Defence

എന്റെ ജീവൻ എന്റെ രാജ്യത്തിന് ; ഇന്ന് സായുധ സേന പതാക ദിനം ; ഇന്ത്യൻ സായുധസേനയുടെ വീര്യത്തിനു മുന്നിൽ രാജ്യത്തിന്റെ സല്യൂട്ട്

നിങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഞങ്ങളെപറ്റി അവരോട്‌ പറയുക: നിങ്ങളുടെ നാളേയ്‌ക്കായി ഞങ്ങള്‍ ഞങ്ങളുടെ ഇന്നുകള്‍ നല്‍കിയെന്ന്‌’ അതിർത്തി കാക്കുന്ന ഓരോ ഇന്ത്യൻ സൈനികനും ഭാരത ജനതയോട് മനസ്സുകൊണ്ട് പറയുന്ന വാക്കുകളാണിത്.കൊഹിമ യുദ്ധ ശ്മശാനത്തിന്റെ പ്രവേശന കവാടത്തിലെ കല്‍ സ്‌മാരകത്തില്‍ ധീരയോദ്ധാക്കളോടുള്ള ബഹുമാനാര്‍ത്ഥം കൊത്തി വച്ച ഈ വാക്കുകൾക്ക് മറ്റൊരർത്ഥം കൂടിയുണ്ട് സ്വന്തം ജീവൻ സ്വന്തം രാജ്യത്തിന്.

ഇന്ന് ഡിസംബർ 7, അവസാന ശ്വാസത്തിലും ഇന്ത്യ എന്ന വികാരം ഹൃദയത്തോട് ചേർത്തു വച്ച ഇന്ത്യൻ സൈനികരുടെ ധീരസ്മരണകൾക്ക് മുന്നിൽ രാജ്യം നമിക്കുന്ന ദിനം, സായുധസേന പതാക ദിനം.

പാകിസ്ഥാനു മുന്നിൽ ഇന്ത്യ വെല്ലിവിളിയാകാനുള്ള പ്രധാനകാരണം അതീവബുദ്ധിയും,അതിനൊത്ത കരുത്തുമുള്ള ഇന്ത്യൻ സായുധസേന വിഭാഗങ്ങൾ തന്നെയാണ്.

ഒരു കാലത്ത് ഇസ്രായേൽ സൈന്യത്തെ കുറിച്ച് സംസാരിച്ചിരുന്ന ലോകമിന്ന് ഇന്ത്യൻ സായുധസേനയെ കുറിച്ചാണ് സംസാരിക്കുന്നത്.

ഉറിയിലെ സൈനികതാവളത്തിലുണ്ടായ ഭീകരവാദി ആക്രമണത്തിനു മറുപടിയായി നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക്   സേനയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. ലോക ചരിത്രത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായ മൊസാദും, അമേരിക്കൻ സീലുകളും മാത്രമാണ് സ്വന്തം രാജ്യാതിർത്തി കടന്ന് ശത്രുക്കളെ വകവരുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളത്.

ലോകത്തിന്റെ മുൻ നിര സൈനികശക്തികളായ മൊസാദിൽ നിന്നും, അമേരിക്കൻ സീലുകളിൽ നിന്നും ഒട്ടും ചെറുതല്ലാത്ത പ്രകടനമാണ് ആദ്യം മ്യാന്മറിലും, പിന്നീട് നിയന്ത്രണരേഖയിലും ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങൾ.

മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ സായുധസേനയുടെ കരിമ്പൂച്ചകളാണ് ധീരമായി അവരെ നേരിട്ടത്. ജനങ്ങളെയും, ബന്ധികളെയും സുരക്ഷിതരാക്കുകയും ചെയ്തു. അതില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ജീവത്യാഗം ചെയ്തു.

നിബിഡമായ വനാന്തരങ്ങളെന്നോ, ചെങ്കുത്തായ പ്രദേശങ്ങളിലെന്നോ,അതിശൈത്യമെന്നോ,അപകട വ്യത്യാസമില്ലാതെയാണ് അതിർത്തി കടന്നെത്തുന്ന ഭീകരർക്ക് മുന്നിൽ ഇന്ത്യയുടെ ഓരോ സൈനികനും നിലയുറപ്പിക്കുന്നത്.

ശത്രുരാജ്യത്തിനെതിരെ പോരാടി സ്വന്തം ജീവൻ ഭാരതത്തിനായി സമർപ്പിക്കുന്ന വേളയിൽ, തങ്ങളുടെ ജീവനറ്റ ശരീരത്തിൽ ഇന്ത്യൻ പതാക പുതപ്പിക്കുമ്പോൾ സ്വന്തം കുടുംബം വിതുമ്പുകയല്ല മറിച്ച് അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നു പറയുന്നവരാണ് ഇന്ത്യൻ സായുധ സേനയുടെ കരുത്ത്.

ഇത്തരത്തിലുള്ള ഇന്ത്യൻ സൈനികരെയും,അവരുടെ കുടുംബാഗങ്ങളെയും ഓർക്കാനും,ആദരിക്കാനുമായി 1949 മുതലാണ് ഇന്ത്യ സായുധസേനാ പതാക ദിനം ആചരിക്കാൻ തുടങ്ങിയത്.

രാഷ്ട്ര സുരക്ഷയ്ക്കായി ജീവിതത്തിന്‍റെ നല്ല കാലം ഹോമിച്ച വിമുക്തഭടന്മാരുടെയും മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ധീരമായി പൊരുതുന്ന മുഴുവന്‍ സൈനികരെയും ഓര്‍ക്കാന്‍ ഈ ദിനം സഹായിക്കുന്നു. അവശരായ വിമുക്ത ഭടന്മാരോടും അവരുടെ ആശ്രിതരോടും ഓരോരുത്തരോടും കൃതജ്ഞത കാണിക്കാനുള്ള ഒരവസരമാണ് സായുധസേനാ പതാകദിനം.

ഇവരുടെ പുനരധിവാസത്തിനുള്ള ധന ശേഖരണം കര,വായു, നാവിക സേനയില്‍ നിന്നാണ് ലഭിക്കുന്നത്. കേന്ദ്ര സൈനിക ബോര്‍ഡാണ് ഈ ക്ഷേമ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്.

സ്വന്തം ജീവൻ സ്വന്തം രാജ്യത്തിന് എന്ന പ്രതിജ്ഞയോടെ ഇന്ത്യൻ പതാകക്ക് കീഴിൽ അണിനിരന്നവർക്കായി മറ്റൊരു പതാക ദിനം കൂടി.

Close
Close