കൂരിരുൾ മാറ്റി നേർവഴി കാട്ടിയ പരദൈവം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

കൂരിരുൾ മാറ്റി നേർവഴി കാട്ടിയ പരദൈവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2018, 04:29 pm IST
FacebookTwitterWhatsAppTelegram

കാളിയമ്പി


‘നാരായണ മൂർത്തേ ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ പരമാചാര്യ നമസ്‌തേ!

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനക്കൊച്ചയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ!‘

തന്റെ ഗുരുവും പ്രത്യക്ഷദൈവവുമായ ശ്രീനാരായണഗുരുവിനെപ്പറ്റി മഹാകവി കുമാരനാശാൻ എഴുതിയ കവിതയിലെ വരികളാണിത്.
അന്ധത മാറ്റി ആദിമഹസ്സിൽ നേരായ വഴികാട്ടുന്ന ഗുരു തന്നെയാണ് പരദൈവം. അതുകൊണ്ട് ഞങ്ങൾക്ക് ആരാധിയ്‌ക്കാനുള്ളത്, പൂജിയ്‌ക്കാനുള്ളത് അങ്ങയെത്തന്നെയാണ്. അങ്ങയെപ്പോലെ കരുണയുള്ളവരും പരവിജ്ഞാനികളും വൻപ് വെടിഞ്ഞവരുമില്ല. ഗുരുനാരായണമൂർത്തേ, ഞങ്ങൾ അങ്ങയുടെ പാവനമായ പാദം ഭജിയ്‌ക്കുന്നു എന്ന് ആശാൻ കീർത്തിയ്‌ക്കുന്നു.

കൊല്ലവർഷം ആയിരത്തി മുപ്പത്തി രണ്ട് (1856) ചിങ്ങ മാസത്തിലെ ചതയം നാൾ ചെമ്പഴന്തിയിലെ വയൽവാരത്ത് വീട്ടിൽ മാടനാശാന്റേയും കുട്ടിയമ്മയുടേയും മകനായി ജനകോടികളുടെ അന്ധത്വം മാറ്റി അവർക്ക് നേരായ വഴിയുടെ വെളിച്ചം കാട്ടിയ ആ ദൈവം തിരുപ്പിറവിയെടുത്തു.

ജനിച്ച സമയത്ത് കുഞ്ഞുനാരായണൻ കരഞ്ഞില്ല. കുഞ്ഞ് കരയാത്തത് കണ്ട് മരിച്ചുപോയിരിയ്‌ക്കുമെന്ന് വിചാരിച്ച് മാടനാശാനോട് വിവരമറിയിയ്‌ക്കുക പോലും ചെയ്തു. പക്ഷേ അൽപ്പം കഴിഞ്ഞ് കുഞ്ഞ് പതിയെ അവയവങ്ങൾ അനക്കാൻ തുടങ്ങി. മരിച്ചില്ല എന്നറിഞ്ഞ് പൊക്കിൾക്കൊടി മുറിച്ചു. കുളിപ്പിച്ചു. എന്നിട്ടും കുഞ്ഞ് കരഞ്ഞില്ല.

ആദ്യമൊക്കെ കുഞ്ഞിനു തൊണ്ടയിലെന്തോ വ്യാധിയാണെന്ന് കരുതി. പതിയെ അതവന്റെ പ്രകൃതമാണെന്ന് മനസ്സിലായി. വിശന്നാലും കുഞ്ഞുനാരായണൻ കരയില്ല. എവിടെക്കിടത്തിയാലും അവിടെ ശാന്തനായി കിടക്കും. മുലകൊടുത്താൽ കുടിച്ചിട്ട് കിടത്തുന്നയിടത്ത് കിടന്നുകൊള്ളും.
സ്വതവേ ശാന്തരായ കുഞ്ഞുങ്ങൾ ഒരുപാടുണ്ട്. ജനിച്ചപ്പോൾപ്പോലും കരയാത്തത് ഒരത്ഭുതമായി പറയുകയല്ല. അന്നുമുതൽ അവസാനം വരെ നാരായണഗുരുസ്വാമിയുടെ ഏറ്റവും വലിയ പ്രത്യേകത ഈ അചഞ്ചലതയായിരുന്നു .

കുമാരനാശാൻ ഗുരുവിനെപ്പറ്റി എഴുതുന്നു.
‘വാദങ്ങൾ ചെവിക്കൊണ്ട് മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങ് വസിപ്പൂ മല പോലെ‘
എന്തൊക്കെ വാദങ്ങൾ കേൾക്കുമ്പോഴും അഭിപ്രായഭിന്നതകൾ കാണുമ്പോഴും അങ്ങ് മലപോലെ ഉറച്ച് എപ്പോഴും സന്തോഷത്തോടെയിരിയ്‌ക്കുന്നു എന്നാണാശാൻ പറഞ്ഞിരിയ്‌ക്കുന്നത്. ഒരിയ്‌ക്കലും മായാത്ത അചഞ്ചലമായ ആനന്ദമായിരുന്നു ഗുരുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

