കോഴിക്കോട്: സ്കൂൾ ബസ് തട്ടി ഒടിഞ്ഞ വൈദ്യുത പോസ്റ്റ് വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ആതിഷ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലായിലാണ് സംഭവം.
ഇന്ന് രാവിലെയായിരുന്നു സംഭവം. സ്കൂൾ ബസ് പിന്നോട്ടെടുക്കുന്നതിനിടെ ഉപയോഗ ശൂന്യമായി നിന്നിരുന്ന വൈദ്യുത പോസ്റ്റിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിയുകയും കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആതിഷിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം സ്കൂൾ അധികൃതർ വൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രക്ഷകർത്താക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധികൃതർ വാഹനം വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.