കോഴിക്കോട്: കോടിയേരിയുടെ പാർട്ടിക്ക് രാജ്യസ്നേഹം തുളുമ്പുന്നത് കാണുമ്പോൾ ചിരിവരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെയുള്ള പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം.
കശ്മീർ മലമടക്കുകളിൽ ജീവൻ പണയംവെച്ച് പൊരുതുന്ന ഇന്ത്യൻ പട്ടാളക്കാരെ ബലാൽസംഗ വീരന്മാരെന്ന് ആക്ഷേപിച്ച സീതാറാം യെച്ചൂരിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും പാർട്ടിക്ക് പൊടുന്നനെ രാജ്യസ്നേഹം തുളുമ്പുന്നത് കാണുമ്പോൾ ചിരിക്കുകയല്ലാതെ എന്തു ചെയ്യും.
ചൈനയെ ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന് തുടർച്ചയായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയന്റെ രാജ്യസ്നേഹം അഭിസാരികയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണ്.
ആർഎസ്എസ്സിന് കമ്മ്യൂണിസ്റ്റുകാരുടെ സർട്ടിഫിക്കറ്റിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല. മോഹൻജിയുടെ വാക്കുകൾ വളച്ചൊടിച്ച് മുതലെടുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം. അതിന് വെച്ച വെള്ളം വാങ്ങിവെക്കുന്നതായിരിക്കും ഉചിതമെന്നും സുരേന്ദ്രൻ പറഞ്ഞു.