സ്വാമിയ്‌ക്ക് ഏകദേശം ആറു വയസ്സു പ്രായമുള്ളപ്പോൾ കുടുംബത്തിൽ ഒരു മരണം നടന്നു. അന്നത്തെക്കാലത്ത് ആരെങ്കിലും മരിയ്‌ക്കുമ്പോൾ ആചാരത്തിനായി പരേതൻ ചെയ്ത നല്ല കാര്യങ്ങളും മറ്റും പതം പറഞ്ഞ് നിലവിളിയ്‌ക്കുന്ന ആളുകളുണ്ടായിരുന്നു. കണ്ണാക്ക് പറയുക എന്നാണതിനെ വിളിയ്‌ക്കുന്നത്. അവരുടെ കരച്ചിലും മറ്റും കണ്ടാൽ ശരിയ്‌ക്കും വിഷമിച്ചിട്ടാണെന്ന് കണ്ടുനിൽക്കുന്നവർ കരുതും. ഓരോരുത്തരുടേയും ഊഴം കഴിഞ്ഞാൽ അവർ മാറിയിരുന്ന് തമാശകളൊക്കെ പറഞ്ഞ് സമയം കളയും.

അടുത്ത ദിവസം കൊച്ചുനാരായണനെ കാണാനില്ല. ആളുകൾ വളരെ പരിഭ്രമിച്ചു. അവസാനം ദിവസം മുഴുവൻ തിരഞ്ഞ ശേഷം ഒരു മുൾക്കട്ടിൽ ഒറ്റയ്‌ക്കിരിയ്‌ക്കുന്ന കുഞ്ഞിനെ കണ്ടെത്തി. എന്തിനാണിവിടെ ഒറ്റയ്‌ക്ക് വന്നിരിയ്‌ക്കുന്നത് കുഞ്ഞേ എന്ന ചോദിച്ചു. “ഇന്നലെ ഇവിടെ മരണമുണ്ടായപ്പോൾ എല്ലാവരും അസഹ്യമായ സങ്കടത്തോടെ നിലവിളിയ്‌ക്കുന്നത് കണ്ടു. കുറേ കഴിഞ്ഞ് എല്ലാവരും ചുറ്റിവളഞ്ഞിരുന്ന് ചിരിയ്‌ക്കുന്നതും കണ്ടു. ഇത് കണ്ടത് കൊണ്ടാണ് ഞാൻ കാട്ടിൽപ്പോയി ഇരുന്ന് കളഞ്ഞത്” എന്നാണ് മറുപടി ലഭിച്ചത്.

നാണുവിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യർ അന്നാട്ടിലെ പ്രശസ്തനായ ഒരു വൈദ്യനായിരുന്നു. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമികപഠനങ്ങൾ കഴിഞ്ഞ് അമ്മാവന്റെ കൈയ്യിലുള്ള ഗ്രന്ഥങ്ങൾ പലതും നാരായണൻ സ്വന്തമായും അമ്മാവനോടു സംശയനിവൃത്തി വരുത്തിയും പഠിച്ചു. ഒരുപാട് അപൂർവമായ വൈദ്യശാസ്ത്രഗ്രന്ഥങ്ങളും വേദാന്തകൃതികളും അമ്മാവന്റെ പനയോലക്കെട്ടുകൾക്കിടയിൽ നിന്ന് നാണു ഹൃദിസ്ഥമാക്കി.

ഒറ്റയ്‌ക്കിരിയ്‌ക്കുക, എവിടേയ്‌ക്കെങ്കിലും ഒറ്റയ്‌ക്ക് സഞ്ചരിയ്‌ക്കുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിനിഷ്ടം. രണ്ടു നേരം കുളിച്ച് ഭസ്മധാരണം ചെയ്ത് ധ്യാനമഗ്നനാവുക എന്ന ശീലമുണ്ടായത് കൊണ്ട് പകുതി കളിയായും കാര്യമായും നാണുഭക്തൻ എന്ന് ആൾക്കാർ വിളിച്ചു. എവിടെയ്‌ക്കെങ്കിലും ബന്ധുവീടുകളിൽ പോവുക, അവിടെ രണ്ടു നാൾ താമസിച്ച് അടുത്തയിടത്തേയ്‌ക്ക് പോവുക എന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശീലമായിരുന്നു.

അങ്ങനെയൊരു ദിവസം നാണുവിനു വല്ലാത്ത പനിയും തലവേദനയും പിടിപെട്ടു. വൈദ്യത്തിലുള്ള അറിവുകൊണ്ട് അത് വസൂരിയുടെ തുടക്കമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഒഴിഞ്ഞ് കിടക്കുന്ന പഴയൊരു ഭദ്രകാളീക്ഷേത്രമുണ്ടായിരുന്നു. ആരുമറിയാതെ അവിടെ കയറിയിരുന്നു. സ്ഥിരം ഊരുചുറ്റലാണെന്ന് കരുതിയിരുന്നത് കൊണ്ട് ആരും അദ്ദേഹത്തെ അന്വേഷിച്ചില്ല. ക്ഷേത്രത്തോട് ചേർന്നുള്ള വനത്തിൽ ഒരു പറങ്കിമാവിൽ കയറിയിരുന്ന് മേൽപ്പത്തൂർ ഭട്ടതിരിയുടെ ‘വൈരാഗ്യോൽപ്പാദകം‘ എന്ന കൃതി ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പതിനെട്ട് ദിവസത്തോളം ആ ക്ഷേത്രത്തിൽ ഏകാന്തവാസം ചെയ്തു. പത്തൊമ്പതാം ദിവസം രോഗം ശമിച്ച് കുളിയും കഴിച്ച് തിരികെ വീട്ടിലെത്തി. അമ്മാവനോട് സംസാരിച്ചുകൊണ്ടിരിയ്‌ക്കുമ്പോൾ മുഖത്തെ പാടുകൾ കണ്ട് ഇത് വസൂരി വന്ന പാടുകളാണല്ലോ? എന്ന് അമ്മാവൻ അത്ഭുതപ്പെട്ടു.

