തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്. കലാമണ്ഡലം ഒരുക്കിയ കേരളീയ തനത് കലകളുടെ ദൃശ്യാവിഷ്കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷത യിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ചിരാതുകൾ അടുക്കിയ വിളക്കിന് തിരിതെളിയിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽ കുമാർ, എംപിമാരായ പി കെ ബിജു, സി കെ ജയദേവൻ, സി പി നാരായണൻ, കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് പെരുവനം ശങ്കരമാരാരുടെ അഷ്ടപതിയും അരങ്ങേറി. ഉദ്ഘാടകൻ കൂടിയായ സ്പീക്കറെ വേദിയുടെ പേര് കൂടിയായ നീർമാതളത്തിന്റെ തൈ നൽകിയാണ് സ്വീകരിച്ചത്.
58-ാംമത് കലോത്സവത്തിന്റെ ഓർമ്മ മരമായി അത് നിയമസഭാ മന്ദിരത്തിൽ നടും. ഇത്തരത്തിൽ സാംസ്കാരികനഗരിയുടെ സംസ്കാരം വിളിച്ചോതുന്ന, കേരളത്തിന്റെ തനത് സംസ്കാരും പാരമ്പര്യവും വീണ്ടെടുത്ത് നടത്തുന്ന ഈ മേള കലോത്സവ ചരിത്രത്തിൽ തന്നെ വഴിത്തിരിവാകും.