Kerala

റെയില്‍ ബജറ്റില്‍: നേമം ടെര്‍മിനലിന് 77.30 കോടി

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ ബജറ്റില്‍ നേമം കോച്ചിങ് ടെര്‍മിനലിന്റെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് 77.30 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി ഒ. രാജഗോപാല്‍ എംഎല്‍എ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും തിരക്കേറിയ റെല്‍വെ പാതയായ ഷോര്‍ണൂര്‍-എറണാകുളം റൂട്ടില്‍ മൂന്നു ലൈനുകളാക്കാന്‍ 196 കോടിയും കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ 20 ഫൂട്ട് ഓവറുകള്‍ നിര്‍മ്മിക്കുന്നതിനായി 30 കോടിയും അനുവദിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഈ വര്‍ഷം ചിലവഴിക്കുന്നതിനായി 960 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പാത ഇരട്ടിപ്പിക്കലിനും ഡിവിഷനുകളുടെ മറ്റാവശ്യത്തിനുമായാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തലശേരി- മൈസൂര്‍ റെയില്‍വേ പാതയ്‌ക്കെതിരെ പരിസ്ഥിതി പ്രശ്‌നം ചൂണ്ടികാണിച്ച് കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. കണ്ണൂര്‍ ലോബിയെ സന്തോഷിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പദ്ധതിക്ക് പകരം നഞ്ചങ്കോട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനു വേണ്ടിയുള്ള ആവശ്യമാണ് ഉന്നയിക്കേണ്ടിയിരുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം മൈസൂര്‍ യാത്രയ്ക്ക് ആറു മണിക്കൂര്‍ വരെ ലാഭിക്കാമെന്നും രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

വടക്കു നിന്നും തിരുവനന്തപുരത്തേക്കും വരുന്ന ട്രെയിനുകള്‍ക്ക് നിര്‍ത്തുവാനാവശ്യമായ ലൈനുകള്‍ ഇല്ലാത്തതും ആവശ്യമായ പ്ലാറ്റ് ഫോമുകളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ നേമം കോച്ചിങ്ങ് ടെര്‍മിനല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ഇത് ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും 600 കോടി അംഗീകരിക്കുകയും ചെയ്തു. ഇതില്‍ ആദ്യഘട്ടം എന്ന നിലയ്ക്കാണ് 77.30 കോടി അനുവദിച്ചത്. ഏറെ കാലമായ സ്വപ്നത്തിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Close
Close