“അതെ, എനിയ്‌ക്ക് വസൂരി പിടിപെട്ടു”
“എന്നിട്ട് നീ എവിടെക്കിടന്നു? നെടുങ്കണ്ടയിലെ കൊച്ചച്ഛന്റെ കൂടെയോ?”
“അല്ല ഞാൻ ഭഗവതീ ക്ഷേത്രത്തിലായിരുന്നു”
“എന്ത്? നീ ഭഗവതീക്ഷേത്രത്തിൽ കിടന്നെന്നോ? എന്ത് വേണ്ടാതീനമാണ് പറയുന്നത്? വസൂരി പിടിപെട്ട് ആ ക്ഷേത്രത്തിൽ കഴിഞ്ഞെന്നോ?”

“ഞാൻ സത്യമാണമ്മാവാ പറയുന്നത്. ഞാൻ വസൂരി പിടിപെട്ട് ഭഗവതീക്ഷേത്രത്തിൽ കഴിയുകയായിരുന്നു”
“നിന്നെ ആരു ചികിത്സിച്ചു?”
ദേവി!

കായംകുളത്തെ പുതുപ്പള്ളിയിൽ കുമ്മപ്പള്ളി രാമൻപിള്ള ആശാൻ എന്ന മഹാവിദ്വാൻ കുട്ടികളെ കാവ്യങ്ങളും മറ്റും പഠിപ്പിയ്‌ക്കുന്നുണ്ടായിരുന്നു. വാരണപ്പള്ളി എന്ന പ്രശസ്തവും സമ്പന്നവുമായ ഈഴവത്തറവാട്ടിൽ കുട്ടികൾക്ക് താമസിയ്‌ക്കാനും ഭക്ഷണത്തിനായും സൗകര്യവുമൊരുക്കിയിരുന്നു. നാണുവിനെ അവിടെവിട്ടു പഠിപ്പിയ്‌ക്കാൻ അമ്മാവൻ തീർച്ചയാക്കി. നാണു കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെയ്‌ക്ക് യാത്രയായി.

വാരണപ്പള്ളിത്തറവാട്ടിൽ പഠിച്ചുകൊണ്ടിരിയ്‌ക്കുന്ന സമയത്ത് ഗുരുദേവൻ വിഷ്ണുഭഗവാന്റെയും കൃഷ്ണഭഗവാന്റേയും ആരാധനയിലായിരുന്നു. ഉണർവിലുമുറക്കത്തിലും വിശ്വം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശ്രീകൃഷ്ണപരമാത്മാവിനെ നേരിട്ടു കാണാൻ ഗുരുദേവനു കഴിഞ്ഞു. അക്കാലങ്ങളിൽ സ്വപ്നത്തിലും ജാഗ്രത്തിലും ബാലകൃഷ്ണൻ പലപ്പോഴും പ്രത്യക്ഷമായിട്ടുണ്ടെന്നും ചില സമയങ്ങളിൽ താൻ നോക്കുന്ന ദിക്കുകളിലൊക്കെയും ബാലകൃഷ്ണരൂപം കണ്ടിരുന്നെന്നും സ്വാമി പറഞ്ഞിട്ടുണ്ട്. അക്കാലത്താണ് അതിഗംഭീരമായ ശ്രീവാസുദേവാഷ്ടകം സ്വാമി രചിയ്‌ക്കുന്നത്.

ഒരു ദിവസം വാരണപ്പള്ളിത്തറവാട്ടിൽ ധ്യാനത്തിലിരിയ്‌ക്കെ ധ്യാനത്തിൽ നിന്നുണർന്നയുടനേ ഈ അഷ്ടകം ചൊല്ലുകയായിരുന്നെന്ന് ചിലർ പറയുന്നു.

‘ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.’

(വാസുദേവപുത്രനായി ജനിച്ച അല്ലയോ ഭഗവൻ, നാലു തൃക്കൈകളിലായി താമര, പാഞ്ചജന്യമാകുന്ന ശംഖം, കൗമോദകിയെന്ന ഗദ, ഭക്തന്മാരുടെ ഭയം മുഴുവൻ ഇല്ലാതാക്കാൻ കഴിവുള്ള ചക്രം എന്നിവ ധരിച്ചിട്ടുള്ള ഭഗവൻ, ശ്രീവത്സമെന്ന അടയാളം മാറിൽ ധരിച്ചു ശോഭിയ്‌ക്കുന്ന ഭഗവൻ എല്ലാത്തരം സംസാരരോഗങ്ങളും വേരോടെ നശിപ്പിയ്‌ക്കുന്ന ഭഗവാൻ ലക്ഷ്മീദേവിയുടേയും ഭൂദേവിയുടേയും വല്ലഭനായി വിളങ്ങുന്ന ഭഗവൻ, സകലപാപങ്ങളും ഹരിയ്‌ക്കുന്ന ഭഗവൻ ഭക്തനായ എന്റെ സംസാരരോഗം മുഴുവനും അവിടുന്നു തീർത്തുതരണേ)

