കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത പ്രഹരം നല്കി സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഈ സീസണിലെ മത്സരങ്ങളില്‍ നിന്ന് പിന്മാറുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഹ്യൂം കളിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുക്കുന്നത്. ഇന്ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയുമായി നിര്‍ണായക മത്സരം നടക്കാനിരിക്കെയാണ് ആരാധകരെ നിരാശയിലാഴ്ത്തി ഇത്തരത്തിലൊരു അറിയിപ്പ് വന്നത്. എഫ് സി പൂണെ സിറ്റിക്കെതിരായ മത്സരത്തിലാണ് ഹ്യൂമിന് കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്.
ഹ്യൂമും, ബ്ലാസ്റ്റേഴ്സും ട്വിറ്റര്‍ വഴി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കഠിനമായ തീരുമാനമായിരുന്നെന്നും കൂടുതല്‍ വീര്യത്തോടെയും ശക്തിയോടെയും തിരിച്ചു വരും എന്ന ഉറപ്പോടെയാണ് ഹ്യൂം പോസ്റ്റിട്ടത്. മികച്ച ഫിറ്റ്നെസുമായി തിരികെയെത്തുമെന്നും ഹ്യൂം പറയുന്നു. സീസണില്‍ അഞ്ച് ഗോളുകള്‍ നേടിയ ഹ്യൂം മികച്ച ഫോമിലായിരുന്നു.
സസ്പെന്‍ഷനിലായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും ഹ്യൂമും ഇല്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്. നിലവില്‍ അഞ്ചു ജയവുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.