ജൊഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നാണ് പരമ്പരയിലെ നാലാം ഏകദിനം ആരംഭിക്കുക. ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിലെ അപരാജിത കുതിപ്പ് തുടരാൻ ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക.
ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞ യൂസ്വേന്ദ്ര ചാഹൽ- കുൽദീപ് യാദവ് സ്പിൻ ദ്വയം തന്നെയാകും ജോഹന്നാസ് ബെർഗിലും ഇന്ത്യയുടെ കുന്തമുന. നായകൻ വിരാട് കോഹ്ലിയുടെ മിന്നും ഫോമും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.
അതേസമയം പരമ്പര കൈവിടാതിരിക്കാൻ ആതിഥേയർക്ക് ഇന്ന് ജയം അനിവാര്യമാണ്. പരുക്ക് ഭേദമായി മുൻ ക്യാപ്റ്റൻ എബിഡിവില്ലേഴ്സ് മടങ്ങിയെത്തും എന്നതാണ് ദക്ഷിണാഫ്രക്കയുടെ ആശ്വാസം.