എന്ന് തുടങ്ങുന്ന വസന്തതിലകവൃത്തത്തിൽ രചിച്ച എട്ട് ശ്ലോകങ്ങൾ വായിച്ചാൽ അതിന്റെ കവിത്വഭംഗിയും അർത്ഥസമ്പുഷ്ടിയും സംസ്കൃതസാഹിത്യത്തിൽത്തന്നെ അധികമാർക്കും അവകാശപ്പെടാനാവാത്തതാണെന്ന് വ്യക്തമായും മനസ്സിലാകും. ഗുരുദേവന്റെ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലുമുള്ള കാവ്യങ്ങളെല്ലാം അങ്ങനെതന്നെയായിരുന്നു. ഭാരതത്തിലെ ഏറ്റവും മികച്ച കവികളിലൊരാളായി യാതൊരു സംശയത്തിനുമിടയില്ലാതെ ഗുരുദേവന്റെ പേരു പറയാം. അധികമാരും ശ്രദ്ധിയ്‌ക്കപ്പെടാതെ കിടക്കുന്ന മേഖലയാണ് ഗുരുദേവകൃതികളിലെ കാവ്യഭംഗി.

വാരണപ്പള്ളിത്തറവാട്ടിൽ ഗുരുദേവനു വളരെ അടുപ്പമുണ്ടായിരുന്ന അടുത്ത കൂട്ടുകാരനായിരുന്നു അവിടത്തെ പണിക്കാരനായ ചാത്തനെന്നയ‍ാൾ. കുറേ നാളായി കാണാഞ്ഞിട്ട് ചാത്തൻ എവിടെപ്പോയി എന്ന് ഗുരു തിരക്കി. ചാത്തനു കുഷ്ഠരോഗം പിടിപെട്ടെന്നും ആൾക്കാരിൽ നിന്ന് മാറി കുടിലുകെട്ടി ദൂരെ താമസിയ്‌ക്കുകയാണെന്നും കേട്ട ഗുരു ചാത്തന്റെ കുടിൽ തിരക്കിച്ചെന്നു.

ഗുരുവിനെക്കണ്ട് പരിഭ്രമിച്ച് തനിയ്‌ക്ക് കുഷ്ഠമാണെന്നും പകരുമെന്നും ദൂരെപ്പോകാനും ചാത്തൻ പറഞ്ഞു. പക്ഷേ ഗുരു കുടിലിൽച്ചെന്ന് ചാത്തനോട് ‘പരിഭ്രമിയ്‌ക്കരുത്, മരുന്നുമായി വന്നതാണെന്ന്‘ പറഞ്ഞ് കൊണ്ടുവന്ന ആയൂർവേദ മരുന്നുകളും മരോട്ടിയെണ്ണയും വൃത്തിയുള്ള തുണിയുമൊക്കെ അദ്ദേഹത്തിനു കൊടുത്ത് ചാത്തന്റെ രോഗം ചികിത്സിച്ചു. മരോട്ടിയെണ്ണ ലേപനം ചെയ്യുന്നത് കുഷ്ഠരോഗത്തിനൊരു ചികിത്സയായിരുന്നു. വൈദ്യകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു വളരെച്ചെറുപ്പത്തിൽത്തന്നെ വൈദ്യഗ്രന്ഥങ്ങളെല്ലാം ഹൃദിസ്ഥമായിരുന്നു എന്ന് പറഞ്ഞല്ലോ. അതിനു ശേഷം അവധൂതനായി പലയിടത്തും അലഞ്ഞ് നടക്കുമ്പോഴും ശിവഗിരിയിൽ താമസിയ്‌ക്കുമ്പോഴും വളരെയധികമാൾക്കാരുടെ കുഷ്ഠരോഗമുൾപ്പെടെയുള്ള മാറാരോഗങ്ങൾ നാരായണഗുരുസ്വാമി ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. പിൽക്കാലയാത്രകളിൽ തമിഴ് സിദ്ധരീതിയിലെ ചികിത്സാരീതികളും നാരായണഗുരു പഠിയ്‌ക്കുകയും പ്രയോഗിയ്‌ക്കുകയും ചെയ്തു.

