ്ട് അന്ധാളിച്ചു നിൽക്കുന്നു . മതമൗലിക വാദത്തിന് കുടപിടിച്ച് ഒടുവിൽ അത് തങ്ങളെ തന്നെ വിഴുങ്ങുന്ന ഘട്ടമെത്തിയപ്പോൾ ഒന്നും മിണ്ടാതെ സ്തബ്ധരായി നിൽക്കുകയാണവർ . പേരിന് ചില പ്രതിഷേധങ്ങളൊക്കെ നടത്തിയെങ്കിലും തൂക്കമൊപ്പിച്ച് വിമർശിക്കാനേ സാധിക്കുന്നുള്ളൂ ഇപ്പോഴും സിപിഎമ്മിന് .

ഐഎസും ആർ.എസ്.എസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന അസംബന്ധം പുലമ്പിയാണ് ഇപ്പോൾ സിപിഎമ്മിന്റെ പ്രതിരോധം . എന്നാൽ ഇതൊന്നും കേരളത്തിലഴിച്ചു വിട്ട ഇരവാദക്കൊടുങ്കാറ്റിന്റെ ഫലങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്ന് ആ പാർട്ടി എന്ന് തിരിച്ചറിയുമോ ആവോ .. !

Close
Close