മൂന്നുകൊല്ലത്തോളം അദ്ദേഹം വാരണപ്പള്ളിത്തറവാട്ടിൽ താമസിച്ചു. തിരികെ ചെമ്പഴന്തിയിലെത്തിയ അദ്ദേഹം വീണ്ടും പഴയപോലെ ഊരുചുറ്റലാരംഭിച്ചു. അതിൽ മാറ്റമുണ്ടാവണമെന്ന് കരുതിയ ബന്ധുക്കൾ അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയായ കാളിയമ്മയുമായി വിവാഹം നിശ്ചയിച്ചു. അന്ന് വിവാഹത്തിനു വരന്റെ ആവശ്യമുണ്ടായിരുന്നില്ല. വരന്റെ സഹോദരി പുടവകൊടുത്ത് കാളിയമ്മയെ വിവാഹം കഴിച്ചുകൊണ്ട് വന്ന് വീട്ടിലാക്കി. എവിടേയോ പോയിട്ട് വന്ന ഗുരു തന്റെ വിവാഹം അനുവാദമില്ലാതെ തന്നെ നടത്തി എന്ന് കേട്ട് പിന്നീട് കുറേ നാളേയ്‌ക്ക് വീട്ടിലേയ്‌ക്ക് ചെന്നതുമില്ല. കുറേ നിർബന്ധിച്ചതിനു ശേഷം അദ്ദേഹം ഒരു ദിവസം വീട്ടിൽ ചെന്നു. വരാന്തയിലിരുന്നിട്ട് പറഞ്ഞു. “ലോകത്തിൽ ഓരോരുത്തരും ഓരോരോ കാര്യസാധ്യത്തിനായി ജനിയ്‌ക്കുന്നതാണ്.എനിയ്‌ക്കും നിങ്ങൾക്കും ഓരോ പ്രത്യേകകാര്യം സാധിയ്‌ക്കേണ്ടതായി ഉണ്ടാ‍യിരിയ്‌ക്കും. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. ഞാൻ എന്റെ കാര്യം നോക്കട്ടെ” അദ്ദേഹം അതു പറഞ്ഞിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോയി.

എങ്ങോട്ടെന്നില്ലാതെ തോന്നിയയിടത്തെല്ലാം സഞ്ചരിച്ചു കിട്ടിയിടത്ത് നിന്ന് ഭക്ഷണം കഴിച്ച് അവധൂതനെപ്പോലെ കുറേക്കാലം കഴിച്ചുകൂട്ടി. അപ്പോഴാണ് ഒരു പഴയ സ്നേഹിതൻ അദ്ദേഹത്തെ കാണുന്നത്. സ്നേഹിതന്റെ നിർബന്ധത്താൽ അദ്ദേഹത്തിന്റെ ഭവനത്തിലുള്ള ഒരു യോഗിയെ കാണാൻ നാരായണൻ ചെന്നു. ഇടതൂർന്ന താടിമീശയുമായി തേജസ്സുറ്റ മുഖമോടെ മെതിയടിപ്പുറത്ത് നടന്ന് വരുന്ന ചൈതന്യവാനായ ആ യോഗിയുടെ പേരു കുഞ്ഞൻപിള്ളച്ചട്ടമ്പി എന്നായിരുന്നു. ഷണ്മുഖദാസനെന്ന പേരുസ്വീകരിച്ച് സുബ്രമണ്യഭജനത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.

കണ്ട മാത്രയിൽത്തന്നെ അവർ അടുത്ത സുഹൃത്തുക്കളാ‍യിത്തീർന്നു. വേദാന്തചർച്ചകൾ നടത്തി. സംശയങ്ങൾ തീർത്തു. പിന്നീട് അവർ ഒരുമിച്ചായി യാത്രകൾ. അവരൊരുമിച്ച് ഒരുപാടുകാലം പലയിടത്തും സഞ്ചരിച്ചു. ഇന്നയിടത്ത് കിടക്കുമെന്നോ ഇന്നയിടത്ത് നിന്ന് ഭക്ഷിയ്‌ക്കുമെന്നോ ഒന്നും അവർക്ക് യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. ഇരട്ടസഹോദരരെപ്പോലെ അവർ ഒരേ ലക്ഷ്യത്തിലേയ്‌ക്ക് യാത്രചെയ്തു.

ആയിടയ്‌ക്കാണ് ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്ന തയ്‌ക്കാട് അയ്യാവെന്ന മഹാത്മാവിന്റെയരികിൽ യോഗവിദ്യ പഠിയ്‌ക്കാൻ നാരായണഗുരു എത്തിപ്പെട്ടത്. അവിടെനിന്ന് കുറേക്കാലം പഠിച്ചശേഷം അദ്ദേഹം വീണ്ടും ഒറ്റയ്‌ക്ക് യാത്രകൾ തുടങ്ങി. തെക്കൻ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും, കടൽത്തീരങ്ങളിലും മലനിരകളിലും ഏകാന്തവാസം ചെയ്തു. ആളുകൾ ഈ തേജസ്വിയായ മനുഷ്യനെ കണ്ട് പലരീതിയിൽ ആദരിയ്‌ക്കുക പതിവായി. മാത്രമല്ല വളരെ അപൂർവമായ മരുന്നുകൾ ഒറ്റമൂലികൾ തുടങ്ങിയവയൊക്കെ നാരായണഗുരുവിനറിയാമായിരുന്നു. വൈദ്യ വിദ്യയിലുള്ള നൈപുണ്യം കാരണം ആളുകൾ ദൂരദേശങ്ങളിൽ നിന്ന് പോലും അന്വേഷിച്ചറിഞ്ഞ് വരാൻ തുടങ്ങി.

ആളുകളിൽ നിന്നൊഴിഞ്ഞ് ഏകാന്തസാധനയ്‌ക്കായാണ് നാഗർകോവിലിനടുത്ത മരുത്വാമലയിൽ ഗുരു എത്തിച്ചേരുന്നത്. ആ കാടുകളിലും മലനിരകളിലും അതിനു മുൻപും ശേഷവും യോഗികൾ തപസ്സുചെയ്യാനായി പോകാറുണ്ട്. ആളൊഴിഞ്ഞ ആ മലയുടെ മുകളിൽ കൊടും വനത്തിനു നടുവിൽ പിള്ളത്തടം എന്ന വെള്ളമണൽ നിറഞ്ഞ ഗുഹയിൽ അദ്ദേഹം ഏകാന്തധ്യാനത്തിൽ മുഴുകി. ഇലകളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ച് ജീവിച്ചു.

ഇലകളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചാലും ചില സമയത്ത് വിശപ്പ് അധികമാകും. അവിടെയെങ്ങും ഒരു ഭക്ഷണവസ്തുക്കളും കിട്ടുകയുമില്ല. അടുത്തെങ്ങും മനുഷ്യവാസവുമില്ല. ഒരുദിവസം വിശപ്പ് സഹിയ്‌ക്കാനാവാതെ വന്ന സമയത്ത് ഗുരു ഗുഹയിൽ നിന്നിറങ്ങി വെളിയിലെ ഒരു പാറയിലിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വൃദ്ധനായ ഒരു കുഷ്ഠരോഗി ഒരു പനയോലയിൽ അരിവറുത്തതും വെള്ളവുമായി സ്വാമി ഇരിയ്‌ക്കുന്നതിനടൂത്ത് വന്ന് ‘വിശക്കുന്നോ വരൂ കഴിയ്‌ക്കാം’ എന്ന് വിളിച്ചു. അവർ രണ്ടുപേരും കൂടി ഒരേ ഇലയിൽ നിന്ന് അരി വറുത്തത് വാരി കഴിയ്‌ക്കുകയും ചെയ്തു. ഇത് ഇടയ്‌ക്കിടെ തുടർന്നുപോന്നു.

മരുത്വാമലയിൽ തപസ്സു ചെയ്ത കാലത്തെ രണ്ട് സുഹൃത്തുക്കളെക്കുറിച്ച് സ്വാമി ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നു.

”നാം മരുത്വാമലയിൽ നമ്മുടെ കാലം നോക്കി ഇരിയ്‌ക്കുകയായിരുന്നു. അവിടെനിന്ന് ഇങ്ങോട്ട് പോന്നു. നമ്മുടെ രണ്ട് കൂട്ടുകാരെ അവിടെ ഉപേക്ഷിച്ചിട്ടാണ് പോന്നത്. അതിലിപ്പൊഴും മനസ്താപമുണ്ട്. ഒരു പുലിയും ഒരു പാമ്പുമായിരുന്നു ആ സ്നേഹിതന്മാർ. നാം അവിടെ ഗുഹയിലായിരുന്ന സമയത്ത് രണ്ടുപേരും കാവൽക്കാരെപ്പോലെ ഇടത്തും വലത്തുമായി ശയിയ്‌ക്കും. പാമ്പ് സൂര്യോദയത്തിനു മുൻപ് നമ്മുടെ ശരീരത്തിൽ ഇഴഞ്ഞ് കയറി എങ്ങോട്ടേയ്‌ക്കോ പോകും. പുലിയും നമ്മെ പ്രദക്ഷിണം ചെയ്ത് പാദത്തിൽ മുഖം കാണീച്ച് ആ ഗുഹവിട്ടു പോകും. പിന്നീട് സന്ധ്യാനേരത്ത് കണിശമായി രണ്ട് പേരും ഹാജരാകും. ഇങ്ങനെ വളരെ കൃത്യമായി നമ്മെ അന്വേഷിച്ചിരുന്ന രണ്ട് പേരെയാണ് വിട്ടുപിരിയേണ്ടി വന്നത്.”

‘മലയതിലുണ്ട് മരുന്നുമൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടുകാവൽ
പുലയനെടുത്തുഭുജിച്ചുപാതിയിന്നും
വിലസതി നീയുമെടുത്തുകൊൾക നെഞ്ചേ. ‘

(വിഷയ സങ്കൽപ്പങ്ങളാകുന്ന ചെടികളും മരങ്ങളും കിളിർത്തു കാടു പോലെ പെരുകിയ ചിത്തത്തിൽ സത്ത് ചിത്ത് ആനന്ദം എന്നീ മൂന്ന് ഔഷധങ്ങളിരുപ്പുണ്ട്. ഈ ഔഷധങ്ങളുടെ രണ്ട് വശത്തും രാഗമാകുന്ന പാമ്പും ദ്വേഷമാകുന്ന പുലിയും കാവൽ നിൽക്കുന്നുണ്ട്. ഈ മരുന്നിൽ പകുതി വിഷയങ്ങളുടെ പിന്നാലെ തെണ്ടി നടക്കുന്ന ജീവൻ കൈക്കലാക്കി അനുഭവിച്ചു. ഇനിയും അത് ശുദ്ധമായി അവശേഷിയ്‌ക്കുന്നു. സംസാരരോഗത്തിനു മരുന്നന്വേഷിയ്‌ക്കുന്ന ഹൃദയമേ, ശുദ്ധമായി വിലസുന്ന ഔഷധത്തെ നീയും എടുത്ത് ഭുജിയ്‌ക്കുക.)
(ശിവശതകം, ശ്രീനാരായണഗുരു)

അങ്ങനെയിരിയ്‌ക്കെ അവിടെ ഒരു സിദ്ധനിരുന്ന് തപസ്സുചെയ്യുന്ന കാര്യം ആൾക്കാരറിഞ്ഞു. കാഴ്ചയും ഉപചാരങ്ങളുമായി ജനങ്ങൾ അവിടെയ്‌ക്ക് ചെന്നു തുടങ്ങി. ഒരു തവണ അദ്ദേഹത്തെ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് വിളിച്ചുകൊണ്ടുച്ചെന്ന് ഉപചാരപൂർവം സ്വീകരിയ്‌ക്കുക വരെ ചെയ്തു. മരുത്വാമലയിൽ ഇനി ഏകാന്തവാസം കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പുലിയേയും പാമ്പിനേയും വിട്ട് മരുത്വാമലയിൽ നിന്ന് താഴേയ്‌ക്കിറങ്ങി വന്നു.

വീണ്ടും സഞ്ചാരം തുടർന്നു. ചിലപ്പോൾ കടപ്പുറത്ത് മുക്കുവരുടെ പൊങ്ങുതടികളിൽ കിടക്കും. അവരോടൊത്ത് വല പിടിയ്‌ക്കും. അദ്ദേഹം വലയിൽ തൊട്ടാൽ അന്നത്തെ ദിവസം ഒരുപാട് മീൻ ലഭിയ്‌ക്കുമെന്ന് മുക്കുവരുടെയിടയിലൊരു വിശ്വാസം പോലുമുണ്ടായിരുന്നു. അവർ അദ്ദേഹത്തിനു തങ്ങളുടെ വീടുകളിൽ ഭക്ഷണവും മറ്റും പങ്കുവയ്‌ക്കും. മുഹമ്മദീയരും കൃസ്ത്യാനികളുമെല്ലാം അദ്ദേഹത്തെ ആദരിച്ചു. ധാരാളം മുസ്ലീം കുടുംബങ്ങൾ സ്വാമിയെ സ്വീകരിച്ച് ഭക്തിയോടെ ബിരിയാണിയും കോഴിക്കറിയുമൊക്കെ വച്ച് നൽകുക പതിവായിരുന്നു. സ്വാമി അവിടത്തെ കുഞ്ഞുങ്ങൾക്കെല്ലാം സ്നേഹമോടെ ഭക്ഷണം വാരിക്കൊടുക്കും. പിന്നീട് സസ്യാഹാരിയായിരുന്നെങ്കിലും ആ സമയത്ത് ആരെങ്കിലും നൽകിയാൽ മത്സ്യമാംസാദികൾ കഴിയ്‌ക്കുമായിരുന്നെന്ന് സ്വാമി തന്നെ പറഞ്ഞിട്ടുണ്ട്.

അവിടെനിന്നാണ് അദ്ദേഹം അരുവിപ്പുറത്തെത്തുന്നത്. പതിവുപോലെ അദ്ദേഹത്തെക്കാണാ‍ൻ ജനങ്ങൾ അരുവിപ്പുറത്തേക്കെത്തി. അവിടെ പതിയെ ഒരു തീർത്ഥാടനകേന്ദ്രമായിത്തന്നെ ഭവിച്ചു. നാനാജാതിമതസ്ഥരായവർ അവിടെ വന്നുപോന്നു. ചിലർ സ്വാമിയുടെ ശിഷ്യരായിത്തീർന്നു. സ്വാമി അവിടെ ഇല്ലാത്തപ്പോൾപ്പോലും അവിടെ വന്ന് ജനങ്ങൾ കുളിച്ചു തൊഴാൻ തുടങ്ങി. അങ്ങനെയിരിയ്‌ക്കുമ്പോഴാണ് അവിടെയൊരു ക്ഷേത്രം നിർമ്മിയ്‌ക്കുന്ന കാര്യം അദ്ദേഹം പറഞ്ഞത്. ശിവരാത്രി ദിനത്തിൽ നദിയുടെ കിഴക്കേ തീരത്തുള്ള ഒരു പാറയെ പീഠമായി സങ്കൽപ്പിച്ച് അവിടെ ശിവലിംഗപ്രതിഷ്ഠ നടത്താൻ അദ്ദേഹം തീരുമാനിച്ചതായി എല്ലാവരേയുമറിയിച്ചു. ഭക്തജനങ്ങൾ ആ അപൂർവ മുഹൂർത്തത്തിനു സാക്ഷിയാവാൻ അവിടേയ്‌ക്ക് ഒഴുകിയെത്തി. അവിടമെല്ലാം കുരുത്തോലയും മാവിലയും കൊണ്ട് അലങ്കരിച്ചു. ദീപങ്ങൾ കൊളുത്തി.

സന്ധ്യയായതുമുതൽ സ്വാമി ധ്യാനത്തിൽ മുഴുകി ആസനസ്ഥനായിരിയ്‌ക്കുകയാണ്. ശിഷ്യരെല്ലാം അകന്നു നിന്നു. പാതിരാത്രിയാകുന്നത് വരെ സ്വാമി ധ്യാനനിരതനായിരുന്നു. നേരം പാതിരാത്രിയായപ്പോൾ അദ്ദേഹം എഴുനേറ്റു. വെളുത്ത ഒരു മുണ്ട് മാത്രം വേഷം. ജ്വലിയ്‌ക്കുന്ന മുഖം. അദ്ദേഹം നടന്ന് ചെന്ന് നദിയിലിറങ്ങി മുങ്ങി. ജനങ്ങൾ ആകാംഷയോടെ നോക്കി നിന്നു. നദിയിൽനിന്നുയർന്ന അദ്ദേഹത്തിന്റെ കയ്യിൽ ഒരു ശിവലിംഗമുണ്ടായിരുന്നു. ജനങ്ങൾ ഭക്തിപരവശരായി പഞ്ചാക്ഷരീമന്ത്രം ഉച്ചത്തിൽ ജപിച്ചു. സ്വാമികൾ ആ ശിവലിംഗവുമായി കരയ്‌ക്ക് കയറി പീഠത്തിനരികിൽ നിന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. ആ വിഗ്രഹം ചേർത്ത് പിടിച്ച് കണ്ണുകളിൽനിന്ന് അശ്രുധാരയൊഴുക്കി ധ്യാനനിരതനായി അദ്ദേഹം ഏകദേശം മൂന്നു മണിയ്‌ക്കൂറോളം അവിടെ നിന്നു.

പുലർച്ചെ മൂന്ന് മണിയോടെ ചുറ്റും മുഴങ്ങുന്ന പഞ്ചാക്ഷരീ മന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഭാരതചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായമെഴുതിച്ചേർത്തുകൊണ്ട് അദ്ദേഹം ആ ശിവലിംഗം അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചു.

ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ!

(മംഗളരൂപിയായ ഭഗവൻ, തന്റെ സ്വരൂപമായ മംഗളം മറ്റുള്ളവർക്കും പങ്കിടുന്ന ഭഗവൻ, സംഹാരമൂർത്തിയായ ഭഗവൻ ആർക്കും അഭയം നൽകുന്ന ഭഗവൻ, നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഭഗവൻ, ജനനമരണ സംസാരക്ളേശം മുഴുവൻ തീർത്തുതരാൻ കഴിവുള്ള ഭഗവൻ, സത്യം കണ്ട ക്രാന്തദർശികൾ സദാ കുമ്പിടുന്ന സംസാരനാടകം നടിച്ചുകൊണ്ടിരിയ്‌ക്കുന്ന ശുദ്ധബോധ സ്വരൂപനായ ഭഗവൻ, എന്റെ ഇഷ്ടദേവതയായ ശിവഭഗവാൻ എന്നെ രക്ഷിച്ചാലും.)
(ശിവപ്രസാദപഞ്ചകം, നാരായണഗുരു)

കൊല്ലവർഷം ആയിരത്തിയറുപത്തിമൂന്ന് (1888) ശിവരാത്രി ദിവസം, തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ശ്രീനാരായണഗുരുദേവൻ അരുവിപ്പുറത്ത് കുറിച്ച ആ മഹത്തായ മാറ്റത്തിന്റെ അലകൾ ഈ നൂറ്റിയിരുപത്തിയെട്ട് വർഷം കഴിഞ്ഞും ഈ നാടിന്റെ ഓരോ മൺതരിയേയും പുളകം കൊള്ളിയ്‌ക്കുന്നു. അരുവിപ്പുറത്തിനു ശേഷമുണ്ടായത് ചരിത്രമാണ്. എല്ലാവർക്കുമറിയാവുന്ന ചരിത്രം.

കൂരിരുട്ടിന്റെ വേറുതിരിവുകൾക്കിടയിൽപ്പെട്ടുപോയ ഒരു സമൂഹത്തിന് ഒരുമയുടെ വെളിച്ചം തെളിച്ച് നേരാം വഴി കാട്ടിയ പരമാനന്ദമൂർത്തിയായ നാരായണഗുരുദേവൻ അവതരിച്ചിട്ട് ഈ ചതയദിനത്തിൽ നൂറ്റിയറുപത് വർഷം തികയുകയാണ്. ഒരു വെള്ളമുണ്ടും തോളിലൂടെയൊരു തോർത്തുമിട്ട് രാജാക്കന്മാരേയും പ്രഭുക്കന്മാരേയും ആയിരത്താണ്ടുകൾ നീണ്ടുനിന്ന ആഴത്തിൽ വേരുറപ്പിച്ച അനാചാരങ്ങളേയും പോലും വഴിമാറ്റിച്ചിന്തിപ്പിച്ച ആ സാക്ഷാൽ പരദൈവത്തിന്റെ മുന്നിൽ നമുക്ക് സാഷ്ടാംഗം പ്രണമിയ്‌ക്കാം.

‘നരരൂപം ധരിച്ചോരു പരമാത്മസ്വരൂപനാം
നാരായനഗുരുത്തംസം സാഷ്ടാംഗം പ്രണമിച്ചീടാം’

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies